പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവിന്റെ പേരിലും ജപ്തി നോട്ടീസ്

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ നാശനഷ്ടം നികത്താന്‍ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവിന്റെ പേരിലും ജപ്തി നോട്ടീസ്
subair
subair
Published on
Updated on

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ നാശനഷ്ടം നികത്താന്‍ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവിന്റെ പേരിലും ജപ്തി നോട്ടീസ്. കഴിഞ്ഞ ഏപ്രിലില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് സുബൈറിന്റെ പേരിലാണ് ജപ്തി നോട്ടീസ് അയച്ചത്. സുബൈര്‍ കൊല്ലപ്പെട്ട് അഞ്ച് മാസം കഴിഞ്ഞാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നടന്നത്. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ 5.2 കോടി രൂപയുടെ ബാധ്യത തീര്‍ക്കാന്‍ സുബൈറിന്റെ പേരിലുള്ള 5 സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യുന്നതിനാണ് നോട്ടിസ് പതിപ്പിച്ചത്. 

കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ രോഗാവസ്ഥയില്‍ റോഡിലേക്കിറങ്ങേണ്ടി വരുമെന്ന് സുബൈറിന്റെ കുടുംബം പറയുന്നു. 2022 ഏപ്രില്‍ പതിനഞ്ചിനാണ് കാറിലെത്തിയ സംഘം വീടിന് സമീപത്തായി സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. സുബൈറിനെ കൊലപ്പെടുത്തിയതിന്റെ മറുപടിയായാണ് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. 

നേതാക്കളുടെ കൂട്ട അറസ്റ്റില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആചരിച്ചത് സെപ്റ്റംബര്‍ 23നാണ്. ഈ ഹര്‍ത്താലില്‍ വ്യാപകമായി പൊതുമുതല്‍ നശിപ്പിച്ചതിന് ഭാരവാഹികളില്‍നിന്ന് നഷ്ടം ഈടാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ഹര്‍ത്താലിന് അഞ്ച് മാസം മുന്‍പ് കൊല്ലപ്പെട്ട സുബൈറും നഷ്ടം നികത്താന്‍ ബാധ്യസ്ഥനെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 

സുബൈറിന്റെ മാതാപിതാക്കള്‍, ഭാര്യ, മൂന്ന് കുട്ടികള്‍ എന്നിവര്‍ അവകാശികളായ ഭൂമിയാണ് നഷ്ടം നികത്താന്‍ വിട്ടു നല്‍കേണ്ടത്. ആഭ്യന്തര വകുപ്പ് നല്‍കിയ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ പട്ടിക പ്രകാരമാണ് നടപടിയെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com