കെഎസ്ആര്‍ടിസിയെ പക്കാ ലാഭത്തിലാക്കാം എന്ന മണ്ടത്തരമൊന്നും പറയുന്നില്ല, ചില പ്ലാനുകള്‍ മനസ്സിലുണ്ടെന്ന് ഗണേഷ് കുമാര്‍

പൊതുഗതാഗത സംവിധാനം ഇടതു സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി മാറ്റാനുള്ള ചില പദ്ധതികളുണ്ട്
കെബി ​ഗണേഷ് കുമാർ/ ഫെയ്സ്ബുക്ക്
കെബി ​ഗണേഷ് കുമാർ/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: മന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്ന് കെ ബി ഗണേഷ് കുമാര്‍. ഗതാഗത വകുപ്പാണോ ലഭിക്കുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. ഗതാഗത വകുപ്പ് ലഭിച്ചാല്‍ ഇന്നത്തെ നിലയില്‍ നിന്നും കൂടുതല്‍ മെച്ചപ്പെടുത്താന്‍ ചില പ്ലാനുകള്‍ മനസ്സിലുണ്ട്. അസാധ്യമായി ഒന്നുമില്ല എന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോഴത്തെ സ്ഥിതിയേക്കുറിച്ച് പഠിക്കേണ്ടതുണ്ട്. തൊഴിലാളികളുടെ സഹകരണവും ആവശ്യമുണ്ട്. കെഎസ്ആര്‍ടിസിയെ പക്കാ നന്നാക്കി ലാഭത്തിലാക്കാം എന്ന മണ്ടത്തരമൊന്നും പറയുന്നില്ല. എന്നാല്‍ അതിനെ ഇടതുമുന്നണിക്ക് അഭിമാനിക്കാവുന്ന തരത്തില്‍ ഇംപ്രൂവ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 

കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനുമെല്ലാം സര്‍ക്കാര്‍ സഹായത്തോടെയാണ് വിതരണം ചെയ്യുന്നത്. അത് കുറേയെങ്കിലും മാറ്റാന്‍ കഴിയുമെന്ന് വിചാരിക്കുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പൊതുഗതാഗത സംവിധാനം ഇടതു സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി മാറ്റാനുള്ള ചില പദ്ധതികളുണ്ട്. അതിന് ജനങ്ങളുടെ അടക്കം സഹകരണം വേണ്ടതുണ്ട്. 

'ആധുനിക യുഗത്തിന് പറ്റിയ പ്ലാനുകളുണ്ട്'

ഗതാഗത വകുപ്പാണോ കിട്ടുക എന്നറിഞ്ഞശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പറയാം. എന്തായാലും മനസ്സില്‍ നല്ല പ്ലാനുകളുണ്ട്. ആധുനിക യുഗത്തിന് പറ്റിയ പ്ലാനുകളുണ്ട്. അത് മുഖ്യമന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കും. അതിന് മുഖ്യമന്ത്രിയുടേയും എൽഡിഎഫിന്റേയും അനുമതി കിട്ടേണ്ടതുണ്ട്.  കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക അച്ചടക്കം പാലിക്കും. ചിലവുകള്‍ കുറയ്ക്കുക, വരുമാനം കൂട്ടുക എന്നതാണ് നയം. അഴിമതി ഒരു കാരണവശാലും അനുവദിക്കില്ല.

തൊഴിലാളികളെ ഒപ്പം നിര്‍ത്തിയാകും മുന്നോട്ടു പോകുക.  തൊഴിലാളികളുടെ ക്ഷേമകാര്യത്തില്‍ യൂണിയനുകള്‍ക്ക് ഇടപെടാം. മുമ്പ് മന്ത്രിയായിരുന്നപ്പോഴും സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളുമായി സഹകരിച്ചാണ് പോയത്. അന്ന് അവര്‍ പോലും ആവശ്യപ്പെടാത്ത ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയില്‍ കാര്യങ്ങള്‍ ചെയ്യും. 

സിനിമാ അഭിനയത്തിന് ഇടവേളയോ?, മറുപടി ഇങ്ങനെ

ഇനി രണ്ടര വര്‍ഷം സിനിമാ അഭിനയത്തിന് ഇടവേള ആയിരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, മുമ്പ് മന്ത്രിയായിരുന്നപ്പോള്‍ അഭിനയിച്ചിരുന്നു. ഇനി മുഖ്യമന്ത്രി അനുവദിച്ചാല്‍ മാത്രം അഭിനയിക്കും. ഗതാഗത വകുപ്പാണ് ലഭിക്കുന്നതെങ്കില്‍ കൂടുതല്‍ നേരം ഓഫീസില്‍ ഇരുന്ന് പ്രവര്‍ത്തിക്കേണ്ട വകുപ്പാണ്. ഇപ്പോള്‍ വിജയിച്ച നേര് വലിയ വിജയമായതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ മന്ത്രിസ്ഥാനത്തേക്ക് വരുന്നതും നേരിന്റെ വിജയമായിക്കാണാം. 

എംഎല്‍എയായിരുന്നപ്പോള്‍ സര്‍ക്കാരിനെതിരെ പലപ്പോഴും വെട്ടിത്തുറന്ന് അഭിപ്രായം പറഞ്ഞിരുന്നുവല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇനി അങ്ങനെ പറയാന്‍ പറ്റില്ലല്ലോ എന്നായിരുന്നു പ്രതികരണം. ഇനി മൗനം എന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. പൊതുവായ കാര്യങ്ങളെപ്പറ്റിയാണ് താന്‍ അഭിപ്രായം പറഞ്ഞിട്ടുള്ളത്. ആരെയും വ്യക്തിപരമായി കുറ്റം പറഞ്ഞിട്ടില്ല.  ഇനി വെറുതെവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ഗണേഷ് കുമാര്‍ അഭ്യര്‍ത്ഥിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com