കാനം രാജേന്ദ്രന്റെ സംസ്‌കാരം മറ്റന്നാള്‍; നാളെ തിരുവനന്തപുരത്ത് പൊതുദര്‍ശനം

ഞായറാഴ്ച രാവിലെ പത്തിനും പതിനൊന്നിനും ഇടയില്‍ കോട്ടയത്തെ വാഴൂരില്‍ മൃതദേഹം സംസ്‌കരിക്കും.
ചിത്രം: ഫെയ്‌സ്‌ബുക്ക്
ചിത്രം: ഫെയ്‌സ്‌ബുക്ക്

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച. നാളെ രാവിലെ ഏഴ് മണിക്ക് എറണാകുളത്ത് നിന്ന് മൃതദേഹം ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും. അതിന് ശേഷം ഉച്ചക്ക് രണ്ടുമണിവരെ പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിനുശേഷം മൃതദേഹം കോട്ടയത്തേക്ക് വിലാപയാത്രയായി കൊണ്ടുപോകും തുടര്‍ന്ന് വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ഞായറാഴ്ച രാവിലെ പത്തിനും പതിനൊന്നിനും ഇടയില്‍ കോട്ടയത്തെ വാഴൂരില്‍ മൃതദേഹം സംസ്‌കരിക്കും.

ഇന്ന് വൈകീട്ട് അഞ്ചരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കാനം രാജേന്ദ്രന്‍ അന്ത്യം. പ്രമേഹം മൂര്‍ച്ഛിച്ച്, കാലിന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. 1950 നവംബര്‍ പത്തിന് കോട്ടയം കാനത്ത് ജനനം. വാഴൂര്‍ എസ്‌വിആര്‍എന്‍എസ്എസ് സ്‌കൂള്‍, കോട്ടയം ബസേലിയോസ് കോളജ്, മോസ്‌കോ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്.

2022ല്‍ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തില്‍വച്ച് മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാകുന്നത്. 53 വര്‍ഷമായി സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. രണ്ട് തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 2015 ല്‍ കോട്ടയം സംസ്ഥാനസമ്മേളനത്തില്‍ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി. എഐഎസ്എഫിലൂടെയായിരുന്നു പൊതുജീവിതം ആരംഭിച്ചത്. പിന്നീട് എഐവൈഎഫ് പ്രവര്‍ത്തകനായ കാനം 1970 ല്‍ സംസ്ഥാന സെക്രട്ടറിയായി. ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കേരളത്തില്‍ എഐവൈഎഫിന്റെ അടിത്തറ വിപുലമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

1970 ല്‍ സിപിഐ സംസ്ഥാന കൗണ്‍സിലിലും പിന്നീട് എന്‍ ഇ ബാലറാം സെക്രട്ടറിയായിരിക്കേ സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായി. 25 വയസായിരുന്നു അന്ന് പ്രായം. എംഎന്‍, സി അച്യുതമേനോന്‍, ടിവി തോമസ്, വെളിയം ഭാര്‍ഗവന്‍ തുടങ്ങിയ മഹാരഥന്മാര്‍ക്കൊപ്പമുള്ള പ്രവര്‍ത്തനത്തിലൂടെ ലഭിച്ച അനുഭവ സമ്പത്താണ് കാനത്തിന്റെ വഴികാട്ടി. യുവജന രംഗത്തു നിന്ന് നേരിട്ട് ട്രേഡ് യൂണിയന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങളിലാണ് കാനം ശ്രദ്ധയൂന്നിയത്.

82 ല്‍ വാഴൂരില്‍ നിന്ന് നിയമസഭാംഗമായി. രണ്ട് തവണ വാഴൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് മികച്ച പാര്‍ലമെന്റേറിയന്‍ എന്ന ഖ്യാതി നേടി. നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളുടെ ജീവിത സുരക്ഷയ്ക്കായി കാനം നിയമസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ ചുവടുപിടിച്ചാണ് പിന്നീട് നിര്‍മ്മാണ തൊഴിലാളി നിയമം നിലവില്‍വന്നത്. കേരള നിയമസഭയില്‍ കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും കാനവും കന്നിക്കാരായി ഒരുമിച്ചെത്തിയവരായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com