'സൂക്ഷ്മ രാഷ്ട്രീയം സിനിമയിലൂടെ പറഞ്ഞ് യോ​ഗ്യത തെളിയിച്ച വ്യക്തി'- ജിയോ ബേബിക്ക് ഐക്യ​ദാർഢ്യമെന്നു മന്ത്രി ബിന്ദു

സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നു
ചിത്രം: ഫെയ്സ്ബുക്ക്
ചിത്രം: ഫെയ്സ്ബുക്ക്

കൊച്ചി: സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ പിന്തുണച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളജിന്റെ നടപടിയെ അപലപിക്കുന്നതായും അവർ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പിന്തുണ.

മന്ത്രിയുടെ കുറിപ്പ്

സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നു. കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാൽ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് ശ്രീ ജിയോ ബേബിയുടെത്. 

‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ‘ എന്ന സിനിമയിലൂടെ ഇന്ത്യൻ സ്ത്രീകളുടെ ദുരവസ്ഥ കൃത്യമായും വ്യക്തമായും പറയുകയും മാറ്റത്തിലേക്ക് വിരൽ ചൂണ്ടുകയും ചെയ്തു. ഇപ്പോൾ “കാതൽ“ എന്ന സിനിമ ഈ സമൂഹത്തിൽ ഒരു വിഭാഗം മനുഷ്യർ- സ്വവർഗ്ഗ ലൈംഗിക ആഭിമുഖ്യമുള്ളവർ അനുഭവിക്കുന്ന ആന്തരിക സംഘർഷങ്ങളും സമ്മർദ്ദങ്ങളും സമൂഹ ശ്രദ്ധയിൽ കൊണ്ടുവരുന്നു. അവരും മനുഷ്യർ ആണെന്ന് തിരിച്ചറിഞ്ഞ് അനുഭാവ പൂർണ്ണം പെരുമാറേണ്ടുന്നതിനെ കുറിച്ച് ഓർമ്മിപ്പിക്കുന്നു.

സിനിമയുടെ സൂക്ഷ്മ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാനായാണ് കോളേജ് ഫിലിം ക്ലബ് അദ്ദേഹത്തെ ക്ഷണിച്ചത്. അതിനുള്ള അദ്ദേഹത്തിന്റെ യോഗ്യത തന്റെ സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. പക്ഷേ, പിന്നീട് കോളേജ് യൂണിയൻ ഇടപെട്ട് പരിപാടി ക്യാൻസൽ ചെയ്യിച്ചു എന്നാണ് മനസ്സിലാക്കുന്നത്.

ജിയോ ബേബി ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. അത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കും. ശ്രീ ജിയോ ബേബിക്കുണ്ടായ മാനസികവിഷമത്തിലും അപമാനത്തിലും ഉന്നതവിദ്യാഭ്യാസ/സാമൂഹ്യനീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എന്ന നിലക്ക് അദ്ദേഹത്തോട് ഐക്യം പ്രഖ്യാപിക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com