'അയല്‍വീട്ടിലേക്ക് നോക്കാന്‍ പറഞ്ഞിട്ടില്ല'; ആരംഭിച്ചത് 'സേ ഹലോ റ്റു യുവര്‍ നെയ്ബര്‍', വിശദീകരണവുമായി പൊലീസ്

അയല്‍വീടുകള്‍ നിരീക്ഷിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്‌തെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് വിശദീകരണവുമായി പൊലീസ് രംഗത്തുവന്നിരിക്കുന്നത്
ഡിജിപി അനില്‍ കാന്ത് / ഫയല്‍ ചിത്രം
ഡിജിപി അനില്‍ കാന്ത് / ഫയല്‍ ചിത്രം

തിരുവനന്തപുരം: 'വാച്ച് യുവര്‍ നെയ്ബര്‍' എന്ന പേരില്‍ നിലവില്‍ പദ്ധതികള്‍ ഒന്നുമില്ലെന്ന് പൊലീസ്. കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്നത് 'സേ ഹലോ റ്റു യുവര്‍ നെയ്ബര്‍' എന്ന പദ്ധതിയാണെന്നും പൊലീസ് പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു. അയല്‍വീടുകള്‍ നിരീക്ഷിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്‌തെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് വിശദീകരണവുമായി പൊലീസ് രംഗത്തുവന്നിരിക്കുന്നത്. 

അയല്‍വാസികളുമായി മികച്ച ബന്ധം സ്ഥാപിച്ച് പരസ്പരം സൗഹൃദം ഉറപ്പാക്കുന്നതുവഴി പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിന് കൊച്ചി സിറ്റി പൊലീസ് ആരംഭിച്ച സോഷ്യല്‍ മീഡിയ ക്യാമ്പയിനാണ് 'സേ ഹലോ റ്റു യുവര്‍ നെയ്ബര്‍' എന്നും പത്രക്കുറിപ്പില്‍ പറയുന്നു. 

നഗരങ്ങളിലെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളില്‍ തൊട്ടയല്‍പക്കത്തെ താമസക്കാര്‍ ആരെന്നറിയാതെ ഒറ്റപ്പെട്ടു ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് പൊലീസ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. സുഹൃദ് ്ബന്ധങ്ങളും കൂട്ടായ്മകളും വര്‍ദ്ധിപ്പിച്ച് അയല്‍പക്കങ്ങള്‍ തമ്മില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ പൊലീസ് ഉദ്ദേശിക്കുന്നത്. 

ഫ്‌ളാറ്റുകളിലും മറ്റും ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അയല്‍ക്കാര്‍ തമ്മിലുളള നല്ല സൗഹൃദത്തിലൂടെ കഴിയും. അയല്‍പക്കത്തെ കുടുംബങ്ങള്‍ തമ്മിലുളള പരസ്പര അടുപ്പം കുട്ടികളുടെ ഒത്തുചേരലിന് വഴിവയ്ക്കും. അയല്‍വാസികളെ അടുത്തറിഞ്ഞ് പരസ്പരം കൈത്താങ്ങാകുന്നതിലൂടെ സുരക്ഷിതത്വം വര്‍ദ്ധിക്കും. 

അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളിലെ കുട്ടികളുടെ പാര്‍ക്കുകളിലെ സന്ദര്‍ശനം, ജോലി സ്ഥലത്തേയ്ക്ക് ഒരുമിച്ചുളള യാത്ര എന്നിവയിലൂടെയും ഗൃഹസന്ദര്‍ശനങ്ങളിലൂടെയും സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് പൊലീസിന്റെ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചി നഗരത്തില്‍ ഈ പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com