'വിചാരധാരയില്‍ ഉള്ളത് നാല്‍പ്പതുകളിലെയും അന്‍പതുകളിലെയും കാര്യങ്ങള്‍, ഇപ്പോള്‍ പ്രസക്തിയില്ല'

എല്ലാ കാര്യങ്ങളും എല്ലാ കാലത്തേക്കും പ്രസക്തമാവില്ലെന്ന് രമേശ്
എംടി രമേശ് വാര്‍ത്താ സമ്മേളനത്തിനിടെ/വിഡിയോ ദൃശ്യം
എംടി രമേശ് വാര്‍ത്താ സമ്മേളനത്തിനിടെ/വിഡിയോ ദൃശ്യം
Published on
Updated on

തൃശൂര്‍: നാല്‍പ്പതുകളിലും അന്‍പതുകളിലും ഗോള്‍വാള്‍ക്കര്‍ നടത്തിയ പ്രസംഗങ്ങളുടെ ക്രോഡീകരണമായ വിചാരധാരയില്‍ ആ കാലഘട്ടത്തില്‍ പ്രസക്തമായ കാര്യങ്ങളാണ് ഉള്ളതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്‌. എല്ലാ കാര്യങ്ങളും എല്ലാ കാലത്തേക്കും പ്രസക്തമാവില്ലെന്ന് രമേശ് പറഞ്ഞു. ക്രൈസ്തവ സമുദായത്തെ ആകര്‍ഷിക്കാനുള്ള ബിജെപി നീക്കത്തെ വിചാരധാരയിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി മുഹമ്മദ് റിയാസ് വിമര്‍ശിച്ചതു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു എംടി രമേശിന്റെ പ്രതികരണം.

വിചാരധാര ആരും എഴുതിയ പുസ്തകമല്ല. ഒന്നും പറയാനില്ലാത്തതുകൊണ്ട് ഓരോ പുസ്തകവും കൊണ്ടുവരികയാണ്. ഗുരുജി ഗോള്‍വാള്‍ക്കര്‍ നാല്‍പ്പതുകളിലും അന്‍പതുകളിലും പല സന്ദര്‍ഭങ്ങളില്‍, പല വിഷയങ്ങളെക്കുറിച്ചു നടത്തിയ പ്രസംഗങ്ങളുടെ ക്രോഡീകരണമാണ് അത്. അത് ആ കാലഘട്ടത്തില്‍ പ്രസക്തമായ കാര്യമാണ്. എല്ലാ കാലഘട്ടങ്ങളിലേക്കും എല്ലാ കാര്യങ്ങളും പ്രസക്തമാവില്ലല്ലോ- രമേശ് പറഞ്ഞു.

ശ്രീനാരായണഗുരുവിനെക്കുറിച്ച് ഇഎംഎസ് പറഞ്ഞ കാര്യങ്ങളില്‍ സിപിഎം ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ? ്മന്നത്തു പദ്മനാഭനെക്കുറിച്ച് സിപിഎം പറഞ്ഞ അഭിപ്രായത്തോട് ഇപ്പോഴും അവര്‍ക്കു യോജിപ്പുണ്ടോ? വിമോചന സമരത്തിന്റെ സമയത്ത് ക്രിസ്ത്യന്‍ നേതൃത്വത്തെക്കുറിച്ച് സിപിഎമ്മിന്റെ അഭിപ്രായം എന്തായിരുന്നു? ഇതെല്ലാം ഓരോ കാലഘട്ടത്തിലെ അഭിപ്രായങ്ങളാണ്. ഞങ്ങള്‍ അതൊന്നും പൊക്കിപ്പിടിച്ചു നടക്കാനില്ല. 

ബിജെപി പാര്‍ട്ടി നിലപാടുകള്‍ക്കനുസരിച്ചാണ് മുന്നോട്ടുപോവുന്നത്. നരേന്ദ്രമോദി പ്രഖ്യാപിച്ച രാഷ്ട്രീയ നിലപാടിന് അനുസരിച്ചാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം. എല്ലാവരെയും ഒരുമിച്ചു ചേര്‍ക്കുക എന്നതാണ് ആ നിലപാട്. ക്രിസ്ത്യന് ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപി ജയിക്കുന്നത് അതുകൊണ്ടാണ്. അവര്‍ക്കില്ലാത്ത ആശങ്കയാണ് റിയാസ് പ്രകടിപ്പിക്കുന്നതെന്ന് എംടി രമേശ് പറഞ്ഞു.

മുഹമ്മദ് റിയാസും പാര്‍ട്ടിയും വിചാരധാരയും കെട്ടിപ്പിടിച്ചു നടക്കട്ടെ, ബിജെപി ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് വീടുകളിലേക്കു പോവുന്നത്. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് അവരോടു പറയുന്നത്. അവര്‍ തിരിച്ച് എങ്ങനെ പ്രതികരിക്കണം എന്ന് റിയാസ് അല്ല തീരുമാനിക്കേണ്ടത്.

ബിജെപി സഭാധ്യക്ഷന്മാരെ കാണുന്നത് സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും പരിഭ്രാന്തിയില്‍ ആക്കിയിരിക്കുകയാണ്. വോട്ടു ബാങ്കു മാത്രമായി ക്രിസ്ത്യന്‍ വിഭാഗത്തെ കണ്ടിരുന്ന അവര്‍ക്ക് വോട്ടു ചോര്‍ച്ച വരുമോ എന്ന ഭീതിയാണെന്നും രമേശ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com