'എന്താണ് വേണ്വോ  അന്ന മാത്രം കളക്ടര്‍ ആക്കാത്തത്?'

കുറിക്കല്ല്യാണം നടത്തി കളട്ടറാവാൻ ഒരാൾ പുറപ്പെട്ടു പോയി
ഡോ. വി വേണു ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നു/ഫെയ്‌സ്ബുക്ക്
ഡോ. വി വേണു ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നു/ഫെയ്‌സ്ബുക്ക്

'ഇത് അന്യായമാണ്. നിങ്ങളെപ്പോലെയുള്ള നല്ല ഓഫീസര്‍മാരെ ഒക്കെ റവന്യൂ സെക്രട്ടറിയാക്കി ഇരുത്തിയിട്ട് പുതിയ ആള്‍ക്കാരെ  കളക്ടര്‍ ആക്കുന്നു' - കളക്ടര്‍ ഉദ്യോഗമാണ് ലോകത്തിലെ ഏറ്റവും വലിയ ഉദ്യോഗം എന്ന് തിരിച്ചറിഞ്ഞ അയാള്‍ ദുഃഖത്തോടെ പറഞ്ഞു.''- ചീഫ് സെക്രട്ടറി ആയി സ്ഥാനമേറ്റ ഡോ. വി വേണുവിനെക്കുറിച്ചുള്ള കുറിപ്പില്‍ എഴുത്തുകാരി ഇന്ദു മേനോന്‍ ഓര്‍ത്തെടുക്കുന്ന രസകരമായ സന്ദര്‍ഭമാണിത്. വി വേണുവിന്റെ നാട്, നാട്ടുകാരുമായുള്ള ബന്ധം, പഠനം എന്നിവയൊക്കെ സ്‌നേഹത്തോടെയും അടുപ്പത്തോടെയും പരാമര്‍ശിക്കുന്ന ഇന്ദു മേനോന്റെ കുറിപ്പു വായിക്കാം:

പ്രസവ കേസുകൾ കൈകാര്യം ചെയ്യുവാൻ അത്യാവശ്യം മിടുക്കുള്ള ചെറുപ്പക്കാരനായ ഡോക്ടർ നാട്ടിലെ പ്രശസ്തമായ ആശുപത്രിയിൽ ആർഎംഒ ആയി ചാർജ് എടുത്തപ്പോൾ, ഞങ്ങളുടെ നാട്ടിൽ എല്ലാവർക്കും അത് സന്തോഷം ഉണ്ടാക്കി. ഞങ്ങടെ ഗ്രാമത്തിലെ സ്ത്രീകൾക്ക് സിനിമാനടൻ വിനീതിന്റെ വിദൂരച്ഛായയുള്ള ആ ചെറുപ്പക്കാരൻ ഡോക്ടറെ വളരെ ഇഷ്ടമായിരുന്നു.

"ഹേയ് ഈ ബാല്യക്കാരനോ മാണോ ?" എന്ന് യാഥാസ്ഥിതികരായ ആളുകൾ ഒന്നും മടിക്കുമ്പോൾ ,

"അത് മെഡിക്കൽ കോളേജിലെ ബലിയ സീനത്ത് ഡോട്ടറെ മോനാണ് " എന്ന് അഭിമാനപ്പെട്ടു.

(സീനത്ത് ഡോക്ടർ എൻറെ അമ്മുവിൻറെ ഭാഷയിൽ പറഞ്ഞാൽ ഏതോ പ്രശസ്തയായ ഗൈനക്കോളജി HODയാണ്. ഏറനാട്ടുകാർ പൊതുവേ മറ്റു ആശുപത്രികളിൽ ചേർന്ന് ഞമ്മക്ക് ഇബ്ട്ത്തെ സീനത്ത് ഡോട്ടറെ കാണണം എന്ന് പറഞ്ഞാൽ ഗൈനക്കോളജിസ്റ്റിനെ കാണണം എന്നാണ് അർത്ഥം ) .

