ആഷിഖ് അബുവില്‍ നിന്ന് എന്താണ് പഠിക്കാനുള്ളത്?; പ്രസ്താവന പ്രശസ്തിക്ക് വേണ്ടി : അടൂര്‍ ഗോപാലകൃഷ്ണന്‍ 

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങള്‍ക്ക് പിന്നില്‍ ഒരു സുരക്ഷാ ജീവനക്കാരനാണെന്നും അടൂര്‍ കുറ്റപ്പെടുത്തി
അടൂര്‍ ഗോപാലകൃഷ്ണന്‍/ ചിത്രം: വിന്‍സെന്റ് പുളിക്കല്‍, ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌
അടൂര്‍ ഗോപാലകൃഷ്ണന്‍/ ചിത്രം: വിന്‍സെന്റ് പുളിക്കല്‍, ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌

തിരുവനന്തപുരം: യുവസംവിധായകരായ ആഷിഖ് അബുവിനെയും രാജീവ് രവിയെയും വിമര്‍ശിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അവര്‍ സ്വയം ന്യൂ ജനറേഷന്‍ ഫിലിം മേക്കര്‍മാര്‍ എന്ന് വിളിക്കുന്നു. അവരില്‍ നിന്നും എന്ത് പുതുമയാണ് ഉണ്ടാകുന്നതെന്ന് അടൂര്‍ ചോദിച്ചു. ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ അഭിമുഖപരിപാടിയായ എക്‌സ്പ്രസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളില്‍ പഠിക്കുന്നവര്‍ നല്ല സിനിമകള്‍ കാണണം. ആഷിഖ് അബുവില്‍ നിന്ന് എന്താണ് പഠിക്കാന്‍ പോകുന്നത്? അടൂര്‍ ചോദിച്ചു. കെ ആര്‍ നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടക്കുന്നു എന്ന ആക്ഷേപം അടൂര്‍ തള്ളി. എനിക്ക് അതു മനസ്സിലായിട്ടില്ല. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ ജാതിക്ക് ഒരു സ്ഥാനവും ഇല്ലെന്നും അടൂര്‍ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ തികഞ്ഞ പ്രൊഫഷണലായ വ്യക്തിയാണ്. 

പ്രൊഫഷണലായ ഒരു വ്യക്തിക്ക് ഒരുവിഭാഗം വിദ്യാര്‍ത്ഥികളോട് എങ്ങനെ വിവേചനപരമായി പെരുമാറാനാകും?. തികച്ചും തെറ്റായ ആരോപണമാണിത്. എസ് സി എസ് ടി കമ്മീഷന്‍ പരിശോധിച്ച്, ആരോപണം തെറ്റാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് അടൂര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ആഷിഖ് അബുവും രാജീവ് രവിയും നടത്തിയ പ്രസ്താവനയെയും അദ്ദേഹം വിമര്‍ശിച്ചു. 

അവര്‍ പ്രശസ്തിക്ക് വേണ്ടിയാണ് എന്നെ വിമര്‍ശിക്കുന്നത്. 
അവര്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് ഒന്നുമറിയില്ല, അവര്‍ മോഹങ്ങള്‍ പ്രകടിപ്പിക്കുന്നു. തികച്ചും നിരുത്തരവാദപരമായ സമീപനമാണ് അവരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അടൂര്‍ പറഞ്ഞു. വിവാദത്തിന് പിന്നാലെ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ ഭാര്യയ്‌ക്കെതിരെ വരെ ആരോപണം ഉയര്‍ന്നു. അവര്‍ ഇതിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ പോകുകയാണെന്നാണ് അറിഞ്ഞത്. 

വിവാദങ്ങള്‍ക്ക് പിന്നില്‍ സുരക്ഷ ജീവനക്കാരന്‍

ഇത് കേരളമാണ്. ഇതെല്ലാം ഈ സംസ്ഥാനത്ത് നടക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നും അടൂര്‍ ചോദിച്ചു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങള്‍ക്ക് പിന്നില്‍ ഒരു സുരക്ഷാ ജീവനക്കാരനാണെന്നും അടൂര്‍ കുറ്റപ്പെടുത്തി. 2014 മുതല്‍ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുരക്ഷ മുന്‍ സൈനികരാണ് കൈകാര്യം ചെയ്തിരുന്നത്. പ്രധാന ഗേറ്റില്‍ നിയോഗിക്കപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ വിദ്യാര്‍ത്ഥികളുമായി വളരെ അടുപ്പമുള്ളയാളായിരുന്നു. 

ഒരു മുന്‍ സൈനികനായ അദ്ദേഹത്തിന് മദ്യം ക്വാട്ടയുണ്ട്. അതുപയോഗിച്ച് അദ്ദേഹം വിദ്യാര്‍ത്ഥികളെ വശീകരിച്ചു നിര്‍ത്തിയിരുന്നു. ശങ്കര്‍മോഹന്‍ ചുമതലയേറ്റ ശേഷം കാമ്പസ് മുഴുവന്‍ പരിശോധിച്ചപ്പോള്‍, 17 ചാക്ക് ഒഴിഞ്ഞ മദ്യക്കുപ്പികള്‍ മെന്‍സ് ഹോസ്റ്റല്‍ പരിസരത്ത് നിന്ന് കണ്ടെത്തി. സുരക്ഷാ ജീവനക്കാരനെ ഉടന്‍ മാറ്റാന്‍ അദ്ദേഹം ഏജന്‍സിയോട് ആവശ്യപ്പെട്ടു. അവര്‍ അത് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇയാള്‍ പോകാന്‍ കൂട്ടാക്കിയില്ല. ഈ മനുഷ്യന്‍ പോകാന്‍ തയ്യാറായില്ല. 

പൊലീസിനെ വിളിക്കുമെന്ന് ശങ്കര്‍ മോഹന് പറയേണ്ടി വന്നു. ഇപ്പോഴത്തെ വിവാദങ്ങള്‍ക്കെല്ലാം പിന്നില്‍ ഈ സുരക്ഷാ ജീവനക്കാരനാണെന്നും അടൂര്‍ പറഞ്ഞു. അയാള്‍ വെറുമൊരു സെക്യൂരിറ്റി ജീവനക്കാരനല്ല, അയാളൊരു ഗുണ്ടയാണെന്നും അടൂര്‍ ആരോപിച്ചു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍മോഹന്‍ വളരെ യോഗ്യതയുള്ള വ്യക്തിയാണ്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങിയ ആളാണ്. എംടി വാസുദേവന്‍ നായരുടെ മഞ്ഞ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 

ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്‍ക്കത്ത ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു. പൂനെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐഎഫ്എഫ്‌ഐയുടെ അഞ്ച് എഡിഷനുകള്‍ അദ്ദേഹം വിജയകരമായി ക്യൂറേറ്റ് ചെയ്തിട്ടുണ്ടെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com