എലത്തൂര്‍ ട്രെയിന്‍ ആക്രമണം; ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ വിട്ടുനല്‍കി

ആലപ്പുഴ-എറണാകുളം എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ തീയിട്ട സംഭവത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നുപേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
നൗഫിക്ക്, ഷഹ്‌റാമത്ത്, റഹ്മത്ത്
നൗഫിക്ക്, ഷഹ്‌റാമത്ത്, റഹ്മത്ത്


കോഴിക്കോട്: ആലപ്പുഴ-എറണാകുളം എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ തീയിട്ട സംഭവത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നുപേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ് -ജസീല ദമ്പതിമാരുടെ മകള്‍ രണ്ടരവയസ്സുകാരി ഷഹ്‌റാമത്ത്, കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്‌റിയ മന്‍സിലില്‍ റഹ്മത്ത്, മട്ടന്നൂര്‍ സ്വദേശി നൗഫിക്ക് എന്നിവരുടെ മൃതദേഹം വിട്ടുനല്‍കിയത്. 

ട്രാക്കില്‍ തലയിടിച്ച് വീണ നിലയിലായിരുന്നു മൂന്നുപേരും. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ തീവണ്ടി എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് അജ്ഞാതന്റെ ആക്രമണം ഉണ്ടായത്. 'ഡി-1' ബോഗിയിലാണ് സംഭവം. ചങ്ങല വലിച്ചതിനെ തുടര്‍ന്ന് തീവണ്ടി കോരപ്പുഴ പാലത്തിന് മുകളിലായാണ് നിര്‍ത്തിയത്. പാലത്തിനും എലത്തൂര്‍ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൂന്ന് മൃതദേഹങ്ങളും ഉണ്ടായിരുന്നത്.ബോഗിക്ക് ഉള്ളില്‍ വച്ച് പൊള്ളലേറ്റ ഒമ്പത് പേരില്‍ രണ്ടുപേരുടെനില ഗുരുതരമാണ്. 

അതേസമയം, എലത്തൂരില്‍ റെയില്‍വേ ട്രാക്കിനു സമീപം ദേശീയപാതയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രക്തക്കറ ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. ഇന്നലെ ട്രെയിന്‍ യാത്രയ്ക്കിടെ അക്രമി തീയിട്ട ബോഗിയിലും തൊട്ടടുത്ത ബോഗിയിലും (ഡി1, ഡി2) ഫൊറന്‍സിക് സംഘം പരിശോധന നടത്തി. കോഴിക്കോട് റെയില്‍വേ സിഐയുടെ നേതൃത്വത്തിലായിരുന്നു ട്രെയിനിലെ പരിശോധന. വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ പരിശോധന ഏഴരയ്ക്ക് അവസാനിച്ചു. 

പെട്രോള്‍ തന്നെയാണോ അക്രമി സഹയാത്രികര്‍ക്കു നേരെ ഒഴിച്ചതെന്നതു രാസപരിശോധനയ്ക്കുശേഷമേ പറയാന്‍ സാധിക്കൂ എന്നും ഫൊറന്‍സിക് സംഘം പറഞ്ഞു. ആലപ്പുഴ  കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയത് ഉത്തരേന്ത്യക്കാരനായ ഷാറൂഖ് സെയ്ഫിയെന്ന നിഗമനത്തിലാണു പൊലീസ്. ട്രാക്കില്‍ ഉപേക്ഷിച്ച ബാഗില്‍നിന്നു ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണു പൊലീസ് ഈ നിഗമനത്തിലെത്തിയത്. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന ഇയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com