എന്തായാലും ആർഎംഒ രാമനാട്ടുകരയിലെ വൈദ്യരങ്ങാടിയിലെയും മാത്രമല്ല പേങ്ങാട്ട് പെരിങ്ങാവ് അങ്ങാടിയിലെ വരെ എല്ലാ ദേശങ്ങളിലും ആളുകൾക്ക് പ്രിയങ്കരനായി.കൈപ്പുണ്യം, തെളിഞ്ഞ പുഞ്ചിരി , സ്നേഹമസൃണമായ പെരുമാറ്റം കർക്കശ മുഖക്കാരായ പതിവ് ഡോക്ടർമാരിൽ നിന്നെല്ലാം ഈ ചെറുപ്പക്കാരൻ വിഭിന്നനായിരുന്നു.തെളിഞ്ഞ സൗഹാർദ്ദത്തോടുകൂടിയുള്ള പെരുമാറ്റം നാട്ടുകാർക്കിടയിൽ അദ്ദേഹത്തെ ഏറെ പ്രിയങ്കരനാക്കി.

ഒരുപക്ഷേ പരീക്ഷയെഴുതി "കളട്ടർ " ആയില്ലായിരുന്നുവെങ്കിൽ അദ്ദേഹം തിരുനെല്ലിയിലെയോ അട്ടപ്പാടിയിലെ യോ ചൊക്രമുടികുടിയിലെയോ ഗോത്ര ഗ്രാമങ്ങളിൽ ഗോത്രാംഗങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഡോക്ടർ ആയി അദ്ദേഹം ജീവിച്ചേനെ . ഗോത്രവർഗ്ഗക്കാർ കൊടുക്കുന്ന ചൊപ്പുകളും പറണ്ട കായും ചളിർപ്പഴങ്ങളും ബൊണ്ണിക്കിഴങ്ങും ഫീസായി വാങ്ങി അദ്ദേഹം സുസുന്ദരമായി ജീവിച്ചേനെ .

എന്നാൽ കാലം രാമനാട്ടുകരയ്ക്ക് , കോഴിക്കോടിന് കാത്തുവെച്ചത് അങ്ങനെ ആയിരുന്നില്ല.ഡൽഹിയിൽ പഠിക്കാൻ പോകുവാനായി അദ്ദേഹം തീരുമാനിച്ചു. പോകുമ്പോൾ കുറിക്കല്ല്യാണം നടത്തിയാണ് അദ്ദേഹം പോയത്.ഒരുപക്ഷേ പണപ്പയറ്റും കുറിക്കല്ല്യാണവും നടത്തി വീട്ടിലെ പെൺമക്കളുടെ കല്യാണം നടത്തുന്ന പതിവ് കോഴിക്കോടൻ ശൈലിയിൽ നിന്നും വിഭിന്നമായി കുറിക്കല്ല്യാണം നടത്തി കളട്ടറാവാൻ ഒരാൾ പുറപ്പെട്ടു പോയി.

തമാശ എന്താണെന്ന് വെച്ചാൽ കുറി കല്യാണത്തോടെ കൂടി തന്നെ മ്പളെ ബേണു കളട്ടറായി എന്ന് അങ്ങാടിയിൽ വ്യാപക പ്രചരണം നടന്നു എന്നുള്ളതാണ്.

നാട്ടിലെ ഡോക്ടർ കളക്ടറായി കഴിഞ്ഞു എന്ന് വിവരം നാടോട്ടുക്ക് പരന്നു.

ഡൽഹിയിലേക്കുള്ള ട്രെയിൻ പിടിക്കാനായി റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന അദ്ദേഹത്തിന് പൂമാലയും നോട്ട് മാലയും അണിയിച്ച് ഞമ്മൾ അങ്ങാടിക്കാർ യാത്രയയപ്പ് നൽകി.പരീക്ഷയ്ക്ക് കോച്ചിങ്ങിന് പോകുന്നതിനു മുമ്പ് തന്നെ ഞങ്ങളുടെ ബേണ്വേട്ടൻ കളക്ടർ ആയി കഴിഞ്ഞിരുന്നു.

