കണ്ണീര്‍ വിറ്റ് വോട്ട് ആക്കരുത്, പരസ്പരം പാര വച്ച് തകര്‍ന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്: എ കെ ബാലന്‍

ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ആണ് എന്നുള്ളത് കൊണ്ട് കണ്ണീര്‍ ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്ന് സിപിഎം നേതാവ് എ കെ ബാലന്‍
എ കെ ബാലന്‍ മാധ്യമങ്ങളോട്
എ കെ ബാലന്‍ മാധ്യമങ്ങളോട്

തിരുവനന്തപുരം:ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ആണ് എന്നുള്ളത് കൊണ്ട് കണ്ണീര്‍ ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. അങ്ങനെ വരുമ്പോള്‍ വോട്ടര്‍മാരില്‍ വലിയ മതിപ്പ് ഉണ്ടാവില്ല. ഇത് മനസിലാക്കുന്നത് നല്ലതാണെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'കോണ്‍ഗ്രസിന്റെ പല പ്രബല നേതാക്കളും രക്തസാക്ഷികള്‍ വരെയായിട്ടുണ്ട്. എന്നിട്ട് ആ കണ്ണീര്‍ വിറ്റ് വോട്ടാക്കാന്‍ അധിക കാലം കഴിഞ്ഞില്ല. അന്ന് കണ്ണുനീരിന്റെ കൂടെ പോയിട്ടുള്ള മിക്ക കോണ്‍ഗ്രസ് നേതാക്കളും ഇന്ന് ബിജെപിയിലാണുള്ളത്. എ കെ ആന്റണിയുടെ മകന്റെ പാരമ്പര്യം വച്ച് കെപിസിസി പ്രസിഡന്റ് അന്ന് പറഞ്ഞ കാര്യം എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകും. ഇത് യൂദാസ് ആണെന്നാണ് അന്ന് പറഞ്ഞത്. ആദ്യമായിട്ട് പറയേണ്ടത് ആ പാരമ്പര്യം എനിക്ക് എന്തായാലും ഉണ്ടാവില്ല. അത് ഞാന്‍ വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കുന്നു. ഇക്കാര്യം ആദ്യം പറഞ്ഞു കൊണ്ടായിരിക്കണം ഈ തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്.'- എ കെ ബാലന്‍ പറഞ്ഞു.

'വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍, മറ്റു കോണ്‍ഗ്രസ് എംഎല്‍മാര്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ പുതുപ്പള്ളിയില്‍ ഉണ്ടായിട്ടില്ല എന്നതിന് നിരവധി കാര്യങ്ങള്‍ പറയാന്‍ സാധിക്കും. ഞാന്‍ വൈദ്യുതി മന്ത്രിയായിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ മണ്ഡലം സമ്പൂര്‍ണമായി വൈദ്യുതീകരിച്ചത്. അന്ന് 50 ശതമാനം വീടുകളില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. വോള്‍ട്ടേജ് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചത് വി എസിന്റെ കാലത്താണ്. പിന്നീടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടന്നത് കിഫ്ബിയുടെ ഭാഗമായിട്ടാണ്. അത് പിണറായിയുടെ കാലഘട്ടത്തിലാണ്. എടുത്തുപറയാവുന്ന ഒരു നേട്ടവും ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ആ മണ്ഡലത്തില്‍ ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ വോട്ടര്‍മാര്‍ക്കും ഒരു സംശയവും ഉണ്ടാവാന്‍ ഇടയില്ല.'- എ കെ ബാലന്‍ പറഞ്ഞു.

'വികസന പ്രവര്‍ത്തനങ്ങള്‍ പറഞ്ഞ് വോട്ട് കിട്ടില്ല എന്ന് കണ്ടാണ് ഭരണപക്ഷം
കൂടി സഹകരിച്ച് ഉമ്മന്‍ ചാണ്ടിയുടെ മകനെ വിജയിപ്പിക്കണമെന്ന സന്ദേശം കെപിസിസി പ്രസിഡന്റ് നല്‍കിയത്. ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ വ്യക്തിപരമാക്കില്ല. എന്നാല്‍ അവര്‍ അത് വ്യക്തിപരമാക്കും. സോളാര്‍ അവര്‍ കൊണ്ടുവരും. സോളാറുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് ഒരു പങ്കുമില്ല. പരാതി നല്‍കിയത് കോണ്‍ഗ്രസ് നേതാവാണ്. കമ്മീഷനെ വച്ചതാണ് അവരാണ്. പരസ്പരം പാര വച്ച് തകര്‍ന്ന പാര്‍ട്ടിയാണത്. ഇതുപോലെ ചതിയന്മാരുള്ള പാര്‍ട്ടി വേറെയില്ലെന്നും'- എ കെ ബാലന്‍ വിമര്‍ശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com