'മറ്റന്നാള്‍ രാവിലെ അഞ്ചുമണിക്ക് പത്തനംതിട്ടയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും'; റോബിന്‍ ബസ് വിട്ടുകൊടുത്തു

പെര്‍മിറ്റ് ലംഘനം ആരോപിച്ച് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിന്‍ ബസ് വിട്ടുകൊടുത്തു
റോബിൻ ബസ്, സ്ക്രീൻഷോട്ട്
റോബിൻ ബസ്, സ്ക്രീൻഷോട്ട്

പത്തനംതിട്ട: പെര്‍മിറ്റ് ലംഘനം ആരോപിച്ച് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിന്‍ ബസ് വിട്ടുകൊടുത്തു. നിയമ ലംഘനത്തിനു ചുമത്തിയ പിഴയായ 82,000 രൂപ അടച്ചതിന് പിന്നാലെ ഉടമ ബേബി ഗിരീഷിന് ബസ് വിട്ടു കൊടുക്കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു.നിയമപ്രകാരം സര്‍വീസ് നടത്താമെന്നും അല്ലായെങ്കില്‍ നടപടി ഉണ്ടാവുമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.മറ്റന്നാള്‍ കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുമെന്ന് ഗിരീഷ് പറഞ്ഞു.

പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ആഴ്ചകള്‍ക്ക് മുന്‍പാണ് മോട്ടോര്‍ വാഹന വകുപ്പ് റോബിന്‍ ബസ് പിടിച്ചെടുത്തത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എംവിഡിയുടെ പരിശോധനയ്ക്ക് ശേഷമാണ് ബസ് വിട്ടുകൊടുത്തത്. ചൊവ്വാഴ്ച രാവിലെ അഞ്ചുമണിക്ക് കോയമ്പത്തൂരിലേക്ക് സര്‍വീസ് പുനരാരംഭിക്കുമെന്നാണ് ഗിരീഷ് മാധ്യമങ്ങളോട് പറഞ്ഞത്. 'പത്തനംതിട്ട- കോയമ്പത്തൂര്‍ റൂട്ടില്‍ എങ്ങനയാണോ സര്‍വീസ് നടത്തിയത് അതേപോലെ തന്നെ സര്‍വീസ് നടത്തും. മൂന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടു. ഒരുകാരണവശാലും സര്‍വീസ് നടത്താന്‍ അനുവദിക്കില്ല എന്നാണ് അവര്‍ പറഞ്ഞത്. അത് ഞാന്‍ കോടതിയിലും പറഞ്ഞിട്ടുണ്ട്. പൊലീസിനെയും അറിയിച്ചിട്ടുണ്ട്. കൃത്യമായി ഞാന്‍ കാര്യങ്ങള്‍ ചെയ്യും.'- ഗിരീഷ് പറഞ്ഞു.

പിഴ ഒടുക്കിയാല്‍ ബസ് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ബസ് വിട്ടുനല്‍കാന്‍ അധികൃതര്‍ തയാറാവാതിരുന്നതോടെയാണ് ഗിരീഷ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവും പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചാല്‍ വെയിലും മഴയുമേറ്റ് ബസിനു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണ് ബസ് വിട്ടുനല്‍കാന്‍ പത്തനംതിട്ട കോടതി ഉത്തരവിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com