സദാ ഫുട്ബോൾ കളിക്കുന്ന, ക്വിസ് മത്സരങ്ങളിൽ എപ്പോഴും സമ്മാനം വാങ്ങുന്ന, കേന്ദ്രീയ വിദ്യാലയത്തിലെയും മലബാർ ക്രിസ്ത്യൻ കോളേജിലെ മെഡിക്കൽ കോളേജിലെയും ഏറ്റവും കുരുത്തംകെട്ട നാടകക്കാരൻ കുട്ടി മലബാർ ക്രിസ്ത്യൻ കോളേജിൽ ഹിസ്റ്ററി പ്രൊഫസർ ആവുകയോ തനിക്ക് പ്രിയപ്പെട്ട നാടകങ്ങളിൽ പൂർണമായി അഭിനയിച്ച് ജീവിക്കുകയോ ഉണ്ടായില്ല. എന്തിന് അയാൾ പഠിച്ച എംബിബിഎസ് പോലും ജോലിക്ക് അയാൾക്ക് ഉപയോഗിക്കേണ്ടി വന്നില്ല.

ഭൂമിയോളം താഴ്മയുള്ള, പക്വമായി മാത്രം വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന, മനുഷ്യരെ ജഡ്ജ് ചെയ്യാത്ത , ആരെയും മുറിപ്പെടുത്തി കൊണ്ടോ കുറ്റപ്പെടുത്തി കൊണ്ടോ സംസാരിക്കാത്ത, ഒരു പക്ഷവും പിടിക്കാത്ത, തെളിഞ്ഞ രാഷ്ട്രീയ കൃത്യതയും ശരിയും ജീവിതത്തിലെ ഓരോ പ്രവർത്തിയിലും സൂക്ഷിക്കുന്ന ഡോക്ടർ വേണു പിന്നീട് ഞാൻ ജോലി ചെയ്യുന്ന വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി വന്നു. ഒരുപക്ഷേ ടൂറിസം പോലെ തിളക്കമാർന്ന വകുപ്പുകളിൽ എത്ര ജോലി വേണമെങ്കിലും കിട്ടാവുന്ന ഒരു സെക്രട്ടറി, എനിക്ക് പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് നൽകണമെന്ന് അങ്ങോട്ട് അഭ്യർത്ഥിക്കുന്നത് കേരളത്തിൻറെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും.ഞങ്ങളുടെ പ്രിയപ്പെട്ട പോൾ ആന്റണി സാറിന് ശേഷം ഏറ്റവും മികച്ച പ്രിൻസിപ്പൽ സെക്രട്ടറി ആവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

മോഡൽ റസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾക്ക് എല്ലാം ലഭിക്കുന്നുണ്ട് എങ്കിലും ജെട്ടികൾ ലഭിക്കുന്നില്ല /അടിയുടുപ്പുകൾ ലഭിക്കുന്നില്ല എന്ന വിവരം കേൾക്കുന്നവർക്ക് നിസ്സാരവും തമാശയുമാണ്. എന്നാൽ മഴക്കാലത്ത് ഈ ദുർവിധി അനുഭവിക്കുന്ന കുട്ടികൾക്ക് ഇത് പീഡകരവുമാണ്.

ഈ പ്രശനത്തെ ഒരു പ്രിൻസിപ്പൽ സെക്രട്ടറിയോട് പറയാൻ തന്നെ പലപ്പോഴും വിഷമമായിരിക്കും. ഈ വിവരം എഴുതി കടലാസ് കൊടുത്തപ്പോഴേക്കും മീറ്റിംഗിൽ അദ്ദേഹം തന്നെ കുട്ടികൾക്ക് ജട്ടികൾ കൊടുക്കുന്നില്ലേ എന്ന് ചോദിച്ചു.

