ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്ത് കുതിക്കാന്‍ കേരളവും; തദ്ദേശീയമായി ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിച്ചു

ഇലക്ട്രിക് വാഹന ഉല്‍പ്പാദനരംഗത്ത് വന്‍മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന ലിഥിയം ടൈറ്റനേറ്റ് (എല്‍ടിഒ) ബാറ്ററി തദ്ദേശീയമായി വികസിപ്പിച്ച് കേരളം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഇലക്ട്രിക് വാഹന ഉല്‍പ്പാദനരംഗത്ത് വന്‍മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന ലിഥിയം ടൈറ്റനേറ്റ് (എല്‍ടിഒ) ബാറ്ററി തദ്ദേശീയമായി വികസിപ്പിച്ച് കേരളം. സംസ്ഥാനത്ത് ഇ- വാഹനനയം രൂപീകരിക്കുന്നതിന്റെ നോഡല്‍ ഏജന്‍സിയായ കെ- ഡിസ്‌കിന്റെ മുന്‍കൈയില്‍ രൂപീകരിച്ച ഇവി ഡെവലപ്‌മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് കണ്‍സോര്‍ഷ്യമാണ് ബാറ്ററി വികസിപ്പിച്ചത്. വിഎസ്എസ്സി, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ്, സി-ഡാക് തിരുവനന്തപുരം, ട്രിവാന്‍ഡ്രം എന്‍ജിനിയറിങ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി റിസര്‍ച്ച് പാര്‍ക്ക് എന്നിവരാണ് കണ്‍സോര്‍ഷ്യത്തിലെ പങ്കാളികള്‍.

മികച്ച ഊര്‍ജസാന്ദ്രത, വേഗത്തിലുള്ള ചാര്‍ജിങ്, ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയുള്ളതാണ് ബാറ്ററി. ബാറ്ററിയുടെ പ്രോട്ടോടൈപ്പ് തലസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ വിഎസ്എസ്സി ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായരില്‍നിന്ന് വ്യവസായമന്ത്രി പി രാജീവ് ഏറ്റുവാങ്ങി. 

ചരിത്രപരമായ മുഹൂര്‍ത്തമാണിതെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യമാണ് തദ്ദേശീയ വസ്തുക്കള്‍ ഉപയോഗിച്ച് ബാറ്ററി വികസിപ്പിച്ചതെന്നത് ഏറെ സന്തോഷം പകരുന്നതാണെന്നും മന്ത്രി പറഞ്ഞു. കേരളത്തെ വ്യവസായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ കണ്ടെത്തിയ 22 മുന്‍ഗണനാ മേഖലയില്‍ പ്രധാനപ്പെട്ടതാണ് ഇലക്ട്രിക് വാഹന മേഖല. മോണോസൈറ്റ്, തോറിയം, ഇല്‍മനൈറ്റ് തുടങ്ങിയ മൂലകങ്ങളാല്‍ സമ്പന്നമായ കേരളത്തിന്റെ ധാതുസമ്പത്ത് വേണ്ടവിധം വ്യാവസായികമായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും ഇത്തരത്തിലുള്ള കണ്ടുപിടിത്തം അതിനുകൂടി വഴിവയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com