ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി; മൃ​ഗാശുപത്രി ജീവനക്കാരിയുടെ ജോലി തെറിച്ചു! 

മകൻ അപകടത്തിൽ മരിച്ച ശേഷം ഉമ്മൻ ചാണ്ടിയാണ് തങ്ങളെ സഹായിച്ചത്. ഇക്കാര്യം മാത്രമാണ് താൻ ചാനലുകളിൽ പറഞ്ഞത്
സതിയമ്മ/ ടെലിവിഷൻ ദൃശ്യം
സതിയമ്മ/ ടെലിവിഷൻ ദൃശ്യം

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ചു നല്ലതു പറഞ്ഞതിനു മൃ​ഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ പിരിച്ചു വിട്ടതായി പരാതി. പുതുപ്പള്ളി സ്വദേശിയായ പിഒ സതിയമ്മയ്ക്കാണ് ജോലി നഷ്ടമായത്. പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിനെക്കുറിച്ച് ടെലിവിഷൻ ചാനലുകൾ ചോദിച്ചപ്പോഴാണ് അവർ ഉമ്മൻ ചാണ്ടിയെക്കുറിച്ചു പറഞ്ഞത്. പിന്നാലെയാണ് ജോലിക്ക് ഇനി മുതൽ വരേണ്ടെന്നു അധികൃതർ അവരെ അറിയിച്ചതെന്നും പരാതിയിൽ പറയുന്നു. 

13 വർഷമായി ചെയ്യുന്ന ജോലിയാണ് നഷ്ടമായത്. ഉമ്മൻ ചാണ്ടി ചെയ്ത സഹായങ്ങൾ മാത്രമാണ് താൻ പറഞ്ഞതെന്നും സതിയമ്മ വ്യക്തമാക്കി. 

മകൻ അപകടത്തിൽ മരിച്ച ശേഷം ഉമ്മൻ ചാണ്ടിയാണ് തങ്ങളെ സഹായിച്ചത്. ഇക്കാര്യം മാത്രമാണ് താൻ ചാനലുകളിൽ പറഞ്ഞത്. ഈ ജോലിയാണ് തങ്ങളുടെ ഏക വരുമാന മാർ​ഗമെന്നു അവർ വ്യക്തമാക്കി. ‌

മൃ​ഗാശുപത്രിയിൽ താത്കാലിക ജീവനക്കാരിയായിരുന്നു സതിയമ്മ. നേരത്തെ വൈക്കത്തായിരുന്നു ജോലി. ഇതു അവസാനിച്ച ശേഷം കുടുംബശ്രീ വഴിയാണ് പുതുപ്പള്ളിയിൽ അവർ ജോലിക്ക് കയറിയത്. 

സംഭവത്തിനു പിന്നാലെ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പ്രതികരണവുമായി രം​ഗത്തെത്തി. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നൊക്കെ പറയുന്നവരാണോ ഇതൊക്കെ ചെയ്യുന്നതെന്നു അദ്ദേഹം ചോദിച്ചു. അവർ ഉമ്മൻ ചാണ്ടി ചെയ്ത സഹായത്തെക്കുറിച്ചു മാത്രമാണ് പറഞ്ഞത്. തങ്ങൾക്കെതിരെ ആരെങ്കിലും പറഞ്ഞാൽ അവർ തങ്ങളുടെ പരിധിയിലാണെങ്കിൽ അവരെ ദ്രോഹിക്കുക എന്നതാണ് രീതിയെന്നും ചാണ്ടി ഉമ്മൻ വിമർശിച്ചു. 

അതേസമയം കുടുംബശ്രീ വഴിയാണ് സതിയമ്മയെ ജോലിക്കെടുത്തതെന്നും അവരുടെ ഊഴം അവസാനിച്ചതിനാലാണ് ഒഴിവാക്കിയതെന്നും മൃ​ഗ സംരക്ഷണ വകുപ്പ് അധികൃതർ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com