ആദ്യ ദിനം തന്നെ വെയ്റ്റിങ് ലിസ്റ്റിലായി എക്സിക്യൂട്ടീവ് ക്ലാസ്; വന്ദേഭാരത് ടിക്കറ്റ് ബുക്കിങിന് മികച്ച പ്രതികരണം

വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണം
വന്ദേഭാരത് / എക്‌സ്പ്രസ് ചിത്രം
വന്ദേഭാരത് / എക്‌സ്പ്രസ് ചിത്രം

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണം. ഇന്നലെ രാവിലെ 8ന് ടിക്കറ്റ് വിൽപന ആരംഭിച്ച് വൈകാതെ 
തന്നെ എക്സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റ്  വെയ്റ്റ്ലിസ്റ്റായി. മെയ് 1 വരെയുള്ള സർവീസുകളിൽ എക്സിക്യൂട്ടീവ് ക്ലാസിൽ കൺഫേം ടിക്കറ്റ് ലഭ്യമല്ല. ചെയർ കാർ ടിക്കറ്റുകൾക്കും നല്ല ഡിമാൻഡുണ്ട്. 1024 ചെയർകാർ സീറ്റുകളും 104 എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകളുമാണ് ട്രെയിനിലുള്ളത്. മെയ് 1 വരെയുള്ള ദിവസങ്ങളിൽ 200 മുതൽ 300 സീറ്റുകൾ മാത്രമാണ് ചെയർകാറിൽ ബാക്കിയുള്ളത്. 

ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. തിരുവനന്തപുരം–കാസർകോട് യാത്രയ്ക്കി ചെയർകാറിൽ 1590 രൂപയും എക്സിക്യൂട്ടീവ് ക്ലാസിൽ 2880 രൂപയുമാണ് നിരക്ക്. തിരികെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ചെയർകാറിൽ 1520, എക്സിക്യൂട്ടീവ് ക്ലാസിൽ 2815 എന്നിങ്ങനെയാണ് നിരക്ക്. ഭക്ഷണത്തിന്റെ നിരക്കും ഇതിൽ ഉൾപ്പെടും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഭക്ഷണം വേണ്ടെന്നു വയ്ക്കാനും അവസരമുണ്ട്. ടിക്കറ്റ് നിരക്കും ഇതിന് ആനുപാതികമായി കുറയും. 

രാവിലെ കാസർകോട്ടേക്കുള്ള യാത്രയിൽ ചായ/കോഫി, ബിസ്കറ്റ്, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവയാണുണ്ടാവുക. 3 ഭക്ഷണം ഉൾപ്പെടുന്നതാണ് ടിക്കറ്റ് നിരക്കു കൂടാൻ കാരണം. മടക്കയാത്രയിൽ ഈവനിങ് ഹൈ ടീ, ഡിന്നർ എന്നിവ മാത്രമേയുള്ളൂ എന്നതാണു നിരക്ക് കുറയാൻ കാരണം. ഭക്ഷണം വേണ്ടെങ്കിൽ തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേയ്ക്കും തിരിച്ചും നിരക്കുകൾ തുല്യമാണ് (ചെയർകാർ 1265, എക്സിക്യൂട്ടീവ് ക്ലാസ് – 2500).

രാജധാനിയിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഡൽഹി ആസ്ഥാനമായ വൃന്ദാവൻ ഫുഡ്സിനാണ് വന്ദേഭാരതിലെ ഭക്ഷണ കരാർ ലഭിച്ചിരിക്കുന്നത്. ടിക്കറ്റിനൊപ്പം ഭക്ഷണം വേണ്ടെന്നുവച്ചാലും ട്രെയിനിൽ പണം കൊടുത്തു വാങ്ങാൻ കഴിയും.

രണ്ട് എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകളാണ് 16 കാർ ട്രെയിനുകളിലുള്ളത്. 52 സീറ്റുകൾ വീതം 104 സീറ്റുകളാണുള്ളത്. ഈ ക്ലാസിലെ പ്രധാന ആകർഷണം 180 ഡിഗ്രി തിരിക്കാവുന്ന സീറ്റുകളാണ്. പുറത്തെ കാഴ്ചകൾ കാണാൻ വീതിയേറിയ ഗ്ലാസുകളുമുണ്ട്. വിമാനത്തിലെ ബിസിനസ് ക്ലാസിന് ഒപ്പം നിൽക്കുന്നതാണു വന്ദേഭാരതിലെ എക്സിക്യൂട്ടീവ് ക്ലാസ്. വിമാന മാതൃകയിൽ സീറ്റിന്റെ ആം റെസ്റ്റിനുള്ളിലാണ് സ്നാക് ടേബിളുള്ളത്. ചെയർ കാർ സീറ്റിനേക്കാൾ കുറെക്കൂടി പുറകോട്ടു ചരിക്കാവുന്ന റിക്ലൈനിങ് സീറ്റുകളാണ് എക്സിക്യൂട്ടീവിലേത്. കാലുകൾ ഉയർത്തിവയ്ക്കാൻ റിട്രാക്ടബിൾ ഫുട്റെസ്റ്റുമുണ്ട്. ഇ1, ഇ2 എന്നിങ്ങനെയാണ് എക്സിക്യൂട്ടീവ് ക്ലാസ് കോച്ചിന്റെ കോഡ്. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com