'അന്വേഷണം പ്രാഥമിക ഘട്ടത്തില്‍, തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത'; യുവ വനിത ഡോക്ടറുടെ മരണത്തില്‍ റുവൈസിന്റെ ജാമ്യഹര്‍ജി തള്ളി

സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ യുവ വനിത ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഡോ. റുവൈസിന്റെ ജാമ്യഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി തള്ളി
ഡോ. ഷഹ്ന, ഡോ. റുവൈസ് / ടിവി ദൃശ്യം
ഡോ. ഷഹ്ന, ഡോ. റുവൈസ് / ടിവി ദൃശ്യം

തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ യുവ വനിത ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഡോ. റുവൈസിന്റെ ജാമ്യഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. കേസില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് റുവൈസ് അറസ്റ്റിലായത്. അതിന് ശേഷം റുവൈസിന്റെ പിതാവിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പിതാവിനെ ഇതുവരെ പൊലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. പിതാവിനെയും റുവൈസിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്താല്‍ മാത്രമേ ആത്മഹത്യാപ്രേരണക്കുറ്റം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകളിലേക്കുള്ള തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കൂ എന്നതാണ് പൊലീസിന്റെ വാദം.

ഇതിന് പുറമേ റുവൈസിന്റെയും ഷഹനയുടെയും മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ അടക്കം വിവരങ്ങള്‍ ലഭ്യമാകാനുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ റുവൈസിന് ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നുള്ള പൊലീസ് വാദം കണക്കിലെടുത്താണ് കോടതി നടപടി. നാളെ റുവൈസിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com