വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷം; പ്രതിഷേധക്കാരും തുറമുഖ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി, കല്ലേറ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2022 12:42 PM  |  

Last Updated: 26th November 2022 12:42 PM  |   A+A-   |  

vizhinjam_protest_1

സംഘര്‍ഷ സ്ഥലത്തെ ദൃശ്യത്തില്‍ നിന്ന്‌

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് വന്‍ സംഘര്‍ഷം. പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസിന് നേരെയും ആക്രമണമുണ്ടായി. പദ്ധതി പ്രദേശത്തേക്ക് പാറയുമായി എത്തിയ ലോറികള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. റോഡിന് നടുവില്‍ കിടന്നും പ്രതിഷേധമുണ്ടായി. തുടര്‍ന്ന് ലോറികള്‍ സ്ഥലത്ത് നിന്ന മാറ്റി. 

തുറമുഖ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചതിന് പിന്നാലെ പ്രതിഷേധക്കാര്‍ സംഘടിച്ചെത്തുകയായിരുന്നു. ഇവരെ തടയാന്‍ വേണ്ടി പദ്ധതിയെ അനുകൂലിക്കുന്നവരും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. 

പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഹൈക്കോടതി വിധിക്ക് എതിരെ അപ്പീല്‍ പോകുമെന്നും സമരസമിതി അറിയിച്ചിരുന്നു. ലത്തീന്‍സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് തുറമുഖ നിര്‍മ്മാണം മൂന്നുമാസമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. തുറമുഖ നിര്‍മ്മാണത്തിന് സുരക്ഷ ഒരുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് വീണ്ടും നിര്‍മ്മാണം ആരംഭിക്കാന്‍ കമ്പനി തീരുമാനിച്ചത്. 

പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ പൊലീസിന് നേര്‍ക്കും കല്ലേറ് നടത്തി. ലോറികള്‍ക്ക് ചുറ്റും നിന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചതോടെ, പൊലീസ് സംരക്ഷണ വലയം തീര്‍ത്തു. എന്നാല്‍ വലയം തകര്‍ത്ത് പ്രതിഷേധക്കാര്‍ കല്ലെറിയുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 'നിയമസഭയിലേക്ക് തള്ളാനില്ല'; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കും, സുധാകരനും ചെന്നിത്തലയും സ്ഥാനാര്‍ത്ഥികളാകില്ലെന്ന് കെ മുരളീധരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