ആസൂത്രണം രണ്ടാഴ്ച മുന്‍പ്?, കാറില്‍ കറങ്ങി നടന്നു; പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍ 

താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍
ഷാഫിയുടെ വിഡിയോ ദൃശ്യം
ഷാഫിയുടെ വിഡിയോ ദൃശ്യം

കോഴിക്കോട്: താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കാസര്‍കോട് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം നാലായി. 

തട്ടിക്കൊണ്ടുപോകുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പരപ്പന്‍ പൊയില്‍, താമരശേരി ഭാഗങ്ങളില്‍ കാറില്‍ കറങ്ങി നടന്നവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാസര്‍കോട് രജിസ്‌ട്രേഷന്‍ കാറും വാടകയ്ക്ക് എടുത്ത് നല്‍കിയ യുവാവിനെയും കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിടിയിലായവരില്‍ നിന്നും ഷാഫിയെ ബന്ദിയാക്കി വെച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.  

അതിനിടെ, പ്രവാസിയുടെ പുതിയ വീഡിയോ പുറത്തുവന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സഹോദരന്‍ നൗഫലാണെന്ന് ഷാഫി ആരോപിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. നൗഫലിനെ സൂക്ഷിക്കണമെന്ന് പിതാവ് പറഞ്ഞിരുന്നെന്നും ഷാഫി വീഡിയോയില്‍ വ്യക്തമാക്കുന്നു.

'രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. നൗഫലിനെ സൂക്ഷിക്കണമെന്ന് ഉപ്പ പറഞ്ഞു. പെണ്‍കുട്ടികളുള്ള ഉപ്പമാര് മരിച്ചാല്‍ ആ മൊതല് പോകുക ബ്രദറിനാണ്. അതുകൊണ്ട് ഈ പരിപാടി കംപ്ലീറ്റ് ആസൂത്രണം ചെയ്തത് നൗഫലായതുകൊണ്ട്, ചെലപ്പം ഇനി നിന്നെ ആരെങ്കിലും കൊന്നാലോ തട്ടിയാലോ ഈ മൊതല് ഓന്റെ പേരിലേക്ക് പോകാന്‍ വേണ്ടിയുള്ള കാര്യങ്ങളൊക്കെ ഓന്‍ ചെയ്യും. അക്കാര്യങ്ങള്‍ ശ്രദ്ധിക്കണം' -ഷാഫിയുടെ വീഡിയോയില്‍ പറയുന്നു.

തന്റെ സ്വത്ത് തട്ടിയെടുക്കയാണ് തട്ടിക്കൊണ്ടുപോകലിലൂടെ നൗഫല്‍ ലക്ഷ്യമിട്ടതെന്ന് ഷാഫി പറഞ്ഞു. തനിക്ക് രണ്ടുപെണ്‍ മക്കളാണ് ഉള്ളത്. പെണ്‍മക്കള്‍ ഉള്ള അച്ഛന്‍ മരിച്ച് കഴിഞ്ഞാല്‍ മതാചാര പ്രകാരം സ്വത്ത് സഹോദരനിലേക്കാണ് പോകുക. അതുകൊണ്ട് സഹോദരനെ ശ്രദ്ധിക്കണമെന്ന് ഉപ്പ പറഞ്ഞതായാണ് ഷാഫി പറയുന്നത്. കരഞ്ഞുകൊണ്ടാണ് ഷാഫി കാര്യങ്ങള്‍ പറയുന്നത്. എന്നാല്‍ തട്ടിക്കൊണ്ടുപോയ സംഘം ഷാഫിയെ കൊണ്ട് ഭിഷണിപ്പെടുത്തി പറയിക്കുന്നതാണെന്നാണ് പൊലീസിന്റെ നിഗമനം.

ഏപ്രില്‍ ഏഴാം തീയതി രാത്രിയാണ് രണ്ടു വാഹനങ്ങളിലായി എത്തിയ സംഘം ഷാഫിയെ തട്ടിക്കൊണ്ടു പോയത്. ഇത് തടയാന്‍ ശ്രമിച്ച ഭാര്യയേയും വാഹനത്തില്‍ വലിച്ചു കയറ്റിയെങ്കിലും പിന്നീട് ഇറക്കിവിട്ടു. സംഭവം നടന്ന ഒന്‍പതുദിവസമായിട്ടും ഷാഫിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പിന്നില്‍ സ്വര്‍ണക്കടത്തു സംഘമാണെന്ന സംശയത്തിലാണ് പൊലീസ്. കാണാതായതിന് പിന്നാലെ ഷാഫിയുടെ രണ്ടാമത്തെ വീഡിയോ ആണ് ഇന്നലെ പുറത്തുവന്നത്. വീഡിയോയുടെ ഉറവിടം കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com