'മനുഷ്യരെല്ലാം ഒന്നുപോലെ, വേര്‍തിരിവ് കൊണ്ട് കലുഷമാകാത്ത മനസുകളുടെ ഒരുമ ആകട്ടെ ഓണം': മുഖ്യമന്ത്രി- വീഡിയോ 

എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍, സ്‌ക്രീന്‍ഷോട്ട്‌
മുഖ്യമന്ത്രി പിണറായി വിജയന്‍, സ്‌ക്രീന്‍ഷോട്ട്‌

തിരുവനന്തപുരം: എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമഭാവനയുടെ സന്ദേശമാണ് ഓണം പകര്‍ന്നുനല്‍കുന്നത്. സമത്വ സുന്ദരവും ഐശ്വര്യപൂര്‍ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണ സങ്കല്‍പ്പം പറഞ്ഞുതരുന്നത്. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന അറിവ് അത്തരത്തിലുള്ള ഒരു കാലം പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുകയെന്നും മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

മുഖ്യമന്ത്രി​യുടെ വാക്കുകള്‍:

സമഭാവനയുടെ സന്ദേശമാണ് ഓണം പകര്‍ന്നുനല്‍കുന്നത്. സമത്വ സുന്ദരവും ഐശ്വര്യപൂര്‍ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണ സങ്കല്‍പ്പം നമുക്ക് പറഞ്ഞുതരുന്നത്. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന അറിവ് അത്തരത്തിലുള്ള ഒരു കാലം പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുക.  കേവലമായ ഒരു തിരിച്ചുപോക്കല്ല ഇത്. ഓണ സങ്കല്‍പ്പം പകര്‍ന്നുനല്‍കുന്നതിനേക്കാള്‍ സമൃദ്ധിയും സമഭാവനയും കളിയാടുന്ന ഒരു കാലത്തെ പുനര്‍നിര്‍മ്മിക്കലാണ്. ഇന്ന് കേരള സര്‍ക്കാരിന്റെ മനസിലുള്ളത് അത്തരമൊരു നവകേരള സങ്കല്‍പ്പമാണ്. ആ നവകേരള സങ്കല്‍പ്പം ആകട്ടെ കേരളത്തെ എല്ലാവിധത്തിലും പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പം നവീകരിച്ച് ശക്തിപ്പെടുത്തും.

അത് യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി പുനര്‍ അര്‍പ്പിക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷം. പരിമിതികള്‍ക്ക് ഉള്ളില്‍ നിന്നാണെങ്കിലും ഓണം ഐശ്വര്യപൂര്‍ണമാക്കാന്‍ വേണ്ടതൊക്കെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.ക്ഷേമ പെന്‍ഷനുകളുടെ വിതരണം മുതല്‍ ന്യായവിലയ്ക്കുള്ള പൊതുവിതരണം വരെ ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രതിസന്ധികളില്‍ സര്‍ക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം ഉണ്ടല്ലോ, സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നതായിരുന്നു അത്. ആഘോഷ വേളയിലും അത് തന്നെ പറയട്ടെ. സര്‍ക്കാര്‍ ഒപ്പമുണ്ട്. മാനുഷിക മൂല്യങ്ങളെല്ലാം മനസില്‍ ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന ശാന്തിയുടെ സമൃദ്ധിയുടെ ഐശ്വര്യത്തിന്റെ വികസനത്തിന്റെ ആഘോഷമാകട്ടെ ഓണം. കേരളത്തിന്റെ ഈ ദേശീയ ഉത്സവം ജാതി,മത വേര്‍തിരിവുകള്‍ക്കൊക്കെ അതീതമായ മാനവിക ഐക്യം ഊട്ടിയുറപ്പിച്ച് കൊണ്ട് നമുക്ക് ആഘോഷിക്കാം. വേര്‍തിരിവ് കൊണ്ടും ഭേദ ചിന്ത കൊണ്ടും കലുഷമാകാത്ത മനസുകളുടെ ഒരുമ അതാവട്ടെ ഇക്കൊല്ലത്തെ ഓണം. എല്ലാവര്‍ക്കും സ്‌നേഹം നിറഞ്ഞ ഓണാശംസകള്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com