'ഒരുപഴുതും ബാക്കിവയ്ക്കില്ല'; ഗവര്‍ണറെ നിയമപരമായി കൈകാര്യം ചെയ്യും: എം വി ഗോവിന്ദന്‍

ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍ അപ്രീതി രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി 
എം വി ഗോവിന്ദന്‍
എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍ അപ്രീതി രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മന്ത്രിയില്‍ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയെന്നും ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതിയല്ല ഭരണഘടന പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

'മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടാണ് ഗവര്‍ണര്‍ക്ക് ബാധകം. കേരളത്തില്‍ ആര്‍എസ്എസ് അനുകൂലമായി കാര്യങ്ങള്‍ മാറ്റാനാണ് ഗവര്‍ണറുടെ ശ്രമം. ചില മാധ്യമങ്ങളെ മാത്രമേ കാണൂ എന്നത് ഗവര്‍ണറുടെ ഫാസിസ്റ്റ് നിലപാടാണ്. ഗവര്‍ണറുമായി പ്രതിപക്ഷത്തിന് പ്രത്യേക ബന്ധമുണ്ട്. പ്രതിപക്ഷത്തിന്റെ നിലപാട് ഗൗരവതരമാണ്. പ്രതിപക്ഷ നേതാവ് വിഷയത്തെ നിസാരവല്‍ക്കരിക്കുന്നത് അടവാണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരണത്തെ മുസ്ലിം ലീഗ് എതിര്‍ത്തിട്ടുണ്ട്' അദ്ദേഹം പറഞ്ഞു. 

ഗവര്‍ണറുടെ നടപടികള്‍ നിയമപരമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ബില്ലില്‍ ഒപ്പിടാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് ആകില്ല. നിയമപരമായ എല്ലാവഴിയും ഉപയോഗിക്കും. ഗവര്‍ണര്‍ ചാന്‍സലര്‍ ആകണമെന്നില്ല. ഗവര്‍ണര്‍ ചാന്‍സലര്‍ ആകണമെന്ന് ഒരു നിയമവും പറയുന്നില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തുള്‍പ്പെടെ ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവിയില്ല. കേരളത്തിലും അത് നടപ്പാക്കാന്‍ നിയമപരമായി സര്‍ക്കാര്‍ ആലോചിക്കുന്നു'- എംവി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ ശുപാര്‍ശ ചെയ്യുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'ഒരുപഴുതും ബാക്കിവയ്ക്കില്ലെന്ന്' എംവി ഗോവിന്ദന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com