'സത്യഗ്രഹികളുടെ കണ്ണില്‍ ചുണ്ണാമ്പ് വെള്ളമൊഴിച്ചവര്‍ ഖദര്‍ ഇട്ട് നേതാക്കന്‍മാരായി; അതുകണ്ട് നിര്‍ത്തിയതാണ്'

രാഹുല്‍ ജീ, ഈ ജനത നിങ്ങളില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്‌ 
ടി പത്മനാഭന്‍ ടി പത്മനാഭന്‍ പ്രിയദര്‍ശിനി പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുന്നു
ടി പത്മനാഭന്‍ ടി പത്മനാഭന്‍ പ്രിയദര്‍ശിനി പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുന്നു

തിരുവനന്തപുരം: നാട് ഇരുട്ടില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ ഇരുണ്ട ഒരുകാലത്തേക്ക് പോകുകയാണെന്ന് സാഹിത്യകാരന്‍ ടി പത്മനാഭന്‍. ആശയ്ക്ക് വഴിയുണ്ടാകുമോയെന്ന് അറിയില്ല, എന്നാലും താന്‍ ആശിക്കുകയാണ്, പ്രതീക്ഷിക്കുകയാണ് ഈ ഇരുട്ടിന്റെ അപ്പുറത്ത് പ്രതീക്ഷയുണ്ടെന്ന്-പത്മനാഭന്‍ പറഞ്ഞു. കണ്ണൂരില്‍ പ്രിയദര്‍ശിനി പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പത്രപ്രവര്‍ത്തകന്‍ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നപ്പോള്‍ എന്നോട് ചോദിച്ചു. നിങ്ങള്‍ ഒരു സാഹിത്യകാരനായിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു. എനിക്ക് അതിന് ഉത്തരം കൊടുക്കുവാന്‍ ഏറെ നേരം ആലോചിക്കേണ്ടി വന്നില്ല. ഞാന്‍ പറഞ്ഞു. ഒരു മുഴുവന്‍ സമയരാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നുവെന്ന്. ഇത് വളരെ സത്യമായ ഒരു മറുപടിയായിരുന്നു. വളരെ ചെറുപ്പത്തിലേ സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി കോണ്‍ഗ്രസുമായി കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്‍സ് കോണ്‍ഗ്രസുമായി ഇടപഴകിയ ഒരുവ്യക്തിയായിരുന്നു ഞാന്‍. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയുണ്ടായി. അങ്ങനെ വേറെയും ഒട്ടേറെ അനുഭവങ്ങള്‍. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തുവരുടെ കണ്ണില്‍ ചുണ്ണാമ്പ് വെളളമൊഴിച്ച ബ്രിട്ടീഷ് ഭക്തന്‍മാര്‍ സ്വാതന്ത്ര്യം കിട്ടിയ ആ പുലരിയില്‍ ഖദര്‍ വസ്ത്രങ്ങള്‍ സംഘടിപ്പിച്ച് കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതാക്കന്‍മാരായി വാഴുകയും കേളപ്പനെ പോലുള്ളവര്‍ പിന്നിലേക്ക് തള്ളപ്പെടുകയും ചെയ്തു. ഇത് കണ്ടപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഒഴിവാക്കുകയായിരുന്നു''. പത്മനാഭന്‍ പറഞ്ഞു.

