സ്ത്രീധനം ചോദിച്ചാല്‍ താന്‍ പോടോ എന്ന് പെണ്‍കുട്ടികള്‍ പറയണം; മിശ്രവിവാഹം തടയാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അത് നടക്കില്ല; പിണറായി

യുവ ഡോക്ടറുടെ ആത്മഹത്യ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും ഇതില്‍ നിയമപരമായി ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
പിണറായി വിജയന്‍ മാധ്യമങ്ങളെ കാണുന്നു
പിണറായി വിജയന്‍ മാധ്യമങ്ങളെ കാണുന്നു

തൃശൂര്‍: സ്ത്രീധനം തന്നാലെ തന്നെ വിവാഹം കഴിക്കൂ എന്ന് പറയുന്ന ആളോട് താന്‍ പോടോ എന്ന് പറയുന്ന കരുത്തിലേക്ക് പെണ്‍കുട്ടികള്‍ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  അത് നമ്മുടെ സമൂഹത്തിന്റെ പൊതുബോധമായി മാറണം. ആ കുട്ടിക്ക് അതിനനുസരിച്ചുള്ള പിന്തുണ രക്ഷിതാക്കള്‍ നല്‍കണം. യുവ ഡോക്ടറുടെ ആത്മഹത്യ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും ഇതില്‍ നിയമപരമായി ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഇന്നത്തെ പൊതുസമൂഹത്തില്‍ മിശ്രവിവാഹം തടയാന്‍ ആര്‍ക്കും കഴിയില്ല. ധാരാളം വിവാഹം അത്തരത്തില്‍ നടക്കുന്നുണ്ട്. മിശ്രവിവാഹ ബ്യൂറോ നടത്തുന്ന സംഘടനയല്ല ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും. ഇഷ്ടമുള്ള ചെറുപ്പക്കാരും ചെറുപ്പക്കാരികളും വിവാഹം ചെയ്യുന്നത് ആര്‍ക്കും തടയാനാവില്ല. അത് തടഞ്ഞ് കളയാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അതൊന്നും സാധിക്കുന്ന കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2022 ജൂണ്‍ മൂന്നിന്റെ  സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ  ഹര്‍ജിയും കേന്ദ്രസര്‍ക്കാര്‍ മോഡിഫിക്കേഷന്‍  ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങള്‍ എടുത്ത് പറഞ്ഞുകൊണ്ട് ജനവാസമേഖലകള്‍ ബഫര്‍സോണ്‍ പരിധിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടി അനുവദിച്ചിരിക്കുന്നു. ബഫര്‍സോണ്‍ പ്രദേശങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സംസ്ഥാനങ്ങള്‍ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന് നേരത്തെ സമര്‍പ്പിച്ചിട്ടുള്ള കരട് വിജ്ഞാപനങ്ങള്‍ക്കും അന്തിമവിജ്ഞാപനങ്ങള്‍ക്കും ഒരു കി.മീ പരിധി വേണമെന്ന വിധി ബാധകമല്ല എന്ന് സുപ്രീം കോടതി മുന്‍പ് വ്യക്തമാക്കിയിരുന്നെന്നും പിണറായി പറഞ്ഞു 

പുനഃപരിശോധനാ  ഹര്‍ജി അനുവദിച്ചതിനാല്‍   കാലാവധി കഴിഞ്ഞതും പുതുക്കിയ കരട് വിജ്ഞാപനങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതുമായ പ്രദേശങ്ങളെ സംബന്ധിച്ച കരട് വിജ്ഞാപനം തയ്യാറാക്കാവുന്നതാണ്. അങ്ങനെ തയ്യാറാക്കുമ്പോള്‍ ഏതെങ്കിലും പ്രദേശത്തെ ജനവാസമേഖകള്‍ നേരത്തെ നല്‍കിയ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഒരിക്കല്‍ കൂടി പരിശോധിക്കുന്നതിനും ജനവാസമേഖല പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമാണ് നിലവില്‍ വന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ അംഗീകരിച്ചു കൊണ്ടുള്ള ബഹു. സുപ്രീം കോടതി വിധി ജനങ്ങളെ കുറേ കാലമായി അലട്ടുന്ന ഒരു പ്രശ്‌നത്തിനുള്ള പരിഹാരമായിരിക്കുന്നു. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പു പാലിക്കാന്‍ കഴിഞ്ഞെന്ന് സര്‍ക്കാരിന്  അഭിമാനത്തോടെ പറയാം.

