ആലപ്പുഴ-കണ്ണൂർ ട്രെയിനിൽ തീയിട്ട സംഭവം: രണ്ടരവയസ്സുകാരിയുടേതടക്കം മൂന്ന് മൃതദേഹങ്ങൾ ട്രാക്കിൽ, ആക്രമണം ആസൂത്രിതമെന്ന് പൊലീസ് 

ഇന്നലെ രാത്രി ട്രെയിൻ എലത്തൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് ആക്രമണം. 'ഡി-1' ബോഗിയിലാണ് സംഭവം
‌ടെലിവിഷൻ സ്‌ക്രീന്‍ഷോട്ട്
‌ടെലിവിഷൻ സ്‌ക്രീന്‍ഷോട്ട്

കോഴിക്കോട്: ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിൽ യാത്രക്കാരൻ തീ കൊളുത്തിയ സംഭവത്തിൽ രക്ഷപെടാൻ ട്രെയിനിൽ നിന്ന് ചാടിയെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹം ട്രാക്കിൽ കണ്ടെത്തി. യുവതിയേയും കുഞ്ഞിനേയും ഒരു മധ്യവയസ്‌കനേയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ്റിയ മൻസിലിൽ റഹ്‌മത്ത് (45), റഹ്‌മത്തിന്റെ സഹോദരി കോഴിക്കോട് ചാലിയം സ്വദേശി ജസീലയുടെയും ഷുഹൈബിന്റെയും മകൾ രണ്ടരവയസ്സുകാരി ഷഹ്റാമത്ത് എന്നിവരാണ് മരിച്ചത്. 

ഇന്നലെ രാത്രി ഒമ്പതുമണിയോടെ തീവണ്ടി കോഴിക്കോട് എലത്തൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് ആക്രമണം ഉണ്ടായത്.  'ഡി-1' ബോഗിയിലാണ് സംഭവം. ആക്രമി ചങ്ങല വലിച്ചതിനെ തുടർന്ന് ട്രെയിൻ കോരപ്പുഴ പാലത്തിന് മുകളിലായാണ് നിർത്തിയത്. പാലത്തിനും എലത്തൂർ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ്  മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രാക്കിൽ തലയിടിച്ച് വീണ നിലയിലായിരുന്നു മൂന്നുപേരും. 

ആക്രമണത്തിൽ പൊള്ളലേറ്റ ഒമ്പത് പേരിൽ രണ്ടുപേരുടെനില ഗുരുതരമാണ്. കണ്ണൂർ സ്വദേശികളായ അനിൽ കുമാർ (50), മകൻ അദ്വൈദ് (21) എന്നിവരാണ് ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലുള്ളത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനിൽ കുമാറിന്റെ ഭാര്യ സജിഷ (47), കണ്ണൂർ സ്വദേശി റൂബി (52), തൃശ്ശൂർ മണ്ണൂത്തി സ്വദേശി പ്രിൻസ് (35), ഭാര്യ അശ്വതി (26), തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ് (34), കണ്ണൂർ സ്വദേശി പ്രകാശൻ (34) എന്നിവരാണ് ചികിത്സയിലുള്ളവർ. കൊയിലാണ്ടി സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള കണ്ണൂർ സ്വദേശി റാസിഖിനൊപ്പം ഉണ്ടായിരുന്നവരെ കാണാതായെന്ന് പറഞ്ഞതിനെത്തിടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

അടുത്ത ബോഗിയിൽ നിന്നെത്തിയ അജ്ഞാതൻ  രണ്ട് പ്‌ളാസ്റ്റിക്ക് കുപ്പികളിൽ പെട്രോൾ കൊണ്ടുവന്ന് യാത്രക്കാരുടെ നേരെ ഒഴിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ചുവന്ന ഷർട്ട് ധരിച്ച തൊപ്പി വച്ച മധ്യ വയസ്കനായ ആളാണ് അക്രമി. ജനറൽ കംപാർട്ട്മെൻറിൽ കയറിയ ശേഷം ഇയാൾ ബോ​ഗിക്കുള്ളിലൂടെ റിസർവ്ഡ് കംപാർട്ട്മെൻറിലേക്ക് എത്തിയെന്നാണ് നി​ഗമനം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‌സംഭവത്തിനുശേഷം ഒരാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി ആള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇയാൾ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയത്. തീകൊളുത്തിയ സംഭവം ആസൂത്രിതമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com