കേന്ദ്രത്തിനെതിരായ ഹര്‍ജി ചരിത്രപരം; പ്രതിപക്ഷം ഒപ്പം നില്‍ക്കണം: മുഖ്യമന്ത്രി

സാമ്പത്തിക സ്ഥിതിയില്‍ സംസ്ഥാന സര്‍ക്കാരിനോടു റിപ്പോര്‍ട്ട് തേടിയ ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിനോടാണ് ഇക്കാര്യം ആരായേണ്ടതെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി കുറവിലങ്ങാട് മാധ്യമങ്ങളോടു സംസാരിക്കുന്നു/വിഡിയോ ദൃശ്യം
മുഖ്യമന്ത്രി കുറവിലങ്ങാട് മാധ്യമങ്ങളോടു സംസാരിക്കുന്നു/വിഡിയോ ദൃശ്യം

കോട്ടയം: ഇല്ലാത്ത അധികാരം ഉപയോഗിച്ചു കേരളത്തിന്റെ സാമ്പത്തിക സ്വയംഭരണാധികാരം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതു ചരിത്രപരമായ പോരാട്ടമാണെന്നും പ്രതിപക്ഷം ഇതിനൊപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഫെഡറല്‍ തത്വങ്ങളെ ബലികഴിച്ച് കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടുന്ന കേന്ദ്രത്തിന്റെ വിവേചനപരമായ നടപടികള്‍ക്കെതിരെയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ഇതു രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം നിലനിര്‍ത്താനുള്ള ചരിത്രപരമായ ഒന്നാണ്. 131 ആര്‍ട്ടിക്കിള്‍ അനുസരിച്ച് കേന്ദ്ര, സംസ്ഥാന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനു സുപ്രീം കോടതിക്കുള്ള അധികാരം ഉപയോഗിച്ച് ഉത്തരവ് ഉണ്ടാവണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.

ധനകാര്യ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം നടത്തുന്ന ഭരണഘടനാ വിരുദ്ധമായ ഇടപെടല്‍ തടയുക, സംസ്ഥാന നിയമപ്രകാരം നിശ്ചയിക്കപ്പെട്ട അര്‍ഹമായ കടമെടുപ്പു പരിധി ഭരണഘടനാവിരുദ്ധമായി വെട്ടിച്ചുരുക്കുന്നത് റദ്ദാക്കുക, പബ്ലിക് അക്കൗണ്ടുകളിലെ ബാധ്യതകളെ കടമെടുപ്പു പരിധിയില്‍ ഉള്‍പ്പെടുത്തിയത് പിന്‍വലിക്കുക, സംസ്ഥാന ഉടമസ്ഥതയിലുള്ള സംരഭങ്ങള്‍ വഴിയുള്ള കടമെടുപ്പുകളെ സംസ്ഥാന കടമെടുപ്പു പരിധിയില്‍ ഉള്‍പ്പെടുത്തിയത് റദ്ദാക്കുക, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കടമെടുപ്പിനെ നിയന്ത്രിക്കുന്നത് റദ്ദു ചെയ്യുക, ഇല്ലാത്ത അധികാരങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനത്തിനു മേല്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്ന നടപടികളെ വിലക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. 

ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് സവിശേഷമായ അധികാരങ്ങള്‍ നല്‍കുന്നുണ്ട്. സാമ്പത്തിക സ്വയംഭരണാവകാശം അതിലൊന്നാണ്. ഇതനുസരിച്ച് കടമെടുപ്പു പരിധി നിശ്ചയിക്കുന്നതിനു സംസ്ഥാനത്തിന് അധികാരമുണ്ട്. കേരള നിയമസഭ പാസാക്കിയ നിയമപ്രകാരം ജിഎസ്ഡിപിയുടെ 3.5 ശതമാനമാണ് സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി. ഇതു മുന്‍നിര്‍ത്തിയാണ് സംസ്ഥാനം പദ്ധതി, പദ്ധതിയേതര പ്രവര്‍ത്തനങ്ങള്‍ക്കു പണം വകയിരുത്തുന്നത്. ഇതു വെട്ടിച്ചുരുക്കാന്‍ കേന്ദ്രത്തിന് അവകാശമില്ല. 

ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നതില്‍ കന്ദ്രം വരുത്തിയ വീഴ്ച, റവന്യു കമ്മി ഗ്രാന്റില്‍ വരുത്തിയ കുറവ് തുടങ്ങിവയൊക്കെ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി. നികുതി, നികുതിയേതര വരുമാനം വര്‍ധിപ്പിച്ചും ചെലവില്‍ മുന്‍ഗണനാക്രമം നിശ്ചയിച്ചും സംസ്ഥാനം മറികടക്കാന്‍ ശ്രമിച്ചു. എന്നാല്‍ സാമ്പത്തിക ആഘാതം ഏറെയാണ്. സാമ്പത്തിക സ്ഥിതിയില്‍ സംസ്ഥാന സര്‍ക്കാരിനോടു റിപ്പോര്‍ട്ട് തേടിയ ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിനോടാണ് ഇക്കാര്യം ആരായേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com