ഉദ്യോഗസ്ഥരിൽ പലരും ഞെട്ടലോടെ തലയുയർത്തി നോക്കി. എന്താണ് തങ്ങളുടെ പ്രിയ സെക്രട്ടറി പറഞ്ഞത് ജപ്തിയുടെ കാര്യമാണോ എന്ന് അവർ ആകുലത പൂണ്ടു . ജട്ടി എന്ന പദം ദഹിക്കാൻ പ്രയാസമായിരുന്നു.

" ജട്ടി ജട്ടി " എന്ന് വ്യക്തമായും ശക്തമായും പറയുകയും ആ വിഷയത്തെ പരിഹരിക്കുകയും ചെയ്തു.

നാം എത്ര ചെറുതെന്നും നിസാരമെന്നും കരുതുന്ന ചെറിയ കാര്യങ്ങൾ പോലും അതിൻറെ സത്യത്തോടുകൂടി അവതരിപ്പിച്ചു കഴിഞ്ഞാൽ അതിനൊരു പരിഹാരം ഉണ്ടായിരിക്കും. അതാണ് ഔദ്യോഗികമായിട്ടുള്ള അദ്ദേഹത്തിൻറെ ശൈലി.മുഖം നോക്കാതെ ശരിയുടെ പക്ഷത്ത് നിൽക്കും.

ജീവിതത്തിൽ ഒരു ക്ലാസിൽ പോലും ഒരക്ഷരം മലയാളം പഠിക്കാത്ത ഒരാൾ എങ്ങനെയാണ് ഇത്ര മനോഹരമായി മലയാളത്തിൽ എഴുതുന്നത് എന്ന് പലരും അത്ഭുതം പൂണ്ട് കണ്ടിട്ടുണ്ട്.സന്മാർഗദർശിനി വായനശാലയിലെ എല്ലാ പുസ്തകങ്ങളെയും വായിച്ച ഒരേ ഒരാൾ എന്ന് ചെറുപ്പത്തിൽ ഞങ്ങളെല്ലാം വിശ്വസിച്ച വേണുവേട്ടന് മലയാളം ഒരു പ്രശ്നമല്ല. ഇംഗ്ലീഷ് , ഹിന്ദി. സംസ്കൃതം വളരെ മനോഹരമായി കൈകാര്യം ചെയ്യുമ്പോൾ തന്നെ മലയാളത്തിൽ ഫയൽ ഏറ്റവും സ്നേഹത്തോടെ ഏറ്റവും ഇഷ്ടത്തോടെ കൈകാര്യം ചെയ്യുന്ന ഒരു ഐഎഎസ് കാരൻ എന്ന നിലയിൽ അദ്ദേഹം ജനങ്ങളിലേക്കുള്ള സുഗമമായ ഒരു വഴി വെട്ടി തുറക്കുകയാണ് ചെയ്തത്.ജനങ്ങൾക്കും അങ്ങനെ തന്നെയാണ്.ഏതു മനുഷ്യർക്കും ഏത് സമയവും ആക്സസ് ചെയ്യാവുന്ന ഒരു ഡൗൺ ടു എർത്ത് മലയാളമാൻ എന്നതായിരുന്നു അദ്ദേഹത്തിൻറെ സവിശേഷത.

രണ്ടുതവണ രണ്ടു വ്യത്യസ്ത പ്രധാനമന്ത്രിമാർ പുറത്താക്കിയ ഏക ഐഎഎസ് കാരൻ എന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തം .

