ആദ്യം ഗണഗീതം പാടി, 'ബലികുടീരങ്ങളെ'  കൂടി പാടിയിട്ട് പോയാല്‍ മതിയെന്ന് സിപിഎം; ഉത്സവത്തിനിടെ സംഘര്‍ഷം

ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ സംഘര്‍ഷം
ഗാനമേളയ്ക്കിടെ സ്റ്റേജിന്റെ കര്‍ട്ടന്‍ വലിച്ചുകീറുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്
ഗാനമേളയ്ക്കിടെ സ്റ്റേജിന്റെ കര്‍ട്ടന്‍ വലിച്ചുകീറുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്

പത്തനംതിട്ട: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ സംഘര്‍ഷം. പത്തനംതിട്ട വള്ളംകുളം നന്നൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രശ്‌നം ഉണ്ടാക്കിയെന്നാണ് പരാതി. ഗാനമേളയ്ക്കിടെ, വിപ്ലവഗാനം പാടണമെന്ന സിപിഎം ആവശ്യത്തെ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേജിന്റെ കര്‍ട്ടന്‍ വലിച്ചുകീറി.

ശനിയാഴ്ച രാത്രിയാണ് സംഭവം. ഗാനമേള അവസാനിക്കാന്‍ രണ്ടു പാട്ടുകള്‍ മാത്രം അവശേഷിക്കേ, ആര്‍എസ്എസിന്റെ ഗണഗീതം പാടി. ഇതിന് പിന്നാലെ വിപ്ലവഗാനമായ ബലികുടീരങ്ങളെ എന്ന പാട്ട് പാടണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നു. വിപ്ലവഗാനം പാടണമെന്ന സിപിഎം ആവശ്യത്തെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.  പ്രശ്‌ന പരിഹാരത്തിന് കര്‍ട്ടന്‍ താഴ്ത്തി പരിപാടി അവസാനിപ്പിച്ച് മടങ്ങാന്‍ ഗാനമേള ട്രൂപ്പ് തീരുമാനിച്ചു. ഇതില്‍ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേജില്‍ കയറി കര്‍ട്ടന്‍ വലിച്ചുകീറുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ തിരുവല്ല പൊലീസില്‍ പരാതി നല്‍കി. ഉത്സവം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് പരാതിയിലെ ആരോപണം. അതിനിടെ പരിപാടി അവതരിപ്പിക്കാന്‍ ക്ഷേത്രത്തിലേക്ക് വരുന്നവഴി ഗാനമേള ട്രൂപ്പിനെ തടഞ്ഞുനിര്‍ത്തി വിപ്ലവഗാനം പാടണമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com