ആറുവയസ്സുകാരനെ ചവിട്ടിയ യുവാവ് അറസ്റ്റില്‍; ജാമ്യമില്ലാ വകുപ്പ് ചുമത്തി; പൊലീസിനെതിരായ ആരോപണം അന്വേഷിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2022 11:53 AM  |  

Last Updated: 04th November 2022 11:53 AM  |   A+A-   |  

shehsad

ശിഹ്ഷാദ്, ആക്രമണത്തിന്റെ സിസിടിവി ദൃശ്യത്തില്‍ നിന്ന്

 

കണ്ണൂര്‍: തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറുവയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദാണ് അറസ്റ്റിലായത്. വാഹനവും കസ്റ്റഡിയിലെടുത്തു. ശിഹ്ഷാദിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു. രണ്ടാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥിയാണ് ശിഹ്ഷാദ്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസിന്റെ നടപടി.

സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായോയെന്ന് തലശ്ശേരി എസിപി അന്വേഷിക്കും. സംഭവം പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പറഞ്ഞു. പ്രതിക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. പൊലീസിനെതിരായ ആരോപണം പരിശോധിക്കുമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്ത് കുമാറും വ്യക്തമാക്കി.

കേരളത്തിലെത്തി ഉത്സവങ്ങളിലും മറ്റുമായി ബലൂണ്‍ വിറ്റ് കഴിയുന്ന രാജസ്ഥാനി കുടുംബത്തിലെ ഗണേശ് എന്ന കുട്ടിക്കാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. കാറില്‍ ചാരി നിന്ന കുട്ടിയെ ശിഹ്ഷാദ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു. തെറ്റായ ദിശയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കാര്‍. 

നടുവിന് പരിക്കേറ്റ കുട്ടി തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാർ മുഹമ്മദ് ശിഹ്ഷാദിനെ തടഞ്ഞു, പൊലീസിന് കൈമാറി. എന്നാല്‍, പൊലീസ് കേസെടുക്കാതെ മുഹമ്മദ് ശിഹ്ഷാദിനെ വിട്ടയക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.

'പിണറായി ഭരണത്തില്‍ കേരളം പിശാചിന്റെ സ്വന്തം നാടായി മാറി'

ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിക്കൊപ്പം നില്‍ക്കാതെ ശിഹ്ഷാദിനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. അക്രമിക്കെതിരെ കേസെടുക്കാതിരിക്കുകയും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതിരിക്കുകയും ചെയ്ത പൊലീസ് ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയത്. 

ബാലാവകാശ കമ്മീഷന്‍ സിപിഎം നേതാക്കളുടെ കുട്ടികള്‍ക്ക് വേണ്ടി മാത്രം ഇടപെട്ടാല്‍ പോര, തലശ്ശേരി വിഷയത്തില്‍ നടപടിയെടുക്കണം. പിണറായി ഭരണത്തില്‍ കേരളം പിശാചിന്റെ സ്വന്തം നാടായി മാറി. സംസ്ഥാനത്ത് ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ മനുഷ്യത്വമുള്ളവരെ ഞെട്ടിക്കുന്നതാണ്. ആഭ്യന്തരവകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കുട്ടിക്ക്  ചികിത്സ ഉറപ്പാക്കും : മന്ത്രി വീണാ ജോര്‍ജ്

കാറില്‍ ചാരിനിന്നതിന് ആറ് വയസ്സുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ്  നല്‍കും. രാജസ്ഥാന്‍ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. 

കുട്ടിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്.  ഉപജീവനത്തിന് മാര്‍ഗ്ഗം തേടിയെത്തിയതാണ് ആ കുടുംബം. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കും. മന്ത്രി വ്യക്തമാക്കി. കുട്ടിയെ ചവിട്ടിയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്‌കൂളിലേക്ക് പോകുന്നതിനിടെ ലോറി ഇടിച്ചു; ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