മേളപ്രമാണിയായി തിരുവമ്പാടി ക്ഷണിച്ചാല്‍ പോവുമോ?; പെരുവനം പറയുന്നു

വേലയ്ക്കിടെ ആശയവിനിയമത്തിലെ ചില പിഴവുകളാണ് ഉണ്ടായത്
പെരുവനം കുട്ടന്‍ മാരാര്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം
പെരുവനം കുട്ടന്‍ മാരാര്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം

തൃശൂര്‍: ആത്മസംതൃപ്തിയോടെയാണ് ഇലഞ്ഞിത്തറയില്‍നിന്നു മടങ്ങുന്നതെന്ന്, പാറമേക്കാവു ദേവസ്വത്തിന്റെ മേളപ്രമാണി സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട പെരുവനം കുട്ടന്‍ മാരാര്‍. ഇരുപത്തിനാലു വര്‍ഷം മേളപ്രാമാണികത്വം വഹിച്ചത് ഏറെ സന്തോഷകരമെന്ന് അദ്ദേഹം പറഞ്ഞു. 

മേളങ്ങളുടെ വലിപ്പമാണ് തന്റെ വലിപ്പം. ദൈവം നിയോഗം പോലെ നല്ല വേദികള്‍ തന്നു, അവസരം തന്നു. തനിക്ക് ആ അവസരങ്ങള്‍ 
ഉപയോഗിക്കാനായി. സംഭവിക്കുന്നതെന്തും നല്ലതിന് എന്നു കരുതുന്നയാളാണ് താന്‍. ഇപ്പോള്‍ ദേവസ്വത്തിന്റെ തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നു. അതു തന്റെയും നന്മയ്ക്കാണ് എന്നു തന്നെയാണ് കരുതുന്നത്- പെരുവനം പറഞ്ഞു. 

പാറമേക്കാവിന്റെ മേളപ്രമാണിയായി നിയോഗിക്കപ്പെട്ട കിഴക്കൂട്ട് അനിയന്‍മാരാര്‍ വലിയ കലാകാരനാണെന്ന് പെരുവനം പറഞ്ഞു. തങ്ങള്‍ ഒരുമിച്ച് ഒരുപാട് വേദികളില്‍ കൊട്ടിയിട്ടുണ്ട്. താന്‍ പ്രമാണിയായപ്പോള്‍ ചില സാഹചര്യങ്ങള്‍ കൊണ്ട് അദ്ദേഹം വിട്ടുനിന്നു. ഇപ്പോഴും നല്ല സൗഹൃദമാണ്.

പാറമേക്കാവ് വേലയ്ക്കിടെ ആശയവിനിയമത്തിലെ ചില പിഴവുകളാണ് ഉണ്ടായത്. ദേവസ്വത്തിന്റെ ഇപ്പോഴത്തെ തീരുമാനവുമായി അതിനു ബന്ധമൊന്നുമില്ല. ദേവസ്വത്തില്‍ ഉള്ളത് തന്റെ സുഹൃത്തുക്കളാണ്. പൂരത്തിനു കൊട്ടുന്നവര്‍ വേലയ്ക്കു കൊട്ടുന്നതാണ് പാറമേക്കാവിലെ രീതി. പൂരത്തിനു കൊട്ടിയവര്‍ എത്തിയില്ലെങ്കില്‍ പകരക്കാരെ വയ്ക്കുന്നു പതിവുണ്ട്. അങ്ങനെയാണ് മകനെ കൊട്ടാന്‍ കയറ്റിയത്. അതുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളില്‍ ചില പിഴവുണ്ടായിട്ടുണ്ട്. 

പൂരം ജീവിതത്തിന്റെ  ഭാഗമാണ്. പൂരമാണ് തന്നെ വലുതാക്കിയത്.  അതില്‍നിന്നു വിട്ടുനില്‍ക്കുന്നതൊന്നും ആലോചനയില്‍ ഇല്ല. തിരുവമ്പാടി കൃഷ്ണനെയും ഭഗവതിയെയും പാറമേക്കാവ് ദേവിയെപ്പോലെ തന്നെ ആരാധിക്കുന്നു. അവിടത്തെ ദേവസ്വം ഭാരവാഹികളുമായും സൗഹൃദമുണ്ട്. ഇതുവരെ അവിടെനിന്നു ക്ഷണമില്ല. അവിടെയും വളരുന്ന കലാകാരന്മാരുണ്ട്. അവര്‍ക്ക് അവസരം ലഭിക്കണമെന്നു തന്നെയാണ്. പക്ഷേ ആസ്വാദകരും സംഘാടകരും പറയുമ്പോള്‍, അതിനൊപ്പം തന്റെ മോഹം കൂടി ചേരുമ്പോള്‍ പറ്റുന്നിടത്തോളം പൂരം കൊട്ടണമെന്നു തന്നെയാണ്- പെരുവനം വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com