'എനിക്ക് ഒരു സ്ഥാനവും വേണ്ട, ജനങ്ങളെ വഞ്ചിക്കില്ല'; ഇടത് മുന്നണിക്ക് എതിരെ വീണ്ടും ഗണേഷ് കുമാര്‍

ഇടതുമുന്നണിക്കെതിരെ പരസ്യവിമര്‍ശനവുമായി കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ
കെബി ഗണേഷ് കുമാര്‍ എംഎല്‍എ/ ഫയല്‍ ചിത്രം
കെബി ഗണേഷ് കുമാര്‍ എംഎല്‍എ/ ഫയല്‍ ചിത്രം

തിരുവനന്തപുരം: ഇടതുമുന്നണിക്കെതിരെ പരസ്യവിമര്‍ശനവുമായി കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ. മുന്നണിയില്‍ ആരോഗ്യപരമായ കൂടിയാലോചനകളില്ല. വികസനരേഖയില്‍ ചര്‍ച്ചയുണ്ടായില്ല. പങ്കെടുക്കുന്നവരുടെ തിരക്കാകാം കാരണമെന്നും ഗണേഷ് പരിഹസിച്ചു. 

തനിക്ക് മന്ത്രിസ്ഥാനമോ മറ്റ് പദവികളോ ലഭിക്കുമെന്ന് കരുതി കൂടെയുള്ള പാര്‍ട്ടി നേതാക്കളെയോ ജനങ്ങളെയോ വഞ്ചിച്ചുകൊണ്ട് ഒരിക്കലും  പ്രവര്‍ത്തിക്കില്ല. തനിക്ക് ഒരു സ്ഥാനവും വേണ്ട.-ഗണേഷ് പറഞ്ഞു. 

റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തീരാത്തതിനാല്‍ മണ്ഡലങ്ങളില്‍ എംഎല്‍എമാര്‍ക്ക് പോകാന്‍ സാധിക്കാത്ത സാഹചര്യമാണ്. വികസനരേഖയില്‍ ചര്‍ച്ചയുണ്ടായില്ല, അഭിപ്രായം മാത്രമാണ് തേടിയത്. ഇക്കാര്യങ്ങള്‍ തുറന്നുപറയാന്‍ ഒരു മടിയുമില്ല. പത്തനാപുരത്തെ ജനങ്ങള്‍ വോട്ട് ചെയ്യുന്നതുകൊണ്ടാണ് താന്‍ നിയമസഭയിലേക്ക് വരുന്നത്. അവിടെ എല്‍ഡിഎഫിനും യുഡിഎഫിനും വേണ്ടി മത്സരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, എല്‍ഡിഎഫ് നിയമസഭകക്ഷി യോഗത്തില്‍ മന്ത്രിമാര്‍ക്ക് എതിരെ ഗണേഷ് കുമാര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.  ഓരോ മന്ത്രിമാരെയും പേരെടുത്തായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോര. പല വകുപ്പുകളിലും പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. എംഎല്‍എമാര്‍ക്ക് നാട്ടില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

മന്ത്രി നല്ലവനാണെങ്കിലും വിദ്യാഭ്യാസ വകുപ്പില്‍ ഒന്നും നടക്കുന്നില്ല. പൊതുമരാമത്തു വകുപ്പിന്റെ റോഡിലൂടെ നടക്കാന്‍ പറ്റുന്നില്ല. പദ്ധതികള്‍ പ്രഖ്യാപിച്ചതല്ലാതെ നിര്‍മ്മാണമോ നിര്‍വഹണമോ നടക്കുന്നില്ല. എംഎല്‍എമാര്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഗണേഷ്‌കുമാര്‍ തുറന്നടിച്ചു. കഴിഞ്ഞ ബജറ്റില്‍ ഓരോ എംഎല്‍എയ്ക്കും 20 പ്രവൃത്തി വീതം തരാമെന്ന് പറഞ്ഞ് എഴുതി വാങ്ങി.

ഒറ്റയൊരെണ്ണം പോലും തന്നില്ല. ഭരണപക്ഷക്കാരുടെ തന്നെ സ്ഥിതി ഇതാണ്. കിഫ്ബിയാണ് എല്ലാത്തിനും പോംവഴിയെന്നാണ് പറയുന്നത്. ഇപ്പോല്‍ കിഫ്ബി എഴുതിക്കൊടുക്കേണ്ടെന്നാണ് പുതിയ നിര്‍ദേശം. കിഫ്ബിയുടെ പേരില്‍ ഫ്‌ലക്‌സുകള്‍ വെച്ചു എന്നല്ലാതെ ഒന്നും നടക്കുന്നില്ല. ഇപ്പോള്‍ അതിന്റെ പഴിയും എംഎല്‍എമാര്‍ക്കാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com