ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ കെട്ടിടനികുതിയ്‌ക്കൊപ്പം ഈടാക്കും; മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഒരു വര്‍ഷം തടവ്, നിയമത്തില്‍ ഭേദഗതി

മാലിന്യസംസ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് നിയമങ്ങളില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: മാലിന്യസംസ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് നിയമങ്ങളില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്. 2023-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി), 2023-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ഓര്‍ഡിനന്‍സ് പ്രകാരം അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്താല്‍ പരമാവധി ഒരു വര്‍ഷംവരെ തടവും 50,000 രൂപ പിഴയും ലഭിക്കാം.

മാലിന്യം വലിച്ചെറിയുന്നതിനെതിരെ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് തത്സമയം 5000 രൂപവരെ പിഴ ചുമത്താം. മാലിന്യം സംസ്‌കരിക്കാനുള്ള യൂസര്‍ ഫീ ഹരിതകര്‍മ സേനയ്ക്ക് നല്‍കേണ്ടവര്‍ അതില്‍ മുടക്കം വരുത്തിയാല്‍  പ്രതിമാസം 50 ശതമാനം പിഴ ഈടാക്കും. വസ്തുനികുതി ഉള്‍പ്പെടെയുള്ള  പൊതുനികുതി കുടിശ്ശികയോടൊപ്പമാകും ഇത് ഈടാക്കുക. 90 ദിവസത്തിനു ശേഷവും യൂസര്‍ഫീ നല്‍കാത്തവരില്‍നിന്ന് മാത്രമേ പിഴ  ഈടാക്കൂ. യൂസര്‍ ഫീ അടയ്ക്കാത്തവര്‍ക്കുള്ള മറ്റ് സേവനങ്ങളും പഞ്ചായത്ത് സെക്രട്ടറിക്ക് നിരസിക്കാം. 

മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട ചുമതല പൂര്‍ണമായും സെക്രട്ടറിക്കാണ്. നോട്ടീസ് കൊടുത്ത്, കുറ്റാരോപിതനായ വ്യക്തിയെ കേട്ട ശേഷം പിഴ ചുമത്താനുള്ള അധികാരവും സെക്രട്ടറിക്കാണ്. പ്രസിഡന്റിന്റെ അറിവോടെ ബന്ധപ്പെട്ട ഫണ്ടില്‍നിന്ന് രണ്ടു ലക്ഷം രൂപയില്‍ കവിയാത്ത തുക പദ്ധതി നടത്തിപ്പിനായി ചെലവാക്കാം. നിയമഭേദഗതിസുപ്രധാന ചുവടുവയ്പാണെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു.

മാലിന്യം വലിച്ചെറിയുന്നതോ കത്തിക്കുന്നതോ പോലുള്ള കുറ്റങ്ങള്‍ തദ്ദേശ സെക്രട്ടറിയെ രേഖാമൂലം അറിയിക്കുന്നവര്‍ക്ക് പാരിതോഷികം ലഭിക്കും. മുനിസിപ്പാലിറ്റി, പഞ്ചായത്തി രാജ് നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിലാണ് പുതിയ വ്യവസ്ഥ. നൂറില്‍ കൂടുതല്‍ ആളുള്ള പരിപാടി (ലൈസന്‍സ് ഇല്ലാത്ത സ്ഥലത്ത്) നടത്താന്‍ മൂന്നു ദിവസംമുമ്പ് അറിയിക്കണം. ഇവിടത്തെ മാലിന്യം ഫീസ് നല്‍കി സംസ്‌കരിക്കാന്‍ കൈമാറണം.

മാലിന്യസംസ്‌കരണ കേന്ദ്രത്തിന്റെ സമീപത്ത് താമസിക്കുന്നവര്‍ക്ക് നികുതി ഒഴിവാക്കല്‍, ക്ഷേമ പദ്ധതി തുടങ്ങിയവ നല്‍കും. പിഴത്തുക അടക്കമുള്ളവ പ്രത്യേക ഫണ്ടിലേക്ക് നിക്ഷേപിക്കണം. ഇത് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം.മാലിന്യം വലിച്ചെറിയാന്‍ ഉപയോഗിക്കുന്ന വാഹനം കണ്ടുകെട്ടുന്നതിനുള്ള നടപടിയും ഓര്‍ഡിനന്‍സിലുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com