'കണക്കില്‍പ്പെടാത്ത 31 ലക്ഷം സ്ഥിരനിക്ഷേപം'; എസി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തരബന്ധമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍
എസി മൊയ്തീന്‍
എസി മൊയ്തീന്‍

തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം നേതാവും മുന്‍മന്ത്രിയുമായ എസി മൊയ്തീനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാനായി ഉടന്‍ നോട്ടീസ് അയക്കും.  മൊയ്തീന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ചു. സ്ഥിരനിക്ഷേപമായി 31 ലക്ഷം രൂപയുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തരബന്ധമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ക്രമക്കേടുകള്‍ നടത്താനായി കരുവന്നൂര്‍ സഹകരണബാങ്കില്‍ രണ്ടു രജിസ്റ്ററുകള്‍ ഉണ്ടായിരുന്നതായും കണ്ടെത്തി.

മുന്‍മന്ത്രിയുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എഫ്ഡിയായി കിടക്കുന്ന 31 ലക്ഷം രൂപ കണക്കില്‍പ്പെടാത്തതാണെന്നാണ് ഇഡി പറയുന്നത്. അതിനാലാണ് മരവിപ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോണ്‍സംഭാഷങ്ങള്‍ നടന്നതായും  മൊയ്തീന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചതായും ഇഡി പറയുന്നു.  മൊയ്തീനെ കൂടാതെ അനില്‍ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവര്‍ മൊയ്തീന്റെ ബിനാമികളായിരുന്നുവെന്നാണ് ഇഡി സംശയിക്കുന്നത്. 

ഇവരില്‍ നിന്നായി  നിര്‍ണായകമായ പലരേഖകളും സാമ്പത്തിക നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് സഹകരണബാങ്കില്‍ അന്‍പതോളം അക്കൗണ്ടും മറ്റൊരാള്‍ക്ക് 25-ഓളം അക്കൗണ്ടുകളും ഉണ്ടെന്നാണ് കണ്ടെത്തല്‍. സഹകരണബാങ്കില്‍ തന്നെ ഇത്രയേറെ അക്കൗണ്ടുകള്‍ ആരംഭിക്കുന്നത് ബിനാമി ഇടപാടിന് വേണ്ടിയാണെന്നാണ് ഇഡിയുടെ നിഗമനം. ബിനാമികള്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് മൊയ്തീന്റെ സ്വാധീനത്തില്‍ 45 കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തി. ഇവരെ ചോദ്യംചെയ്ത ശേഷമാവും എസി മൊയ്തീന് നോട്ടീസ് നല്‍കുക. 

കരുവന്നൂര്‍ തട്ടിപ്പില്‍ 2021 ഓഗസ്റ്റ് ഏഴിനാണ് ഇഡി കേസെടുത്തത്. ബാങ്കിന്റെ മുന്‍ സെക്രട്ടറി ടിആര്‍ സുനില്‍ കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സീനിയര്‍ അക്കൗണ്ടന്റായിരുന്ന സികെ ജില്‍സ്, ബാങ്ക് മെമ്പര്‍ കിരണ്‍, കമ്മിഷന്‍ ഏജന്റായിരുന്ന എ.കെ. ബിജോയ്, ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റിലെ അക്കൗണ്ടന്റ് റെജി അനില്‍ എന്നിവര്‍ക്കെതിരേയാണ് കേസ്.

എകെ ബിജോയുടെ 30.70 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. മൊയ്തീന്റെ വീട്ടില്‍ റെയ്ഡ് നടക്കുമ്പോള്‍ പരാതിക്കാരനായ കരുവന്നൂര്‍ ബാങ്ക് എക്സ്റ്റന്‍ഷന്‍ ശാഖാ മാനേജരായിരുന്ന എംവി സുരേഷില്‍നിന്ന് ഇ.ഡി. മൊഴിയെടുക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com