'എങ്കിലും സജീവമായ രാഷ്ട്രീയ താത്പര്യം എന്നും ഉണ്ടായിരുന്നു. ചെറുപ്പത്തില്‍ ഉളളത് തന്നെ ഇപ്പോഴും ഉണ്ട്. ഞാന്‍ എന്റെ യൗവനത്തില്‍ കണ്ണൂരില്‍ നിന്ന് കുറേക്കാലം വിട്ടുനിന്നിരുന്നു. അപ്പോള്‍ ഇവിടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകരെയോ നേതാക്കളെയോ ഒന്നും എനിക്ക് അടുത്ത് പരിചയമുണ്ടായിരുന്നില്ല. പിന്നീട് വീണ്ടും കണ്ണൂരിലേക്ക് തിരിച്ചുവന്നപ്പോള്‍ പഴയ നേതാക്കളെയാരെയും കണ്ടില്ല. പുതിയൊരു തലമുറ ഇവിടെ ഉദിച്ച് വന്നതാണ് ഞാന്‍ കണ്ടത്. ആ കൂട്ടരില്‍ എന്നെ ഏറെ സ്വാധീനിച്ച രണ്ടുമൂന്ന് വ്യക്തികളുണ്ട്. അവരുടെ പേര് പറഞ്ഞില്ലെങ്കില്‍ എന്നോടുമാത്രമല്ല ഈ നാടിനോടും പ്രസ്ഥാനത്തോടും ചെയ്യുന്ന വലിയ അനീതിയാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആദ്യമായി സതീശന്‍ പാച്ചേനി. അദ്ദേഹം മരിച്ചപ്പോള്‍ കണ്ണൂര്‍ കണ്ട വിലാപയാത്ര മറ്റൊരു കോണ്‍ഗ്രസ് നേതാവ് മരിച്ചപ്പോള്‍ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. അത്ര വലിയ വിലാപയാത്രയായിരുന്നു. ത്യാഗം എന്നത് എന്താണ്, തന്റെ പ്രസ്ഥാനത്തോട് അങ്ങേയറ്റം കൂറ് പുലര്‍ത്തി എനിക്ക് എന്തുകിട്ടും എന്നാലോചിക്കാതെ തന്റെ സര്‍വസ്വവും ഈ പാര്‍ട്ടിക്ക് വേണ്ടി സംഭാവന നല്‍കിയ സതീശന്‍ പാച്ചേനി, പിന്നെ പ്രമോദ്, മാര്‍ട്ടീന്‍ ജോര്‍ജ് തുടങ്ങിയ വ്യക്തികളാണ്. വേറെയും ആളുകളുണ്ട്. എന്റെ മനസില്‍ പ്രധാനമായി പൊന്തിവരുന്നത് അവരാണ്' 

'കെസി വേണുഗോപാല്‍ തന്റെ പ്രസംഗത്തില്‍ ടാഗോറിനെ കുറിച്ച് പറയുകയുണ്ടായി. യുനസ്‌കോ പൈതൃകപട്ടികയില്‍ ശാന്തിനികേതനം പെടുത്തുന്നതിന് ഏതാണ്ട് ഒരു കൊല്ലം മുന്‍പെ തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളജില്‍ കോണ്‍ഗ്രസിലെ ഒരുകുട്ടം ചെറുപ്പക്കാര്‍ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ ടാഗോറിന്റെ പേരിലുള്ള പുരസ്‌കാരം തരികയുണ്ടായി. അന്ന് ഞാന്‍ അവിടെ വച്ച് പറയുകയുണ്ടായി. ടാഗോറും ശാന്തിനികേതനും മറ്റും വിസ്മരിക്കപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്ന്. സ്ഥാപകന്‍ തന്നെ മറ്റ് ആളാണെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ടിവരികയില്ലെന്ന്. അത് പിന്നീട് സംഭവിച്ചു'. 

'നമ്മുടെ നാട് ഇരുട്ടില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ ഇരുണ്ട ഒരുകാലത്തേക്ക് കടന്നുചൊല്ലുകയാണ്. ആശയ്ക്ക് വഴിയുണ്ടാകുമോയെന്ന് അറിയില്ല. എന്നാലും ഞാന്‍ ആശിക്കുകയാണ് പ്രതീക്ഷിക്കുകയാണ് ഈ ഇരുട്ടിന്റെ അപ്പുറത്ത് പ്രതീക്ഷയുണ്ട്. പ്രിയപ്പെട്ട രാഹുല്‍, എന്‍വി കൃഷ്ണവാര്യര്‍ പണ്ഡിറ്റ് നെഹ്രുവിനെ കുറിച്ച് എഴുതിയ കവിത ഏറെ ശ്രദ്ധേയമാണ്. അത് ഇങ്ങനയൊണ്. 'തേരിത് തെളിച്ചിടുക ധീരനാം സാരഥേ, നേരുന്നു ഞങ്ങള്‍ അങ്ങേക്ക് അഖില ഭാരതം'. ഇത് നിങ്ങള്‍ക്കും ബാധകമാണ്. ഇത് സംരക്ഷിക്കുക.  ഈ ജനത നിങ്ങളില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു'  ടി പത്മനാഭന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com