
തിരുവനന്തപുരം: നേരത്തെ നിശ്ചയിച്ച സമയപരിധി പ്രകാരം പെൻഷൻ മസ്റ്ററിങ് നടത്താൻ ഇന്നു കൂടി അവസരം. സംസ്ഥാനത്ത് ആകെയുള്ള 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 8 ലക്ഷത്തോളം പേർ കൂടിയാണ് മസ്റ്ററിങ് നടത്താൻ ബാക്കിയുള്ളത്. മസ്റ്ററിങ് പൂർത്തിയാക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങൾ ഇന്നു പ്രവർത്തിക്കും.
സമയപരിധിക്കുള്ളിൽ മസ്റ്ററിങ് പൂർത്തീകരിക്കാത്തവർക്ക് തുടർന്ന് എല്ലാ മാസവും ഒന്നുമുതൽ 20 വരെ ചെയ്യാം. അവർക്ക് മസ്റ്ററിങ്ങിന് അനുവദിച്ച കാലയളവുവരെ പെൻഷന് അർഹതയുണ്ടാകും. തുടർന്ന് മസ്റ്ററിങ് നടത്തിയ മാസം മുതലുള്ള പെൻഷൻ മാത്രമേ ലഭിക്കൂ. മസ്റ്ററിങ് ചെയ്യാത്ത കാലയളവിലെ പെൻഷന് അർഹതയുണ്ടാകില്ല. മസ്റ്റർ ചെയ്തവർക്ക് മാത്രമേ നിശ്ചിത കാലാവധിക്കുശേഷം പെൻഷൻ വിതരണം നടത്തൂ. യഥാസമയം മസ്റ്റർ ചെയ്യാത്തതിനാൽ കുടിശ്ശികയാകുന്ന പെൻഷൻ തുക കുടിശ്ശികക്കായി പണം അനുവദിക്കുമ്പോൾ മാത്രമേ വിതരണം ചെയ്യൂ.
ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ, വയോജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്തവർ വിവരം അറിയിച്ചാൽ അക്ഷയ കേന്ദ്രം പ്രതിനിധി ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ആധാർ ഇല്ലാതെ സാമൂഹികസുരക്ഷ പെൻഷൻ അനുവദിക്കപ്പെട്ട 85 വയസ്സ് കഴിഞ്ഞവർ, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവർ, സ്ഥിരമായി രോഗശയ്യയിലുള്ളവർ, ആധാർ ഇല്ലാതെ പെൻഷൻ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കൾ, ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവർ എന്നിവർ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ/ ക്ഷേമനിധി ബോർഡുകൾ എന്നിവയിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കണം. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യാൻ 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിൽ പോയി മസ്റ്റർ ചെയ്യാൻ 50 രൂപയും ഫീസായി നൽകണം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക