കൊച്ചി മെട്രോ: തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള പരീക്ഷണ ഓട്ടം വിജയകരം

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ  അവസാന സ്റ്റേഷന്‍ ആയ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള പരീക്ഷണ ഓട്ടം വിജയകരം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ  അവസാന സ്റ്റേഷന്‍ ആയ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള പരീക്ഷണ ഓട്ടം വിജയകരം. ഡിസംബര്‍ 7ന് രാത്രി 11.30ന് എസ് എന്‍ ജംഗ്ഷന്‍ മെട്രോ സ്റ്റേഷനില്‍ നിന്നാണ് പരീക്ഷണയോട്ടത്തിന്റെ  നടപടികള്‍ ആരംഭിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30നാണ് ആദ്യ പരീക്ഷണയോട്ടം നടത്തിയത്.

വേഗത കുറച്ച് , ഭാരം കയറ്റാതെയാണ് എസ് എന്‍ ജംഗ്ഷന്‍ - തൃപ്പൂണിത്തുറ മേഖലയിലെ ആദ്യ ഘട്ട പരീക്ഷണ ഓട്ടം നടത്തിയത്. സിഗ്‌നല്‍ സംവിധാനങ്ങളിലെ കൃത്യത ഉള്‍പ്പെടെ ഉറപ്പുവരുത്തുന്നതിനായി ഈ മേഖലയിലെ ആദ്യ ട്രയല്‍ റണ്‍ സഹായകരമായി. വരും ദിവസങ്ങളിലും ഈ മേഖലയില്‍ പരീക്ഷണയോട്ടം തുടരും. മൂന്ന് പ്ലാറ്റ്‌ഫോമും മൂന്ന് ട്രാക്കുകളുമാണ് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. 1.35 ലക്ഷം ചതുരശ്ര അടിയില്‍ വിസ്തീര്‍ണ്ണമുള്ള തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്.

എസ്എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ 1.18 കിലോമീറ്ററിന്റെ നിര്‍മ്മാണമാണ് നിലവില്‍ അവസാനഘട്ടത്തില്‍ എത്തിയിരിക്കുന്നത്. സ്റ്റേഷന്റെയും വയഡക്റ്റിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി. സിഗ്‌നലിംഗ്,ടെലികോം,ട്രാക്ഷന്‍ ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇവയുടെയും ട്രയല്‍ റണ്‍ ഉടന്‍ ആരംഭിക്കും. ഓപ്പണ്‍ വെബ് ഗിര്‍ഡര്‍ സാങ്കേതിക വിദ്യ കൊച്ചി മെട്രോയില്‍ ആദ്യമായി ഉപയോഗിച്ചത് എസ്എന്‍ ജംഗ്ഷന്‍- തൃപ്പൂണിത്തുറ സ്റ്റേഷന്‍ മേഖലയില്‍ ഉള്‍പ്പെട്ട 60 മീറ്റര്‍ ദൂരത്തിലാണ്. ആലുവ മുതല്‍  തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com