സെവൻത് കോഴ്സ് ഡിന്നറും അയമൂന്റെ ചായ പീടികയിൽ നിന്ന് മത്തി മൊളുട്ടതും പോത്തുകറിയും ഒരേപോലെ ആസ്വദിക്കുന്ന അദ്ദേഹത്തിൻറെ ഈ സെൻസിബിലിറ്റി ഒരേസമയം സാധാരണക്കാരന്, ജനങ്ങൾക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്ന നിസ്വനാണ് താനെന്ന് ഒരു പ്രസ്താവന കൂടിയാണ്.

ഒരുപക്ഷേ മറ്റൊരു ചീഫ് സെക്രട്ടറി ചുമതല എടുക്കുമ്പോഴും ഇത്രമേൽ വ്യത്യസ്തമായ പോസ്റ്റുകൾ കൊണ്ട് ഫീഡ് നിറഞ്ഞതായി ഞാൻ കണ്ടിട്ടില്ല.നാടകക്കാരനായും ഡോക്ടറായും ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ മ്യൂസിയം വ്യക്തി ആയും വിനോദസഞ്ചാര മേഖലയിലെ മിടുക്കനായ ഓഫീസർ ആയും സിനിമാക്കാരനായും വ്യത്യസ്ത മേഖലകളിൽ തന്റെ മികവ് പുലർത്തിയ ഡോക്ടർ വേണു വി ഐ എ എസ് എന്ന പേര് നമുക്കൊരിക്കലും ഒരു ശിലാഫലകത്തിലും കാണാൻ സാധിക്കുകയില്ല.കെട്ടിടം അനാച്ഛാദനം ചെയ്തതായോ ഒരു പദ്ധതി തുടങ്ങിയതായോ കാണുകയില്ല. തുടങ്ങിയവ പോലും പണി എടുത്തിട്ടില്ലെങ്കിലും തൻറെ പേര് തങ്കലിപികളിൽ എഴുതി വയ്ക്കുക മാത്രം ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും വ്യത്യസ്തമായി എവിടെയും പേര് എഴുതാതെ അനേക പദ്ധതികളും പ്രവർത്തികളും അദ്ദേഹം പൂർത്തിയാക്കി. നിന്റെയും ക്രെഡിറ്റ് അദ്ദേഹം എടുത്തതായി അറിവില്ല.

പക്ഷേ ഒരിക്കൽ കുഞ്ഞൂട്ടൻ തങ്കലിപികളിൽ അദ്ദേഹത്തിൻറെ പേര് കൊത്തിവെച്ചത് കണ്ടുപിടിക്കുക തന്നെ ചെയ്തു.

അത് മൃഗശാലയ്ക്കുള്ളിലെ ഏറ്റവും തിരക്കേറിയ പൊതുകക്കൂസ് പുരയ്ക്ക് മുകളിലായിരുന്നു.

"അമ്മ വേണു വല്യച്ഛന്റെ പേര് "അവൻ അഭിമാനത്തോടെ ചൂണ്ടിക്കാണിച്ചു.

വേറെ ഓഫീസർമാർ പൊതു കക്കൂസ് പുരയിൽ തന്റെ പേര് വെച്ചത് അപമാനകരമാണ് എന്ന് വിശ്വസിക്കുന്ന, ഒരു ഗർവിന്റെ ലോകത്ത് മനുഷ്യരുടെ ആവശ്യങ്ങൾക്കായി തന്റെ സമയവും പദവിയും ഉപയോഗിക്കും എന്ന് ജാഗ്രത്തായ ഒരു മനുഷ്യൻറെ പേര് പ്രൈമറി ഹെൽത്ത് സെൻററുകളിലും പൊതു ശൗചാലയങ്ങളിലും സർക്കാർ സ്കൂളുകളിലും സാധാരണയിൽ സാധാരണക്കാരായ മനുഷ്യരുടെ പൊതുജനങ്ങളുടെ ആവശ്യം നിവർത്തിച്ച് ഇടങ്ങളിലും മാത്രം കാണുന്നു എന്നുള്ളത് എത്ര സ്വാഭാവികവും ആഹ്ലാദകരവുമാണ്.

