ട്രെയിനിലെ തീവെയ്പ്: പ്രതി കുറ്റം സമ്മതിച്ചെന്ന് മഹാരാഷ്ട്ര എടിഎസ്; ഫോണ്‍, എടിഎം കാര്‍ഡ് തുടങ്ങിയവ പിടിച്ചെടുത്തു

പ്രതി ഷാറൂഖ് സെയ്ഫിയെയും കൊണ്ട് കേരള പൊലീസ് സംഘം സംസ്ഥാനത്തേക്ക് തിരിച്ചു
ഷാറൂഖ് സെയ്ഫി
ഷാറൂഖ് സെയ്ഫി

കോഴിക്കോട് : എലത്തൂരില്‍ ട്രെയിന് തീവെച്ചത് താനാണെന്ന് പിടിയിലായ ഷാറൂഖ് സെയ്ഫി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനോട് സമ്മതിച്ചു. ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. മഹാരാഷ്ട്ര എടിഎസ് ഡിഐജി മഹേഷ് പാട്ടീലാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്നും ട്രെയിനിലെ തീവെപ്പു കേസിലെ പ്രതി രത്‌നഗിരിയിലേക്ക് എത്തിയതായി വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് ലോക്കല്‍ പൊലീസ്, ക്രൈംബ്രാഞ്ച്, എടിഎസ് തുടങ്ങിയവ സംയുക്തമായി പരിശോധന നടത്തിയിരുന്നു. ഇതിനിടെ രത്‌നഗിരിയിലെ സിവില്‍ ആശുപത്രിയിലെത്തിയതായി വിവരം ലഭിച്ചു. 

തുടര്‍ന്ന് പൊലീസ് സംഘം അവിടെയെത്തിയപ്പോഴേക്കും പ്രതി ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞു. ഇതിനുശേഷം ഷാറൂഖ് സെയ്ഫി രത്‌നഗിരി റെയില്‍വേ സ്റ്റേഷനിലെത്തിയതായി വിവരം ലഭിച്ചു. അവിടെ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതെന്ന് മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവന്‍ പറഞ്ഞു. 

പിടിയിലായ പ്രതിയുടെ പക്കല്‍ നിന്നും മോട്ടോറോള കമ്പനിയുടെ മൊബൈല്‍ ഫോണും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, എടിഎം കാര്‍ഡ് തുടങ്ങിയവ കണ്ടെടുത്തതായും മഹാരാഷ്ട്ര എടിഎസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സ തേടിയശേഷം പ്രതി രത്‌നഗിരിയില്‍ നിന്നും അജ്മീറിലേക്ക് കടക്കാനാണ് പദ്ധതിയിട്ടതെന്നും ഡിഐജി മഹേഷ് പാട്ടീല്‍ സൂചിപ്പിച്ചു. 

മഹാരാഷ്ട്ര എടിഎസിന്റെ വാർത്താക്കുറിപ്പ്
മഹാരാഷ്ട്ര എടിഎസിന്റെ വാർത്താക്കുറിപ്പ്

രത്‌നഗിരിയില്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മഹാരാഷ്ട്ര എടിഎസ് കേരളത്തില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘത്തിന് പ്രതിയെ കൈമാറി. പ്രതി ഷാറൂഖ് സെയ്ഫിയെയും കൊണ്ട് കേരള പൊലീസ് സംഘം സംസ്ഥാനത്തേക്ക് തിരിച്ചു. ഗോവ വഴി റോഡുമാര്‍ഗം പ്രതിയെ കേരളത്തിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com