നവകേരള സദസില്‍ പരാതി നല്‍കാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു

ഇടുക്കി ദേവികുളം ലാക്കാട് സ്വദേശി ഗണേശനാണ് മരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ: നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ ആള്‍ കുഴഞ്ഞുവീണുമരിച്ചു. ഇടുക്കി ദേവികുളം ലാക്കാട് സ്വദേശി ഗണേശനാണ് മരിച്ചത്. അടിമാലിയില്‍ നവകേരള സദസില്‍ പരാതി നല്‍കാന്‍ വരി നില്‍ക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. 

അതേസമയം, ഇടുക്കിയുടെ മണ്ണിലേക്ക് നവകേരള സദസുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ എത്തുന്നത് തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആറു പതിറ്റാണ്ടിലേറെക്കാലമായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താനാണ് കഴിഞ്ഞ സെപ്തംബര്‍ 14ന് 1960 ലെ ഭൂപതിവ് നിയമം കേരള നിയമസഭ ഭേദഗതി ചെയ്തത്. ഇതോടെ 1964 ലെ ഭൂപതിവ് ചട്ടങ്ങള്‍ക്ക് മാറ്റം വരാന്‍ പോകുകയാണ്. സ്വന്തം ഭൂമിയില്‍ അവകാശമില്ലാതെ കഴിയേണ്ടിവരുന്ന മലയോര മേഖലയിലെ ജനങ്ങളുടെ അത്യധികം സങ്കീര്‍ണ്ണമായ ഭൂമി പ്രശ്‌നത്തെ ഏറ്റവും അനുഭാവപൂര്‍വ്വം അഭിസംബോധന ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ 2023 ലെ 'കേരളാ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ (ഭേദഗതി) ബില്‍' നിയമമാവുന്നതോടെ പതിച്ചു നല്‍കിയ ഭൂമിയില്‍ കൃഷിക്കും വീടിനും പുറമെ സര്‍ക്കാര്‍ അനുമതികളോടെ കാര്‍ഷിക മേഖലയിലെ വാണിജ്യ കേന്ദ്രങ്ങളില്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഒരളവുവരെയുള്ളവ ഇളവനുവദിച്ച് സാധൂകരിക്കപ്പെടും. ഈ ബില്‍ ഇനിയും ഗവര്‍ണ്ണര്‍ അംഗീകരിച്ചു നല്‍കിയിട്ടില്ല.

'2016 ലെ സര്‍ക്കാര്‍ വരുമ്പോള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം റദ്ദാക്കിയ നിലയിലായിരുന്നു ഇടുക്കി മെഡിക്കല്‍ കോളജ്. വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആകുമെന്ന് കണ്ട് മറ്റു മെഡിക്കല്‍ കോളജുകളിലേക്ക് ഇവരുടെ പഠനം മാറ്റി അംഗീകാരം നേടുകയായിരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയ മതിയായ കിടക്കകളുള്ള ആശുപത്രി, കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ അക്കാദമിക്ക് ബ്ലോക്ക് ഇവയെല്ലാം തുടര്‍ന്ന് സജ്ജമാക്കി ഒപി ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

പുതിയ ബ്ലോക്കുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും അവ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മറ്റു സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഇടപെടലുകള്‍ നടത്തുകയും കഴിഞ്ഞ അക്കാദമിക് വര്‍ഷം മുതല്‍ 100 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിന് അംഗീകാരം ലഭ്യമാകുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം പുതുതായി 60 വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന നേഴ്‌സസിംഗ് കോളജിന്റെ ബാച്ചും ആരംഭിച്ചു.

2016-21 കാലയളവില്‍ ഇടുക്കി ജില്ലയില്‍ 37,815 പേര്‍ക്കാണ് പട്ടയം അനുവദിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍ ഇടുക്കിയില്‍ 6459 പട്ടയങ്ങള്‍ വിതരണം ചെയ്തു. വനാവകാശ നിയമപ്രകാരം 368.94 ഏക്കര്‍ ഭൂമിക്ക് കൈവശാവകാശ രേഖ നല്‍കി.

ആനവിലാസം വില്ലേജ് - മൂന്നാര്‍ മേഖലയില്‍ നിന്നും വളരെ അകലെ സ്ഥിതിചെയ്യുന്നതും കാര്‍ഷികവൃത്തി മുഖ്യസ്രോതസ്സായി നില്‍ക്കുന്ന മേഖലയായ ആനവിലാസം വില്ലേജില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത് അവിടുത്തെ ജനങ്ങള്‍ക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഈ വില്ലേജില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് റവന്യൂ വകുപ്പിന്റെ എന്‍ഒസി വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കി.

മൂന്നാറിന്റെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പരിസ്ഥിതി സന്തുലിത വികസന പ്രശ്‌നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം കാണുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്. ഇക്കാര്യത്തിലുള്ള നിര്‍ണ്ണായക ചുവടുവയ്പാണ് മൂന്നാര്‍ ഹില്‍ ഏര്യ അതോറിറ്റിയുടെ രൂപീകരണം.

മൂന്നാര്‍ മേഖലയിലെ പഞ്ചായത്തുകളുടെ ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള പ്രവര്‍ത്തനത്തിലുപരി ദീര്‍ഘവീക്ഷണ കാഴ്ചപ്പാടോടെ മൂന്നാറിന്റെയും സമീപ പ്രദേശങ്ങളുടെയും വികസനം പ്രാദേശിക സര്‍ക്കാരുകളുടെ കൂട്ടായ ചര്‍ച്ചകളിലൂടെ ആസൂത്രണം ചെയ്യുക എന്നതാണ് അതോറിറ്റിയുടെ ലക്ഷ്യം.

മൂന്നാറിന്റെ വികസനം മുന്നില്‍കണ്ട് നടപ്പാക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും വേണം.ഈ മേഖലയുടെ വികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി ജോയിന്റ് ആസൂത്രണ സമിതി രൂപീകരിച്ചിട്ടുണ്ട്. മൂന്നാറിന്റെ ജൈവ പാരിസ്ഥിതിക വ്യവസ്ഥയും ടൂറിസം സാധ്യതയും നിലനിര്‍ത്തുന്നതിന് ഉപയുക്തമായ തരത്തിലായിരിക്കും അതോറിറ്റിയുടെ പ്രവര്‍ത്തനം. പരിസ്ഥിതിലോല പ്രദേശങ്ങളുടെ ജൈവവൈവിധ്യം സംരക്ഷിക്കാനും ഉപജീവനമാര്‍ഗ്ഗം നിലനിര്‍ത്താനുമുള്ള ആവശ്യകത നിറവേറ്റാനും അതോറിറ്റിയുടെ പ്രവര്‍ത്തനത്തിലൂടെ സാധ്യമാകും'-മുഖ്യമന്ത്രി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com