ഒരിക്കൽ നിലമ്പൂർ ഉള്ള ഉൾക്കാട്ടിലെ കാട്ടുനായ്ക്കന്മാർക്ക് അവരുടെ തേൻ ശേഖരിക്കുവാൻ പണം ആവശ്യമെന്ന് , പദ്ധതി ആവശ്യമെന്ന് പറഞ്ഞ് വന്നപ്പോൾ പെട്ടെന്നുള്ള പ്രതിസന്ധി പരിഹരിക്കുവാൻ തേൻ ശേഖരണത്തിനായി സ്വന്തം കയ്യിൽ നിന്നും പണം എടുത്ത് അദ്ദേഹം കൊടുത്തു.വർഷങ്ങളായി അവർക്ക് പണം കൊടുത്തു കൊണ്ടിരിക്കുന്നു ...ഒരു ഉദ്യോഗസ്ഥനും ഒക്കെ അപ്പുറത്ത് ഒരു മനുഷ്യനായുള്ള ഇടപെടൽ...

ഒരിക്കൽ ഒരു മീറ്റിങ്ങിൽ വെച്ച് എല്ലാവരുടെയും പൊതുസുഹൃത്തായ ഒരു ഗംഗേട്ടൻ വളരെ ദുഃഖത്തോടെ അടുത്തുവന്നു വേണുവേട്ടന്റെ കൈകൾ കൈപിടിച്ചു. അദ്ദേഹമെന്ന് റവന്യൂ സെക്രട്ടറിയായിരിക്കുന്ന സമയമാണ്.

" എന്താണ് വേണ്വോ അന്ന മാത്രം കളക്ടർ ആക്കാത്തത് ? "

കോഴിക്കോട് കലക്ടർ ബ്രോ, പ്രശാന്ത് ഐഎഎസ് തിളങ്ങുന്ന സമയമാണ് എന്ന് ഓർക്കണം.

"എന്നെ ആരും ആക്കുന്നില്ല ഗംഗേട്ടാ " എന്ന് വേണുവേട്ടൻ ചിരിയോടെ പറഞ്ഞു.

"ഇത് അന്യായമാണ് എന്ന് എനിക്ക് പറയാനുള്ളൂ. നിങ്ങളെപ്പോലെയുള്ള നല്ല ഓഫീസർമാരെ ഒക്കെ റവന്യൂ സെക്രട്ടറിയാക്കി ഇരുത്തിയിട്ട് പുതിയ ആൾക്കാരെ കളക്ടർ ആയിരിക്കുന്നു "

കളക്ടർ ഉദ്യോഗമാണ് ലോകത്തിലെ ഏറ്റവും വലിയ ഉദ്യോഗം എന്ന് തിരിച്ചറിഞ്ഞ അയാൾ ദുഃഖത്തോടെ പറഞ്ഞു.

ഗംഗേട്ടൻ അറിയുന്നുണ്ടായിരിക്കുമോ

ഗർവില്ലാത്ത, ഗമയില്ലാത്ത, സഹ ജീവികളെ എൻറെ മനുഷ്യർ എന്ന് ആത്മാവ് കൊണ്ട് ഹൃദയംകൊണ്ടും യഥാർത്ഥമായും സ്നേഹിക്കുന്ന ഒരാൾ അങ്ങനെ കേരളത്തിന്റെ ചീഫ് സെക്രട്ടറിയായിരിക്കുന്നുവെന്ന് …

ഇനി നിലമ്പൂരിൽ നിന്നുള്ള കാട്ടുനായ്ക്കനും ചോലനായ്ക്കനും അവരുടെ പ്രശ്നങ്ങൾ ഇടനിലക്കാരില്ലാതെ വലിയ സാറിനോട് പറയുമെന്ന് ...

ഫെയ്‌സ്ബുക്കില്‍ എഴുതിയത് 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com