വയ്‌ക്കേണ്ടിയിരുന്നത് സുധാകരന്റെ ചിത്രം; വച്ചത് റിയാസിന്റെത്; 'മര്യാദ കാണിക്കണ'മെന്ന് കെബി ഗണേഷ് കുമാര്‍

എന്നെപ്പോലെ സീനിയറായ എംഎല്‍എയോട് ഈ നിലപാട് സ്വീകരിക്കുന്നതു ശരിയല്ല
കെബി ഗണേഷ് കുമാര്‍
കെബി ഗണേഷ് കുമാര്‍

കൊല്ലം: മുതിര്‍ന്നവരെ മാനിക്കണമെന്നും 20 കൊല്ലം മുന്‍പെ മന്ത്രിയായ ആളാണ് താനെന്നും ആ ഒരു മര്യാദ കാണിക്കണമെന്നും എംഎല്‍എ കെബി ഗണേഷ് കുമാര്‍. വേണ്ട വിധത്തില്‍ ജി സുധാകരന്‍ റോഡുകള്‍ തന്നിരുന്നു. ഇപ്പോള്‍ അതൊന്നും തരുന്നില്ലെന്ന് പറഞ്ഞ് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ ഗണേഷ് പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. റിയാസിന്റെ ചിത്രം ഉദ്ഘാടന വേദിയിലെ ഫ്‌ലെക്‌സില്‍ വയ്‌ക്കേണ്ടതില്ലായിരുന്നെന്നും ഗണേഷ് ചൂണ്ടിക്കാട്ടി.പത്തനാപുരം നിയോജക മണ്ഡലത്തിലെ കോക്കുളത്ത് ഏല പട്ടമല റോഡിന്റെ ഉദ്ഘാടനത്തിലായിരുന്നു ഗണേഷിന്റെ വിമര്‍ശനം.

''ഈ റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി റിയാസിന്റെ ചിത്രമാണു സംഘാടകര്‍ വച്ചിരിക്കുന്നത്. പക്ഷേ, വയ്‌ക്കേണ്ടിയിരുന്നത് മുന്‍ മന്ത്രി ജി സുധാകരന്റെ ചിത്രമാണ്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ ഞാന്‍ പോയപ്പോള്‍ ആദ്യം എതിര്‍പ്പ് പറഞ്ഞു. പിന്നീട് ഹല്‍വ തരികയും സ്‌നേഹത്തോടെ സംസാരിക്കുകയും റോഡിനു ഫണ്ട് അനുവദിക്കാമെന്നു ഉറപ്പു തരികയുമായിരുന്നു.

അദ്ദേഹത്തിനുള്ള നന്ദി കയ്യടികളോടെ നാം അറിയിക്കണം. ജി സുധാകരന്‍ ആവശ്യമായ പരിഗണന നല്‍കിയിരുന്നു. പക്ഷേ, ഇപ്പോള്‍ ഇത്തിരി പരാതിയുണ്ട്. നമുക്കു വേണ്ടതൊന്നും തരുന്നില്ല. ഇക്കാര്യം മന്ത്രി റിയാസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നെപ്പോലെ സീനിയറായ എംഎല്‍എയോട് ഈ നിലപാട് സ്വീകരിക്കുന്നതു ശരിയല്ല. ഉമ്മന്‍ ചാണ്ടി മരിച്ചശേഷം, ഇപ്പോള്‍ നിയമസഭയില്‍ തുടര്‍ച്ചയായി ജയിച്ചുവന്നവര്‍ അപൂര്‍വമാണ്.ഞാനും വിഡി സതീശനും റോഷി അഗസ്റ്റിനും കോവൂര്‍ കുഞ്ഞുമോനുമാണ് 5 തവണ തുടര്‍ച്ചയായി ജയിച്ചു വന്നിട്ടുള്ളവര്‍. 

സിനിമ നടനാണ് എന്നതൊക്കെ അവിടെ നില്‍ക്കട്ടെ. സഭയില്‍ സീനിയോറിറ്റിയുണ്ട്, അതു പരിഗണിക്കണം. ഇവരെക്കാളൊക്കെ എത്രയോ മുന്‍പ്, 20 വര്‍ഷം മുന്‍പു മന്ത്രിയായ ആളാണ് ഞാന്‍. അതിന്റെ മര്യാദ കാണിക്കണം. പത്തനാപുരം ബ്ലോക്കില്‍ 100 മീറ്റര്‍ റോഡ് പോലും 2023ല്‍ പിഡബ്ല്യുഡി അനുവദിച്ചില്ല. ഇതില്‍ വലിയ നിരാശയുണ്ട്. '' ഗണേഷ് കുമാര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com