'ഹൃദയഭേദകം, ഞെട്ടിക്കുന്നത്'; മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ വീണ്ടും സര്‍ക്കാരിനു വിമര്‍ശനം

വസ്തുതകളുടെ പിന്‍ബലമില്ലാതെ കോടതി പരാമര്‍ശങ്ങള്‍ നടത്തുകയാണെന്ന് സര്‍ക്കാര്‍
മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിനു വിമര്‍ശനം/ഫയല്‍
മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിനു വിമര്‍ശനം/ഫയല്‍

കൊച്ചി: പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അടിമാലി സ്വദേശി മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ട്രീയപ്രേരിതമെന്ന സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഹര്‍ജിക്കാരിയെ ഇകഴ്ത്തിക്കാട്ടുന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും ഇതു ഞെട്ടിക്കുന്നതും ഹൃദയഭേദകവും ആണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ക്ഷേമപെന്‍ഷന്‍ കേന്ദ്രത്തില്‍നിന്നു വിഹിതം ലഭിക്കുന്നതിന് അനുസരിച്ചാണ് നല്‍കുന്നതെന്ന് സംസ്ഥാനം അറിയിച്ചു. സര്‍ക്കാരിനു സാമ്പത്തിക പ്രതിസന്ധിയുണ്ട്. അതുകൊണ്ടാണ് പെന്‍ഷന്‍ വൈകുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചു പരിശോധിക്കാന്‍ വേണ്ടിവന്നാല്‍ അമിക്കസ് ക്യൂറിയെ നിയോഗിക്കാമെന്ന് കോടതി ഈ ഘട്ടത്തില്‍ പ്രതികരിച്ചു. 

എല്ലാ മാസവും കൃത്യസമയത്ത് നല്‍കണമെന്ന് ആവശ്യപ്പെടാന്‍ ക്ഷേമ പെന്‍ഷന്‍ സ്റ്റാറ്റിയൂട്ടറി അല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇതിനോടു രൂക്ഷമായാണ് കോടതി പ്രതികരിച്ചത്. ഹര്‍ജിക്കാരിയെ ഇകഴ്ത്തിക്കാട്ടുന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതു ഹൃദയഭേദകമാണ്. 78 വയസ്സുള്ള ഒരു സ്ത്രീ ജീവിതച്ചെലവിനുള്ള പണത്തിനായാണ് ആവശ്യം ഉന്നയിക്കുന്നത്. അതിനോടുള്ള സര്‍ക്കാരിന്റെ പ്രതികരണം ഞെട്ടിക്കുന്നതാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

വസ്തുതകളുടെ പിന്‍ബലമില്ലാതെ കോടതി പരാമര്‍ശങ്ങള്‍ നടത്തുകയാണെന്ന് സര്‍ക്കാര്‍ വാദത്തിനിടെ പറഞ്ഞു. ഇതിനോടും കോടതി രൂക്ഷമായി പ്രതികരിച്ചു. എന്തു ധൈര്യത്തിലാണ് ഇത്തരത്തില്‍ വാദങ്ങള്‍ ഉന്നയിക്കുന്നതെന്ന് കോടതി ചോദിച്ചു.

മറിയക്കുട്ടിയുടെ പെന്‍ഷന്‍ വിഷയത്തില്‍ ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പെന്‍ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് മറിയക്കുട്ടി ചട്ടിയുമായി ഭിക്ഷയാചിച്ചത് വന്‍ വിവാദമായി മാറിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com