നവകേരള സദസ്സ് ജനാധിപത്യത്തിന്റെ മാത്രമല്ല; ഭരണനിര്‍വ്വഹണത്തിന്റെ കൂടി പുതിയ ഒരു മാതൃക ഉയര്‍ത്തുകയാണ്. ഓരോ വേദിയിലും തങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനും പരിഹാരം കാണാനുമായി ഇന്നലെവരെ  3,00 ,571  പേരാണ്  നിവേദനങ്ങളുമായെത്തിയത്. ഇത്രയധികം നിവേദനങ്ങള്‍ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ വാഗ്ദാനം ചെയ്ത സമയത്തിനുള്ളില്‍ തന്നെപരിഹാരങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു വരികയാണ്. 

നവംബര്‍ 18,19 തീയതികളില്‍ കാസര്‍കോട് ജില്ലയില്‍  നവകേരള സദസ്സിന്റെ ഭാഗമായി ഒരുക്കിയ കൗണ്ടറുകളില്‍ ആകെ 14701 നിവേദനകളാണ്  ലഭിച്ചത്. 255 എണ്ണം തീര്‍പ്പാക്കി. 11950 എണ്ണം  വിവിധ വകുപ്പ് ഓഫീസുകളില്‍ പരിഗണനയിലാണ്. പൂര്‍ണമല്ലാത്തതും അവ്യക്തവുമായ 14 പരാതികള്‍ പാര്‍ക്ക് ചെയ്തു. 2482 എണ്ണം നടപടി ആരംഭിച്ചു.

തദ്ദേശ സ്വയം ഭരണം, റവന്യു, ഭക്ഷ്യ, സിവില്‍ സപ്ലൈസ്, സഹകരണം, ജലവിഭവം, പൊതുമരാമത്ത്, പൊതു വിദ്യാഭ്യാസം, ആരോഗ്യം, കുടുംബക്ഷേമം, പട്ടികജാതി പട്ടിക വര്‍ഗ വികസനം എന്നീ വകുപ്പുകളിലാണ് കൂടുതല്‍ നിവേദനങ്ങള്‍  ലഭിച്ചത്. തദ്ദേശ സ്വയം ഭരണ വകുപ്പില്‍ ലൈഫ് പദ്ധതി ഉള്‍പ്പെടെ 4488, റവന്യു വകുപ്പില്‍ 4139 , കളക്ടറേറ്റില്‍ 580, ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പില്‍ 496, പൊതു വിദ്യാഭ്യാസ വകുപ്പില്‍ 359, പൊതുമരാമത്ത് വകുപ്പില്‍ 331, തൊഴില്‍ വകുപ്പില്‍ 305, പട്ടികജാതി പട്ടിക വര്‍ഗവികസന വകുപ്പില്‍ 303, സഹകരണ വകുപ്പില്‍ 302, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 257 എന്നിങ്ങനെയാണ് നിവേദനങ്ങള്‍  പരിഗണനയ്ക്കു വന്നത്. 

കണ്ണൂര്‍ ജില്ലയില്‍ 11 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി ആകെ 28801 നിവേദനങ്ങളാണ് ലഭിച്ചത്.. ഏറ്റവുമധികം നിവേദനങ്ങള്‍ എല്‍എസ്ജിഡിയുമായി ബന്ധപ്പെട്ടാണ് വന്നത്. ലഭിച്ച 8663 നിവേദനങ്ങളില്‍ 4614 എണ്ണത്തില്‍ നടപടി ആരംഭിച്ചു. രണ്ടെണ്ണം  തീര്‍പ്പാക്കി. റവന്യു-5836, സഹകരണം-2118, പൊതുവിദ്യാഭ്യാസം-1274, ഭക്ഷ്യ സിവില്‍സപ്ലൈസ്-1265, തൊഴില്‍ വകുപ്പ്-1231, പൊതുമരാമത്ത്-722, ആരോഗ്യ-കുടുംബക്ഷേമം-719, സാമൂഹ്യനീതി-596, ജലവിഭവം-458 എന്നിങ്ങനെയാണ് വ്യത്യസ്ത വകുപ്പുകളില്‍ ലഭിച്ച നിവേദനങ്ങള്‍.  ഇതില്‍ ഇതുവരെ 312 എണ്ണം  തീര്‍പ്പാക്കി. 12510 ല്‍ നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com