സെമി ഹൈസ്പീഡ് റെയില്‍ പാതയ്ക്കായി മുഖ്യമന്ത്രി; റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി 

നിര്‍ദിഷ്ട സെമി ഹൈസ്പീഡ് റെയില്‍ പാതയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തുന്നതിന് സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായി വിജയൻ, ഫയല്‍ ചിത്രം
പിണറായി വിജയൻ, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നിര്‍ദിഷ്ട സെമി ഹൈസ്പീഡ് റെയില്‍ പാതയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തുന്നതിന് സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മാറ്റം വരുത്തി അതിവേഗ പാത നടപ്പാക്കണമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ നിര്‍ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ നീക്കം.

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലാണ് മുഖ്യമന്ത്രി. അതിനിടെയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം തേടിയത്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് ഡിപിആര്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ പുരോഗതി മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ആരായും. ഡിപിആറുമായി ബന്ധപ്പെട്ട് റെയില്‍വേ ബോര്‍ഡ് വിശദാംശങ്ങള്‍ തേടിയിരുന്നു. ഇതിന് കെ റെയില്‍ മറുപടി നല്‍കിയിരുന്നു. ഇത് പരിശോധിക്കാന്‍ ദക്ഷിണ റെയില്‍വേയോട് ആവശ്യപ്പെട്ടിരിക്കുകയാണ് റെയില്‍വേ ബോര്‍ഡ്.

സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി കെ വി തോമസുമായുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഇ ശ്രീധരന്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. അടുത്തിടെ, പുതിയ പാത എന്ന നിലയില്‍ സില്‍വര്‍ ലൈനെ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെ വി തോമസ് വ്യക്തമാക്കിയിരുന്നു. ഇ ശ്രീധരന്റെ നിര്‍ദേശങ്ങള്‍ റെയില്‍വേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവുമെന്നാണ് സൂചന. പുതിയ നിര്‍ദേശങ്ങള്‍ കൂടി മുന്നോട്ടുവെച്ച് വേഗത്തില്‍ സെമി ഹൈസ്പീഡ് റെയില്‍ പാതയ്ക്ക് അംഗീകാരം വാങ്ങിയെടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com