ആര് വിളിച്ചാലും ഫോണ്‍ എടുക്കണം, ഇല്ലെങ്കില്‍ നടപടി; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം, അതൃപ്തി

സഹായം തേടി ആര് വിളിച്ചാലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍
മന്ത്രി എ കെ ശശീന്ദ്രന്‍ /ഫയല്‍ ചിത്രം
മന്ത്രി എ കെ ശശീന്ദ്രന്‍ /ഫയല്‍ ചിത്രം

കോഴിക്കോട് : സഹായം തേടി ആര് വിളിച്ചാലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. വന്യമൃഗ ശല്യം ഉള്‍പ്പെടെ ഏതാവശ്യത്തിന് വിളിച്ചാലും ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കണം. വനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഇത് പാലിക്കണം. വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായാല്‍ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. 

ഫോണ്‍ എടുക്കുന്നില്ലെന്ന പരാതി എംഎല്‍എമാര്‍ ഉള്‍പ്പെടെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ആനകളെ ആക്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങളും ജനപ്രതിനിധികളും ഫോണ്‍ വിളിക്കുമ്പോള്‍ നിര്‍ബന്ധമായി ഉദ്യോഗസ്ഥര്‍ എടുക്കണമെന്ന് കാണിച്ച് കഴിഞ്ഞദിവസം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ പി പുകഴേന്തി അടിയന്തര സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ചീഫ് കണ്‍സര്‍വേറ്റര്‍ മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രം ബാധകമാക്കിയാണ് സര്‍ക്കുലര്‍. വനംവകുപ്പ് മേധാവി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ബാധകമല്ലാത്ത സര്‍ക്കുലറിനെതിരെ വനംവകുപ്പില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍ അതൃപ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെയാണ് മന്ത്രിയുടെ വാക്കുകള്‍.

പിടി സെവനെ(ധോണി)എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത് ഗുരുതര തെറ്റ് ആണെന്നും മന്ത്രി പറഞ്ഞു. വന്യജീവികളെ പ്രകോപിപ്പിച്ചാല്‍ പ്രതികാരബുദ്ധിയോടെ അവറ്റകള്‍ പ്രതികരിക്കുമെന്നും കാട്ടാനയുടെ ശരീരത്തില്‍ നിന്നും 15 ഓളം പെല്ലെറ്റുകള്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടിനോട് പ്രതികരണം ആരാഞ്ഞപ്പോള്‍ മന്ത്രി പറഞ്ഞു. ധോണി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com