ലക്ഷ്മി അമ്മാള്‍ വീണ്ടും തനിച്ചായി;  വൃദ്ധസദനത്തില്‍ വിവാഹിതരായ ദമ്പതികളെ മരണം വേര്‍പിരിച്ചു 

2019 ഡിസംബര്‍ 28നായിരുന്നു കൊച്ചനിയന്റെയും ലക്ഷ്മി അമ്മാളിന്റെയും വിവാഹം. 
ലക്ഷ്മി അമ്മാളിന്റെയും കൊച്ചനിയന്റെയും വിവാഹം
ലക്ഷ്മി അമ്മാളിന്റെയും കൊച്ചനിയന്റെയും വിവാഹം

തൃശൂര്‍: ലക്ഷ്മി അമ്മാള്‍ വീണ്ടും തനിച്ചായി. തൃശൂരിലെ വൃദ്ധസദനത്തില്‍ വച്ച് വിവാഹിതരായ വയോധിക ദമ്പതികളില്‍ കൊച്ചനിയന്‍ മരിച്ചു. അഞ്ച് ദിവസമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 2019 ഡിസംബര്‍ 28നായിരുന്നു കൊച്ചനിയന്റെയും ലക്ഷ്മി അമ്മാളിന്റെയും വിവാഹം. 

തൃശൂര്‍  പഴയനടക്കാവ് സ്വദേശിനിയായ ലക്ഷ്മിയമ്മാള്‍ പതിനാറാം വയസില്‍  വിവാഹിതയായിരുന്നു. പാചക സ്വാമിയെന്ന് അറിയപ്പെടുന്ന 48 കാരനായ കൃഷ്ണയ്യര്‍ സ്വാമിയായിരുന്നു ഭര്‍ത്താവ്. അക്കാലത്ത് വടക്കുംനാഥ ക്ഷേത്രത്തില്‍ നാഗസ്വരം വായിക്കാനെത്തിയതായിരുന്നു കൊച്ചനിയന്‍. ദിവസവും ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന സ്വാമിയേയും ലക്ഷ്മിയമ്മാളിനെയും കൊച്ചനിയന്‍ കാണാറുണ്ട്.  സൗഹൃദത്തെതുടര്‍ന്ന് പിന്നീട് നാഗസ്വരം വായനനിര്‍ത്തി കൊച്ചനിയന്‍   സ്വാമിയുടെ പാചകസഹായിയായിമാറി.  

20വര്‍ഷംമുമ്പ് കൃഷ്ണസ്വാമി മരിച്ചു. മക്കളില്ലാതെ ഒറ്റക്കായ ലക്ഷ്മിയമ്മാളെ പുനര്‍വിവാഹം കഴിക്കാന്‍ കൊച്ചനിയന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സമ്മതിച്ചില്ല. കൊച്ചനിയന്‍ പിന്നീട് വിവാഹിതനായെങ്കിലും വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാര്യ മരിച്ചു. ഒന്നരവര്‍ഷത്തിന് ശേഷം ലക്ഷ്മിയമ്മാള്‍ രാമവര്‍മപുരം വൃദ്ധസദനത്തിലെത്തി. കൊച്ചനിയന്‍ അമ്മാളെ അവിടെ കാണനെത്താറുണ്ടായിരുന്നു. അതിനിടെ ഗുരുവായൂരില്‍ കുഴഞ്ഞുവീണ കൊച്ചനിയനെ ആശുപത്രിയിലും പിന്നീട് വയനാട് വൃദ്ധമന്ദിരത്തിലുമാക്കി. അവിടെവച്ച് ലക്ഷ്മി അമ്മാളിനെക്കുറിച്ച് പറഞ്ഞപ്പോള്‍ കൊച്ചനിയനെ പിന്നീട് രാമവര്‍മപുരം വൃദ്ധസദനത്തിലേക്ക് മാറ്റുകയായിരുന്നു. 

വൃദ്ധസദനങ്ങളില്‍ കഴിയുന്നവര്‍ക്ക് പരസ്പരം ഇഷ്ടമാണെങ്കില്‍ നിയമപരമായി വിവാഹം കഴിക്കാവുന്നതാണെന്ന് സാമൂഹ്യനീതി വകുപ്പ് അനുവാദം നല്‍കിയിരുന്നു. അതിന് പിന്നാലെയായിരുന്നു ഇരുവരുടേയും വിവാഹം. ഇതുപ്രകാരം കേരളത്തില്‍ നടന്ന ആദ്യവിവാഹമായിരുന്നു രാമവര്‍മപുരം വ്യദ്ധസദനത്തില്‍ നടന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com