കേരള പൊലീസ് ഷഹീന്‍ബാഗില്‍; ഷാറൂഖുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരിശോധന; പ്രതിയുമായി സംഘം സംസ്ഥാനത്തേക്ക്

ഷാറൂഖ് സെയ്ഫിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ എടിഎം കാര്‍ഡ്, പാന്‍ കാര്‍ഡ്, മൊബൈല്‍ഫോണ്‍ തുടങ്ങിയവ കണ്ടെടുത്തിരുന്നു
ഷാറൂഖ് സെയ്ഫി
ഷാറൂഖ് സെയ്ഫി

ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ പിതാവ്, സഹോദരന്മാര്‍ തുടങ്ങിയവരെ ഡല്‍ഹി സ്‌പെഷല്‍ ബ്രാഞ്ചും കേരള പൊലീസിലെ പ്രത്യേക സംഘവും ചോദ്യം ചെയ്യുന്നു. ഷാറൂഖിന്റെ വസതിക്ക് മുന്നിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മകന്‍ ഷാറൂഖ് മാര്‍ച്ച് 31 നാണ് വീട്ടില്‍ നിന്നും പോയതെന്നാണ് പിതാവ് ഫക്രുദ്ദീന്‍ പൊലീസിനോട് പറഞ്ഞത്. 

ബൈക്കിലാണ് ഇയാള്‍ പുറത്തേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഷാറൂഖ് ബൈക്കില്‍ പോയപ്പോള്‍ ആരെങ്കിലും ഒപ്പമുണ്ടായിരുന്നോ, പിന്നീട് ആരെങ്കിലും ഇയാളുടെ വീട്ടിലേക്ക് വന്നിരുന്നോ തുടങ്ങിയ കാര്യങ്ങളും ഡല്‍ഹി പൊലീസ് പരിശോധിക്കുന്നുണ്ട്. മകനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുന്നത് ഈ മാസം രണ്ടിനാണെന്നും ഫക്രുദ്ദീന്‍ പറഞ്ഞു. 

ഷാറൂഖ് സെയ്ഫിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ എടിഎം കാര്‍ഡ്, പാന്‍ കാര്‍ഡ്, മൊബൈല്‍ഫോണ്‍ തുടങ്ങിയവ കണ്ടെടുത്തിരുന്നു. അതേസമയം പിടിയിലായ പ്രതിയെ മഹാരാഷ്ട്ര എടിഎസ്, എന്‍ഐഎ തുടങ്ങിയ ഏജന്‍സികള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് അടക്കം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി. അതിനുശേഷം കേരളത്തില്‍ നിന്നുള്ള പ്രത്യേക സംഘത്തിന് പ്രതിയെ കൈമാറുകയും ചെയ്തു. 

അക്രമത്തിനിടെ പ്രതിയുടെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റിരുന്നു. ട്രെയിനില്‍ നിന്നു ചാടിയപ്പോഴും പരിക്കേറ്റിരുന്നു. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ചികിത്സ തേടി ഇറങ്ങിയപ്പോഴാണ് ഷാറൂഖ് സെയ്ഫി മഹാരാഷ്ട്ര എടിഎസിന്റെ പിടിയിലാകുന്നത്. രത്‌നഗിരിയില്‍ ഇന്നലെയെത്തിയ പ്രതി, തലയ്‌ക്കേറ്റ പരിക്കിന് ചികിത്സ തേടിയാണ് സിവില്‍ ആശുപത്രിയിലെത്തുന്നത്. 

അവിടെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും ചികിത്സ പൂര്‍ത്തിയാകും മുമ്പ് അവിടെ നിന്നും മുങ്ങി. തിരികെ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ആര്‍പിഎഫിന്റെ കൂടി സഹായത്തോടെ ഷാറൂഖ് സെയ്ഫിയെ പിടികൂടുന്നത്. രാത്രി ഒന്നരയ്ക്കാണ് പ്രതി പിടിയിലാകുന്നതെന്ന് രത്‌നഗിരി എസ്പി ധനഞ്ജയ കുല്‍ക്കര്‍ണി അറിയിച്ചു. രാവിലെ നടത്തിയ ചോദ്യം ചെയ്യലിലാണ് രത്‌നഗിരിയില്‍ നിന്നും അജ്മീറിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com