നവകേരള സദസ്സില്‍ പങ്കെടുക്കണം, മൃതദേഹം സംസ്‌കരിക്കാന്‍ പറ്റില്ല; മടക്കി അയച്ചെന്ന് പഞ്ചായത്ത് ശ്മശാനത്തിനെതിരെ പരാതി

ശ്മശാനം പ്രവര്‍ത്തകന്റെ നടപടിക്കെതിരെ വാര്‍ഡ് മെമ്പര്‍ കീഴ്മാട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്
സ്മൃതിതീരം ശ്മശാനം / ചിത്രം : ന്യൂ ഇൻഡ്യൻ എക്സ്പ്രസ്
സ്മൃതിതീരം ശ്മശാനം / ചിത്രം : ന്യൂ ഇൻഡ്യൻ എക്സ്പ്രസ്

കൊച്ചി: മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പങ്കെടുക്കേണ്ടതിനാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ ശ്മശാനം അനുവദിച്ചില്ലെന്ന് ആരോപണം. ആലുവ കീഴ്മാട് പഞ്ചായത്തിന്റെ സ്മൃതിതീരം പൊതു ശ്മശാനത്തിനെതിരെയാണ് പരാതി. ശശി പി എ എന്ന 60 കാരന്റെ മൃതദേഹമാണ് നവകേരള സദസ് മൂലം സംസ്‌കരിക്കാന്‍ തയ്യാറല്ലെന്ന് ശ്മശാനം സൂക്ഷിപ്പുകാരൻ വീട്ടുകാരെ അറിയിച്ചത് എന്ന് ദി ന്യൂ ഇൻഡ്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്തു.  

വീടിന് സമീപത്തു തന്നെയാണ് ശ്മശാനം. വൈകീട്ട് നാലിന് സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ശ്മശാനത്തില്‍ സംസ്‌കാരം നടത്താന്‍ കഴിയില്ലെന്ന് ശ്മശാനം പ്രവര്‍ത്തകനായ അശോകന്‍ അറിയിക്കുകയായിരുന്നുവെന്ന് ശശിയുടെ മകന്‍ ശ്യാം പറയുന്നു. തുടര്‍ന്ന് എട്ടു കിലോമീറ്റര്‍ അകലെ അശോകപുരത്തെ എസ്എന്‍ഡിപി ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. 

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ് ശശിയും കുടുംബവും. പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിന് 1500 രൂപ നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ വേറെ ശ്മശാനത്തില്‍ സംസ്‌കരിച്ചതിനാല്‍ 4500 രൂപ നല്‍കേണ്ടി വന്നു. പണത്തേക്കാളുപരി, മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറാകാതിരുന്ന നടപടി മൃതദേഹത്തോടും ആ കുടുംബത്തോടും കാണിച്ച അനാദരവാണെന്ന് കുടുംബ സുഹൃത്ത് അനസ് ന്യൂ ഇൻഡ്യൻ എക്സ്പ്രസിനോട് പറഞ്ഞു. 

ശശി പി എ
ശശി പി എ

ശ്മശാനം പ്രവര്‍ത്തകന്റെ നടപടിക്കെതിരെ വാര്‍ഡ് മെമ്പര്‍ സനില കീഴ്മാട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.  ന്യായീകരിക്കാനാവുന്ന പ്രവൃത്തി അല്ലെന്നും, ശ്മശാനം നടത്തിപ്പുകാരനെതിരെ കര്‍ശന നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ രാഷ്ട്രീയപ്രേരിതമായ ആരോപണമാണ് അതെന്നാണ് ശ്മശാനം പ്രവര്‍ത്തകന്‍ അശോകന്‍ പറയുന്നത്. വ്യക്തിപരമായ അസൗകര്യം അറിയിച്ചു. എന്നാല്‍ തന്റെ സഹായികള്‍ മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറായിരുന്നുവെന്നും അശോകന്‍ പറയുന്നു

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com