ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിച്ച് എന്‍എസ്എസ്; നാളെ വിശ്വാസ സംരക്ഷണദിനം; ഗണപതി ക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകള്‍

വിശ്വാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് രണ്ട് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്
ഷംസീര്‍, സുകുമാരന്‍ നായര്‍/ ഫയല്‍
ഷംസീര്‍, സുകുമാരന്‍ നായര്‍/ ഫയല്‍

കോട്ടയം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാക്കി എന്‍എസ്എസ്. നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ എന്‍എസ്എസ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. എന്‍എസ്എസ് താലൂക്ക് സെക്രട്ടറിമാര്‍ക്ക് നല്‍കിയ കത്തിലാണ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. 

ഗണപതി ഭഗവാനെ സംബന്ധിച്ച് സ്പീക്കര്‍ നടത്തിയ പരാമര്‍ശം ഏറെ വേദനിപ്പിക്കുന്നുണ്ട്. ഗണപതി എന്നത് മിത്ത് ( കെട്ടുകഥ) ആണെന്നും ശാസ്ത്രീയമായ ഒന്നല്ല എന്നുമുള്ള അദ്ദേഹത്തിന്റെ പരാമര്‍ശമാണ് അതിനിടയാക്കിയത്. ഈ നടപടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരുത്തര്‍ക്കും യോജിച്ചതല്ല. 

പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണം. അല്ലാത്തപക്ഷം അതിന്മേല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടി ഉണ്ടാകണമെന്നുമാണ് എന്‍എസ്എസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അതിനെ നിസ്സാരവല്‍ക്കരിച്ചുകൊണ്ടുള്ള ബന്ധപ്പെട്ടവരുടെ നിലപാടില്‍ ശക്തമായ പ്രതിഷേധമുണ്ട്. 

ഇതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് രണ്ട് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അന്നേ ദിവസം എന്‍എസ്എസ് പ്രവര്‍ത്തകരും വിശ്വാസികളുമായിട്ടുള്ളവര്‍ അവരവരുടെ വീടിന് സമീപത്തെ ഗണപതി ക്ഷേത്രത്തില്‍ എത്തി വഴിപാടുകള്‍ നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതാണ്. 

ഈ സന്ദേശം എല്ലാ കരയോഗ ഭവനങ്ങളിലും ഇന്നു തന്നെ എത്തിക്കുവാന്‍ ആവശ്യമായ നടപടികള്‍ താലൂക്ക് യൂണിയനുകളുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതാണ്. ഇതിന്റെ പേരില്‍ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്നും കത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com