കഴിഞ്ഞയാഴ്ച 15,000; ഈയാഴ്ച 25,000 രൂപ പിഴ, പൊലീസ് സ്റ്റേഷന് മുന്നില്‍ ലോറി ഡ്രൈവറുടെ ആത്മഹത്യാശ്രമം 

വാഹന പരിശോധനയ്ക്ക് പിന്നാലെ പൊലീസ് സ്റ്റേഷന് മുന്നില്‍ ലോറി ഡ്രൈവറുടെ ആത്മഹത്യാശ്രമം
പെരിങ്ങോം പൊലീസ് സ്റ്റേഷന്‍
പെരിങ്ങോം പൊലീസ് സ്റ്റേഷന്‍

കണ്ണൂര്‍: വാഹന പരിശോധനയ്ക്ക് പിന്നാലെ പൊലീസ് സ്റ്റേഷന് മുന്നില്‍ ലോറി ഡ്രൈവറുടെ ആത്മഹത്യാശ്രമം. അരവഞ്ചാല്‍ മുതലപ്പെട്ടി സ്വദേശിയാണ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പെരിങ്ങോം പൊലീസ് സ്റ്റേഷനു മുന്നിലാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. ചെത്തുകല്ലുമായി പോയ ലോറി തടഞ്ഞുവച്ച പെരിങ്ങോം പൊലീസ് 25,000 രൂപ പിഴയടയ്ക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. ലോറി സ്റ്റേഷന്‍ വളപ്പില്‍ കയറ്റിയിടാനും നിര്‍ദേശിച്ചു. 

വാഹനം റോഡരികില്‍ നിര്‍ത്തിയ ഡ്രൈവര്‍ താക്കോല്‍ പൊലീസിനെ ഏല്‍പിക്കുകയും പിഴ അടയ്ക്കാന്‍ തന്റെ കയ്യില്‍ പണമില്ലെന്നു അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും പെട്രോളുമായെത്തി ദേഹത്ത് ഒഴിച്ചു തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇടപെട്ട്  ആത്മഹത്യാശ്രമം തടഞ്ഞു.

പൊലീസ് തന്ത്രപരമായി ഇയാളെ സ്റ്റേഷന് പുറകിലേക്കു മാറ്റി വാഹനം വിട്ടുകൊടുക്കുകയായിരുന്നു. ദേഹത്ത് പെട്രോള്‍ ഒഴിച്ചതിനാല്‍, വെള്ളം അടിച്ച് കുളിപ്പിച്ചാണ് ഡ്രൈവറെ പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ച ഇയാളില്‍ നിന്നും പൊലീസ് 15,000 രൂപ പിഴ ഈടാക്കിയിരുന്നു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com