കഴുത്തൊപ്പം ചെളിയില്‍ പൂണ്ടു കിടന്നത് അഞ്ചര മണിക്കൂര്‍, നിലവിളിച്ചു നിലവിളിച്ച് ഒച്ചയടഞ്ഞു, ഒടുവില്‍ കമലാക്ഷിക്കു പുതുജീവന്‍

ജീവിതം തീര്‍ന്നുവെന്ന് കരുതിയപ്പോഴാണ് ആളൊഴിഞ്ഞ പ്ലോട്ടിനോട് ചേര്‍ന്നുള്ള വീടിന്റെ ടെറസില്‍ നിന്നും ഒരു സ്ത്രീ കമലാക്ഷിയെ കാണുന്നത്.
ചെളിയില്‍ വീണ കമലാക്ഷിയെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തുന്നു, കമലാക്ഷി / എ സനേഷ്
ചെളിയില്‍ വീണ കമലാക്ഷിയെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തുന്നു, കമലാക്ഷി / എ സനേഷ്

കൊച്ചി: മരട് സ്വദേശി കമലാക്ഷിക്ക് ഇത് പുതിയ ജീവന്‍ കിട്ടിയ ആശ്വാസമാണ്. കഴുത്തോളം ചെളിയില്‍ മുങ്ങി 76 കാരി കിടന്നത് അഞ്ചര മണിക്കൂറാണ്. സഹായത്തിനായി നിലവിളിച്ചുവെങ്കിലും ആരും കേട്ടില്ല. ഒടുവില്‍ തളര്‍ന്നു. ശബ്ദം നഷ്ടപ്പെട്ടു. ജീവിതം തീര്‍ന്നുവെന്ന് കരുതിയപ്പോഴാണ് ആളൊഴിഞ്ഞ പ്ലോട്ടിനോട് ചേര്‍ന്നുള്ള വീടിന്റെ ടെറസില്‍ നിന്നും ഒരു സ്ത്രീ കമലാക്ഷിയെ കാണുന്നത്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷപെടുത്തുകയായിരുന്നു. 

കൊച്ചി മരടിലെ വീട്ടുജോലിക്കാരിയായ കമലാക്ഷിയമ്മചൊവ്വാഴ്ച രാവിലെ 11 മണിയോടെ കൊട്ടാരം ജംക്ഷനു സമീപം സെന്റ് ആന്റണീസ് റോഡിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്തുകൂടി പോയപ്പോള്‍ പൈലിംഗ് നിര്‍മാണം നടക്കുന്ന സ്ഥലത്ത് ചെളി നിറഞ്ഞ സ്ഥലത്തേക്ക് വീഴുകയായിരുന്നു. സഹായത്തിനായി കമലാക്ഷി ഏറെ നേരം നിലവിളിച്ചെങ്കിലും സമീപത്ത് കുറച്ച് വീടുകള്‍ മാത്രമുള്ളതിനാല്‍ ആരും കേട്ടില്ല. ഒടുവില്‍, ഉച്ചകഴിഞ്ഞ് 3.45 ഓടെ സമീപത്ത് താമസിക്കുന്ന ഒരു സ്ത്രീ വീടിന്റെ ടെറസില്‍ നിന്ന് ചെളിയില്‍ ഒരു കൈ പൊങ്ങി നില്‍ക്കുന്നത് കണ്ടു. വസ്ത്രങ്ങള്‍ ഉണക്കാന്‍ ടെറസിലെത്തിയ സീനത്ത് ഉടന്‍ തന്നെ സമീപത്തുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. 

കയര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ചെളിയുള്ളതിനാല്‍ പ്രയാസമുണ്ടാക്കി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. വൈകിട്ട് 4.10ഓടെ തൃപ്പൂണിത്തുറ സ്‌റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ സ്ഥലത്തെത്തി. 4.30ഓടെ ഏണിയും കയറും ഉപയോഗിച്ച് കമലാക്ഷിയെ ചെളിയില്‍ നിന്ന് പുറത്തെടുത്തു. ചെളി നിറഞ്ഞ സ്ഥലം ആണെന്ന് പെട്ടെന്ന് കണ്ടാല്‍ മനസിലാക്കാന്‍ കഴിയാത്തതുകൊണ്ടാകാം അപകടം സംഭവിച്ചതെന്ന്  ഫയര്‍ ഫോഴ്‌സ് ടീമിലെ ഉദ്യോഗസ്ഥനായ വിനുരാജ് പറഞ്ഞു. രക്ഷപ്പെടുത്തിയ കമലാക്ഷിയെ മരട് പിഎസ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മാനസിക വൈകല്യമുള്ള മകനോടൊപ്പം താമസിക്കുന്ന കമലാക്ഷിയെ ആശ്രയിച്ചാണ് കുടുംബം കഴിയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com