മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങള്‍: കാരണം അശാസ്ത്രീയ നിര്‍മാണമെന്ന് കേന്ദ്ര ഏജന്‍സി

മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണം അശാസ്ത്രീയ നിര്‍മാണം മൂലമെന്ന് കേന്ദ്ര ഏജന്‍സി
മുതലപ്പൊഴി ഹാര്‍ബര്‍/ഫയല്‍
മുതലപ്പൊഴി ഹാര്‍ബര്‍/ഫയല്‍

തിരുവനനന്തപുരം: മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണം അശാസ്ത്രീയ നിര്‍മാണം മൂലമെന്ന് കേന്ദ്ര ഏജന്‍സി. പുലിമുട്ട് നിര്‍മ്മാണങ്ങളിലെ പോരായ്മകളാണ് പ്രധാനമായും സിഡബ്ല്യുപിആര്‍എസ് വിദഗ്ധ സമിതി ചൂണ്ടിക്കാണിച്ചത്.തെക്കന്‍ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്ര ഏജന്‍സി ശുപാര്‍ശ ചെയ്തു. മത്സ്യതൊഴിലാളികളുടെ അഭിപ്രായം കൂടി പരിഗണിച്ചാകും സര്‍ക്കാറിന്റെ അന്തിമ തീരുമാനം.

അറുപതിലധികം മത്സ്യതൊഴിലാളികളുടെ ജീവനാണ് മുതലപ്പൊഴിയില്‍ പൊലിഞ്ഞത്. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ കഴിഞ്ഞ ഒക്ടോബറിലാണ് പൂനെ സിഡബ്ല്യുപിആര്‍എസിനെ മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ചത്. മണ്‍സൂണ്‍, പോസ്റ്റ് മണ്‍സൂണ്‍ സീസണുകള്‍ പഠിച്ചതിന് ശേഷമാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. പുലിമുട്ടുകളുടെ നിലവിലെ അലൈന്മെന്റില്‍ പോരായ്മകളുണ്ടെന്നാണ് പ്രധാന കണ്ടെത്തല്‍. നിലവിലെ അലൈന്റ്‌മെന്റ് തുടര്‍ന്നാല്‍, മണ്‍സൂണ്‍ കാലത്ത് അപകടം ഉറപ്പാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 

പെരുമാതുറ ഭാഗത്തുള്ള പുലിമുട്ടിന്റെ നീളം കൂട്ടണം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ കേന്ദ്ര ഏജന്‍സി മുന്നോട്ടുവെയ്ക്കുന്നത്. ഇത് പിന്നീട് വടക്ക് പടിഞ്ഞാറ് ഭാഗത്തോട്ടായി 170 മീറ്റര്‍ ദൂരത്തോളം വളച്ചെടുക്കണം. അത് അഴിമുഖത്തേക്കുള്ള പ്രവേശനകവാടമാക്കണം. അഴിമുഖത്ത് മണ്ണടിയുന്നതും, വള്ളങ്ങള്‍ ഒഴുക്കില്‍പ്പെടുന്നതും തടയാന്‍ ഇത് സഹായിക്കുമെന്നും ശുപാര്‍ശയില്‍ പറയുന്നു. പുതിയ രൂപരേഖയില്‍ കഴിഞ്ഞ ദിവസം, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് മത്സ്യതൊഴിലാളികളുമായി ചര്‍ച്ച നടത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com