കെട്ടിട നികുതി ഇനിയും കൂടും; അടിസ്ഥാന നിരക്കുകള്‍ വര്‍ധിപ്പിച്ച് വിജ്ഞാപനമിറങ്ങി

സംസ്ഥാനത്ത് വലിയ വീടുകള്‍ക്ക് ഇനി കൂടുതല്‍ വസ്തു(കെട്ടിട)നികുതി ഈടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവസരമൊരുക്കി അടിസ്ഥാന നികുതി നിരക്കുകള്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ വീടുകള്‍ക്ക് ഇനി കൂടുതല്‍ വസ്തു(കെട്ടിട)നികുതി ഈടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവസരമൊരുക്കി അടിസ്ഥാന നികുതി നിരക്കുകള്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഏപ്രില്‍ 1 മുതലാണ് പ്രാബല്യം. നിരക്കുകള്‍ ഓരോ വര്‍ഷവും 5% വീതം വര്‍ധിപ്പിക്കും. 12 വര്‍ഷത്തിനു ശേഷമാണ് വീടുകള്‍ ഉള്‍പ്പെടെ വിവിധ വിഭാഗം കെട്ടിടങ്ങളുടെ അടിസ്ഥാന നികുതി നിരക്കിലെ വര്‍ധന.

300 ചതുരശ്ര മീറ്റര്‍ (3230 ചതുരശ്ര അടി) വരെ വിസ്തീര്‍ണമുള്ളതും അതില്‍ കൂടുതലും എന്ന രീതിയില്‍ വീടുകളെ 2 വിഭാഗങ്ങളായി തരംതിരിച്ചാണ് പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ എന്നിവയ്ക്കു വ്യത്യസ്ത നിരക്കുകള്‍ നിശ്ചയിച്ചിട്ടുള്ളത്. എല്ലാത്തരം വീടുകളുടെയും കുറഞ്ഞ അടിസ്ഥാന നികുതി നിരക്കുകള്‍ ഇരട്ടിയാക്കി. വീടുകളെ വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടായി തിരിക്കുന്നത് ആദ്യമാണ്.

പഞ്ചായത്തുകളില്‍ വീടുകളുടെ അടിസ്ഥാനനികുതി നിരക്കുകളിലാണ് കൂടുതല്‍ വര്‍ധന. നേരത്തേ, ചതുരശ്ര മീറ്ററിന് കുറഞ്ഞ നിരക്ക് 3 രൂപയും കൂടിയ നിരക്ക് 8 രൂപയുമായിരുന്നത് യഥാക്രമം 6 രൂപയും 10 രൂപയുമായി. 300 ചതുരശ്ര മീറ്റര്‍ വരെയാണ് ഈ നിരക്ക്. ഇതില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് കുറഞ്ഞ നിരക്ക് 8 രൂപയും കൂടിയത് 12 രൂപയുമാണ്.

നഗരസഭകളിലെ നിരക്ക് 

300 ചതുരശ്രമീറ്റര്‍ വരെ: 

8 രൂപ17 രൂപ 

300 ചതുരശ്ര മീറ്ററില്‍ കൂടുതല്‍: 10 രൂപ 19 രൂപ. 

കോര്‍പറേഷനുകളിലെ നിരക്ക്

300 ചതുരശ്രമീറ്റര്‍ വരെ:

10 രൂപ 22 രൂപ 

300 ചതുരശ്ര മീറ്ററില്‍ കൂടുതല്‍: 12 രൂപ  25 രൂപ.

2011 ലാണ് ഒടുവില്‍ വസ്തു നികുതിയുടെ അടിസ്ഥാന നിരക്കുകള്‍ സര്‍ക്കാര്‍ പരിഷ്‌കരിച്ചത്. പഞ്ചായത്തുകളില്‍ 2013 മുതലും നഗരസഭകളിലും കോര്‍പറേഷനുകളിലും 2016 മുതലുമാണ് ഇത് നടപ്പാക്കിയത്. ഓരോ 5 വര്‍ഷം കൂടുമ്പോഴും വസ്തുനികുതി 25% കൂട്ടി പരിഷ്‌കരിക്കുന്ന രീതി മാറ്റി വര്‍ഷത്തില്‍ 5% വീതം വര്‍ധന വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

അവസാന നിരക്ക് നിശ്ചയിക്കുക തദ്ദേശ സ്ഥാപനം

സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞതും കൂടിയതുമായ അടിസ്ഥാന നിരക്കുകള്‍ക്കുള്ളില്‍നിന്ന് ഉചിതമായ നിരക്കുകള്‍ നിശ്ചയിക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികള്‍ക്കാണ്. സര്‍ക്കാര്‍ നിരക്ക് അടിസ്ഥാനമാക്കി വസ്തുനികുതി ചട്ടങ്ങള്‍ പ്രകാരം റോഡിന്റെ സാമീപ്യം, മാസ്റ്റര്‍ പ്ലാന്‍ പ്രകാരം നിര്‍ദിഷ്ട സോണ്‍ എന്നിങ്ങനെ പല ഘടകങ്ങള്‍ ആശ്രയിച്ചാകും നികുതി നിശ്ചയിക്കുക.

നിലവിലെ കെട്ടിടങ്ങള്‍ക്ക് പഴയ നിരക്ക് + 5% വര്‍ധന

പുതിയ അടിസ്ഥാന നിരക്കുകള്‍ ഏപ്രില്‍ ഒന്നിനു ശേഷം തദ്ദേശ സ്ഥാപനങ്ങള്‍ നമ്പര്‍ നല്‍കുന്ന കെട്ടിടങ്ങള്‍ക്കാണു ബാധകമെന്നാണു തദ്ദേശ മന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം. എന്നാല്‍, വിജ്ഞാപനത്തിലെ വാചകങ്ങള്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്ന് ജനപ്രതിനിധികളും തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരും പറയുന്നു. 2023 മാര്‍ച്ച് 31നോ അതിനു മുന്‍പോ നികുതി നിശ്ചയിച്ചിട്ടുള്ള കെട്ടിടങ്ങള്‍ക്ക് പഴയ നിരക്ക് തന്നെയാകും ബാധകമാവുകയെന്ന് തദ്ദേശ വകുപ്പും അറിയിച്ചു. അതില്‍ മുന്‍പു പ്രഖ്യാപിച്ച 5% വര്‍ധന കൂടി ബാധകമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com