പ്രധാനമന്ത്രിയുടെ സുരക്ഷാ ഭീഷണി; ഇന്റലിജൻസ് റിപ്പോർട്ടിൽ ഭരണകക്ഷി പാർട്ടികളുടെ പേരും; നടപടിയെടുക്കുമോയെന്ന് കെ സുരേന്ദ്രൻ

രാജ്യത്തിന് ഭീഷണിയായിട്ടുള്ള തീവ്രവാദി ശക്തികളുടെ പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് എങ്ങനെ വന്നുവെന്നതിൽ മുഖ്യമന്ത്രി മറുപടി പറയണം
കെ സുരേന്ദ്രന്‍ , ഫയൽ ചിത്രം
കെ സുരേന്ദ്രന്‍ , ഫയൽ ചിത്രം

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട് സംസ്ഥാന ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍  ഭരണകക്ഷിയുമായി ബന്ധമുള്ള രണ്ടു രാഷ്ട്രീയ പാർട്ടികളുടെ പേരുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിലവിൽ മന്ത്രിസ്ഥാനം അലങ്കരിക്കുന്ന ഭരണകക്ഷിയിലുള്ള പാർട്ടിയെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ പാർട്ടിയെ മുന്നണിയില്‍നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ എന്ന് സുരേന്ദ്രന്‍ ചോദിച്ചു. 

രാജ്യത്തിന് ഭീഷണിയായിട്ടുള്ള തീവ്രവാദി ശക്തികളുടെ പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് എങ്ങനെ വന്നുവെന്നതിൽ മുഖ്യമന്ത്രി മറുപടി പറയണം. 'ചില രാഷ്ട്രീയ സംഘടനകളെക്കുറിച്ചും മത സംഘടനകളെക്കുറിച്ചും ഗുരുതരമായ വിവരങ്ങളാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുള്ളത്. അത്തരം സംഘടനകളെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണ് ?  നിലവില്‍ രാഷ്ട്രീയ പാര്‍ട്ടികളായി പ്രവര്‍ത്തിക്കുന്ന ചില മത സംഘടനകളുടെ പേരു വിവരമടക്കം അതിലുണ്ട്. അത്തരം സംഘടനകളില്‍ രണ്ടെണ്ണമെങ്കിലും ഇടതുമുന്നണിയിലെ ഘടകകക്ഷികളാണ്. സിപിഎമ്മിന്റെ ഘടകകക്ഷികളായ രണ്ട് സംഘടനകളെപ്പറ്റിയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ആ സംഘടനകളെ ഇടതുമുന്നണിയില്‍നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ? സംസ്ഥാന ഭരണത്തില്‍ മന്ത്രിപദം കയ്യാളുന്ന ഒരു പാര്‍ട്ടിയെക്കുറിച്ച് സംസ്ഥാന പൊലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് അത്തരം ആളുകളെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നത്?  - സുരേന്ദ്രൻ പറഞ്ഞു. 

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്ന ഒരു പരിപാടിയും തടസ്സപ്പെടില്ലെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com