'അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്രത്തിന്റെ പരിവേഷം നല്‍കുന്നു'; അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പാക്കണം: ശാസ്ത്ര സാഹിത്യ പരിഷത്ത്

അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പാക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്
ശാസ്ത്ര സാഹിത്യ പരിഷത്ത് റാലിയില്‍ നിന്ന്
ശാസ്ത്ര സാഹിത്യ പരിഷത്ത് റാലിയില്‍ നിന്ന്

കൊച്ചി: അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പാക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്. കേരളത്തിലെ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അന്ധവിശ്വാസ ചൂഷണ നിരോധന നിയമത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണ്. വിവിധതരത്തിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്നുണ്ട്. കെട്ടുകഥകളെ ശാസ്ത്രമായി വ്യാഖ്യാനിക്കുകയും ശാസ്ത്രത്തെ പാഠപുസ്തകത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ കൂടി വരുന്ന പുതിയ സാഹചര്യത്തില്‍ അന്ധവിശ്വാസങ്ങള്‍ കൂടുതല്‍ ശക്തിപ്പെടാന്‍ ഇടയുണ്ട്.-പരിഷത്ത് പ്രസ്താവനയില്‍ പറഞ്ഞു.

അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്രത്തിന്റെ പരിവേഷവും വ്യാഖ്യാനവും നല്‍കുന്നത് അടുത്തകാലത്തായി വളരെ വര്‍ധിച്ചിട്ടുണ്ട്. ആള്‍ദൈവങ്ങള്‍ അനുദിനം ശക്തിപ്പെടുന്നു. അന്ധവിശ്വാസങ്ങള്‍ ആത്മവിശ്വാസമില്ലാത്ത സമൂഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഒപ്പം വിജ്ഞാനത്തെ അവഗണിക്കുന്ന പ്രവണത വര്‍ധിക്കാനും അതുകാരണമാകുന്നു. ശാസ്ത്രമല്ല, വിശ്വാസമാണ് പ്രധാനം എന്ന പ്രഖ്യാപനം പോലും ഈ അടുത്തകാലത്ത് വന്നു. അത്ഭുത രോഗശാന്തി, മന്ത്രവാദം, ആഭിചാരക്രിയകള്‍ തുടങ്ങി പലരൂപങ്ങളിലും അന്ധവിശ്വാസ ചൂഷണോപാധികള്‍ നിലനില്‍ക്കുന്നുണ്ട്. അവയും അവയുടെ സമാനമായ മറ്റ് പ്രവര്‍ത്തനങ്ങളും ദുര്‍ബലരായ വ്യക്തികളെ ഇരകളാക്കുന്നു. 

ഇത് വൈകാരികവും മാനസികവും ചിലപ്പോള്‍ ശാരീരികവുമായ പീഡനങ്ങളാകുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രബോധം, യുക്തിചിന്ത, വിമര്‍ശനാത്മകബോധം, മനുഷ്യാന്തസ്സിനോടുള്ള ആദരവ് എന്നിവയ്ക്ക് വിരുദ്ധമാണ്. അന്ധവിശ്വാസങ്ങള്‍ അഭൗമശക്തികളുടെ അനുഗ്രഹം കൊണ്ട് ജീവിതവിജയം നേടാമെന്ന ചിന്ത വികസിപ്പിക്കുകയും അധ്വാനത്തോട് വിരക്തിയുണ്ടാക്കുകയും ചെയ്യുന്നു. ഇത് ഭാവിയില്‍ സാമൂഹ്യ വികാസത്തെ പ്രതികൂലമായി ബാധിക്കാം.

വിശ്വാസം വ്യക്തിപരമായ ഒന്നാണ്. പക്ഷേ അന്ധവിശ്വാസങ്ങള്‍ ഉപയോഗിച്ച് സാമ്പത്തിക ചൂഷണം നടത്തുന്നത് കുറ്റകരമായ ഒരു പ്രവര്‍ത്തനമാണ്. നരേന്ദ്ര ധബോദ്ക്കര്‍ രക്തസാക്ഷിത്വം വരിച്ചിട്ട് ഒരു ദശകം തികയുന്ന കാലമാണ്. അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തനമേഖല അന്ധവിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടമായിരുന്നു. അന്ധവിശ്വാസ ചൂഷണനിരോധനനിയമം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് പ്രചരണം നടത്തിയതാണ് ഹിന്ദുവര്‍ഗ്ഗീയവാദികള്‍ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ കാരണം. അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ആ രക്തസാക്ഷിത്വത്തിന്റെ തൊട്ടു പിന്നാലെ അന്ധവിശ്വാസ നിരോധനനിയമം നടപ്പില്‍ വന്നു. കര്‍ണാടക, അസം, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലും പല രൂപങ്ങളില്‍ ഈ നിയമം വന്നിട്ടുണ്ട്. 

കേരളത്തില്‍ 2013 മുതല്‍ വിവിധ സംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മാറിമാറി വന്ന പല സര്‍ക്കാരുകളും അന്ധവിശ്വാസ ചൂഷണ നിരോധന നിയമം പരിഗണനയിലുണ്ടെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. 2021ല്‍ കേരള നിയമസഭയില്‍ അത്തരമൊരു ബില്ല് വരികയും ചെയ്യുകയുണ്ടായി. പക്ഷേ ഇതുവരെയും അങ്ങനെ ഒരു നിയമം അംഗീകരിക്കാന്‍ കേരള നിയമസഭയ്ക്ക് കഴിഞ്ഞിട്ടില്ല. ചെറുതും വലുതുമായ അന്ധവിശ്വാസങ്ങള്‍ കേരളത്തില്‍ നടമാടുന്നുണ്ട്. ജനങ്ങളില്‍ ശാസ്ത്രബോധം പ്രചരിപ്പിക്കുകയെന്നത് ഓരോ ഇന്ത്യന്‍ പൗരന്റേയും ഭരണഘടനാപരമായ ചുമതലയാണ്. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ശാസ്ത്രബോധം കൂടിയേ കഴിയൂ.ആ നിലക്ക് നരേന്ദ്ര ധബോദ്ക്കറുടെ രക്തസാക്ഷിത്വത്തിന്റെ പത്താം വര്‍ഷത്തിലെങ്കിലും കേരളസമൂഹത്തിന്റെ ശാസ്ത്രബോധത്തെ ഉയര്‍ത്തിപ്പിടിക്കാനും നരേന്ദ്ര ധബോദ്ക്കറോടുള്ള ആദരവ് പ്രകടിപ്പിക്കാനും അന്ധവിശ്വാസ ചൂഷണ നിരോധനനിയമം അംഗീകരിച്ച് നടപ്പാക്കണമെന്ന് കേരള ശാസ്ത്രസാഹി ത്യപരിഷത്ത് ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com