തകരാർ പരിഹരിക്കാൻ നാലോ അഞ്ചോ ദിവസം വേണ്ടി വരും;  തമിഴ്നാട് ശ്രമം തുടങ്ങിയതായി പാലക്കാട് കലക്ടർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2022 12:49 PM  |  

Last Updated: 21st September 2022 12:49 PM  |   A+A-   |  

Parambikulam-Dam

ഫയല്‍ ചിത്രം

 

പാലക്കാട്: പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടർ തകരാര്‍ പരിഹരിക്കാൻ തമിഴ്നാട് ശ്രമം തുടങ്ങിയതായി പാലക്കാട് ജില്ലാ കലക്ടർ മൃൺമയി ജോഷി.  തമിഴ്നാട് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തകരാർ പരിഹരിക്കാൻ നാലോ അഞ്ചോ ദിവസമെങ്കിലും വേണ്ടി വരും. ഡാമിന്റെ മറ്റു രണ്ടു ഷട്ടറുകൾ ഉയർത്തണമോയെന്ന് തീരുമാനിച്ചിട്ടില്ല. പ്രദേശത്തെ ആദിവാസി കോളനിയിൽ നിന്നുള്ളവരെ ഒഴിപ്പിച്ചതായും കലക്ടർ അറിയിച്ചു. 

സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് പറമ്പിക്കുളം ഡാമിന്റെ മൂന്നുഷട്ടറുകളിലൊന്ന് തനിയെ തുറക്കുകയായിരുന്നു.ബുധനാഴ്ച പുലര്‍ച്ചെയാണ്   ഷട്ടര്‍ തനിയെ ഉയർന്നത്. സെക്കന്‍ഡില്‍ 20,000 ക്യുസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. 

ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റര്‍ വീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ടായിരുന്നു. അതിനിടെയാണ് നടുവിലത്തെ ഷട്ടര്‍ തുറന്നുപോയത്. 25 അടി നീളമുള്ള ഷട്ടറാണ് പൂര്‍ണമായും ഉയര്‍ന്നുപോയത്. സാധാരണ 10 സെന്റീമീറ്റര്‍ മാത്രം തുറക്കാറുള്ള ഷട്ടറാണ് ഇത്രയും ഉയരത്തില്‍ പൊന്തിയത്. 

ഇതേത്തുടര്‍ന്ന് ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുകുകയാണ്. ചാലക്കുടി പുഴയിലെ ജലനിരപ്പ് 4.5 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പുഴയില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്നു; വന്‍തോതില്‍ വെള്ളം പുറത്തേക്ക്; ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