കളമശേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിനിയും മരിച്ചു, ആകെ മരണം എട്ടായി 

കളമശേരി സ്‌ഫോടനത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു
കളമശേരിയിലുണ്ടായ സ്ഫോടനം/ഫയൽ
കളമശേരിയിലുണ്ടായ സ്ഫോടനം/ഫയൽ

കൊച്ചി: കളമശേരി സ്‌ഫോടനത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇടുക്കി തൊടുപുഴ വണ്ടമറ്റം സ്വദേശിനി ലില്ലി ജോണ്‍ (76) ആണ് മരിച്ചത്. സ്‌ഫോടനത്തില്‍ മരിച്ച ജോണിന്റെ ഭാര്യയാണ് ലില്ലി. രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, അഞ്ചുദിവസം മുന്‍പാണ് റിട്ട. വില്ലേജ് ഓഫീസറായിരുന്ന ജോണ്‍ മരിച്ചത്. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി.

പെരുമ്പാവൂര്‍ കുറുപ്പുംപടി ഇരിങ്ങോള്‍ വട്ടോളിപ്പടി പരേതനായ പുളിക്കല്‍ പൗലോസിന്റെ ഭാര്യ ലെയോണ (55), തൊടുപുഴ കാളിയാര്‍ കുളത്തിങ്കല്‍ വീട്ടില്‍ കുമാരി പുഷ്പന്‍ (53), മലയാറ്റൂര്‍ കടവന്‍കുടി വീട്ടില്‍ പ്രദീപന്റെ മകന്‍ പ്രവീണ്‍ (24), പ്രവീണിന്റെ അമ്മ സാലി (റീന-45), സഹോദരി ലിബ്‌ന (12), ആലുവ മുട്ടം ജവാഹര്‍ നഗര്‍ ഗണപതിപ്ലാക്കല്‍ വീട്ടില്‍ മോളി ജോയ് (61) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.

ഒക്ടോബര്‍ 29ന് രാവിലെ ഒമ്പതരയോടെ കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണു സ്‌ഫോടനമുണ്ടായത്. മൂന്നു പേര്‍ അന്നു തന്നെ മരിച്ചിരുന്നു. 52 പേര്‍ക്കാണ് പരിക്കേറ്റത്. സംഭവം നടന്ന അന്നു തന്നെ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. മുന്‍പ് 'യഹോവയുടെ സാക്ഷികള്‍'ക്കൊപ്പമായിരുന്നുവെന്നും അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നു സ്‌ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നെന്നാണ് ഇയാള്‍ അറിയിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com