വീടിന് ഏഴു വളര്‍ത്തുനായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം; തന്ത്രപൂര്‍വം നായ്ക്കളെ അകറ്റി, സിനിമാ സ്റ്റൈലില്‍ പ്രതികളെ പിടികൂടി 

വര്‍ക്കല കവലയൂരില്‍ വളര്‍ത്തുനായ്ക്കളെ കാവലാക്കി ലഹരികച്ചവടം നടത്തിയ യുവാക്കളെ വീട് വളഞ്ഞ് അതിസാഹസികമായി പൊലീസ് പിടികൂടി
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്

തിരുവനന്തപുരം: വര്‍ക്കല കവലയൂരില്‍ വളര്‍ത്തുനായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം നടത്തിയ യുവാക്കളെ വീട് വളഞ്ഞ് അതിസാഹസികമായി പൊലീസ് പിടികൂടി. ഇവിടെ നിന്ന് വന്‍ മയക്കുമരുന്ന് ശേഖരവും പിടിച്ചെടുത്തു. നീലന്‍ എന്ന് വിളിക്കുന്ന ശൈലനും കൂട്ടാളികളുമാണ് പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ പൊലീസ് സംഘം സിനിമാ സ്‌റ്റൈലിലാണ് പ്രതികളെ വളഞ്ഞിട്ട് പിടികൂടിയത്.

കവലക്കുന്നില്‍ ശശികലാഭവനില്‍ ശൈലന്റെ വീട് കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കച്ചവടം നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തുന്നത്. എന്നാല്‍ വീടിനടുത്തെത്തിയ പൊലീസിന് മുറ്റത്ത് കാവലായി നിന്നിരുന്ന ഏഴ് കൂറ്റന്‍ നായ്ക്കള്‍ കാരണം അകത്തേയ്ക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല.

പിറ്റ് ബുള്‍ ഇനത്തില്‍പ്പെട്ട നായ്ക്കളെ മുറ്റത്ത് അഴിച്ചിട്ട നിലയിലായിരുന്നു. പൊലീസ് സംഘത്തെ കണ്ടതും നായ്ക്കള്‍ കുരച്ച് എത്തി. ഇതോടെ ഗേറ്റ് തുറന്ന് അകത്ത് കടക്കാനാവാതെ പൊലീസ് വലഞ്ഞു. ഇതിനിടെ പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ പൊലീസ് വീട് വളഞ്ഞിരുന്നു.

പൊലീസിന് നേരെ പാഞ്ഞെടുത്ത നായ്ക്കളെ ഒടുവില്‍ തന്ത്രപര്‍വ്വം ഒരു മുറിയിലേക്ക് മാറ്റിയ ശേഷമാണ് അകത്ത് കടന്നത്. നീലനടക്കം നാല് പേരെ പൊലീസ് വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ഇവിടെ നിന്നും കഞ്ചാവടക്കം വന്‍ മയക്കുമരുന്ന് ശേഖരവും പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് പൊതിഞ്ഞ് വില്‍ക്കാനായി ഉപയോഗിച്ചിരുന്ന പ്രത്യേക ഉപകരണങ്ങളും ത്രാസും പിടിച്ചെടുത്തിട്ടുണ്ട്.ഏറെ നാളായി നായ്ക്കളുടെ മറവില്‍ ഇവിടെ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. വര്‍ക്കലയിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നു സംഘമെന്നും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com